CrimeNEWS

അഞ്ച് ദിവസം നീണ്ട ആസൂത്രണം; മീററ്റില്‍ ഭാര്യയും മകളും ‘കാമുകന്‍മാരും’ ചേര്‍ന്ന് കര്‍ഷകനെ കൊലപ്പെടുത്തി

ലഖ്‌നൗ: മീററ്റില്‍ ഭാര്യയും മകളും അവരുടെ കാമുകന്‍മാരും ചേര്‍ന്ന് കര്‍ഷകനെ കൊലപ്പെടുത്തി. 45 കാരനായ സുഭാഷ് ഉപാധ്യായ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണ്‍ 23ന് സുഭാഷിനെ പിന്‍ഭാഗത്ത് വെടിയേറ്റ നിലയില്‍ വയലില്‍ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. സുഭാഷിന്റെ മരണത്തിന് മുമ്പ് പൊലീസിന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.

ജൂലൈ 6 ന് സുഭാഷിന്റെ ഭാര്യ കവിത, മകള്‍ സോനം, അവരുടെ കാമുകന്‍മാരായ ഗുല്‍സാര്‍, വിപിന്‍ സിംഗ്, കൂട്ടാളിയായ ശുഭം കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാനി ഖുര്‍ദിലെ ഭൂപ്ഗരി ഗ്രാമത്തിലാണ് സുഭാഷ് ഭാര്യ കവിതയ്ക്കും നാല് കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകള്‍ വിവാഹിതയാണ്. രണ്ടാമത്തെ മകള്‍ സോനം, മീററ്റിലെ കനോഹര്‍ ലാല്‍ പിജി കോളജില്‍ ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്; രണ്ട് ആണ്‍മക്കള്‍ ഒരാള്‍ 10-ാം ക്ലാസിലും മറ്റൊരാള്‍ 11-ാം ക്ലാസിലും പഠിക്കുന്നു.

Signature-ad

ബ്രഹ്‌മപുരിയില്‍ നിന്നുള്ള പാല്‍ വില്‍പനക്കാരനായ വിപിനുമായി സോനം ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കോളജിനടുത്തു വച്ചാണ് ഇവര്‍ ആദ്യം കാണുന്നത്. പിന്നീട് ടെലിഗ്രാമിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും കൂടുതല്‍ ശക്തമായി. അതേസമയം, കവിതയ്ക്ക് ഗുല്‍സാര്‍ എന്ന കര്‍ഷകനുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇവരുടെ വീടിനോട് ചേര്‍ന്നായിരുന്നു ഗുല്‍സാറിന്റെ വയലുകള്‍ സ്ഥിതി ചെയ്തിരുന്നത്. വീട്ടുകാര്‍ അറിയാതെയാണ് ഇരുവരും ഈ ബന്ധങ്ങള്‍ കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നത്. സോനം തന്റെ അമ്മയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ചതോടെ വിപിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. തുടര്‍ന്ന് അമ്മയും മകളും ചേര്‍ന്ന് സുഭാഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.ഇത് ഇരുവരുടെയും കാമുകന്‍മാരോട് വെളിപ്പെടുത്തുകയും ചെയ്തു. വിപിന്‍ തന്റെ സുഹൃത്ത് അജ്ഗറുമായി ബന്ധപ്പെട്ട് ശേഷം അഞ്ച് പേരും ചേര്‍ന്ന് അഞ്ച് ദിവസം കൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

സംഭവദിവസം വയലുകള്‍ നനയ്ക്കാനായി സുഭാഷ് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ കവിതയും സോനവും ഉടന്‍ തന്നെ വാട്ട്സ്ആപ്പ് കോള്‍ വഴി തങ്ങളുടെ കാമുകന്മാരെ അറിയിച്ചു.വിപിന്‍ ഒരു നാടന്‍ തോക്ക് ഐഗറിന് നല്‍കിയ ശേഷം ഇരുവരും വയലിനടുത്തേക്ക് പോയി. അവിടെ വെച്ച് ഐഗര്‍ സുഭാഷിനെ പിന്നില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഓടി രക്ഷപ്പെടുകയും ആയുധം ഒളിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സുഭാഷിന്റെ മരണശേഷം കവിത ഒന്നുമറിയാത്തതു പോലെ ഒരു വിധവയുടെ വേഷമണിഞ്ഞു. സോനം മരിച്ചുപോയ പിതാവിനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞു. ഗുല്‍സാര്‍ അവരുടെ വീട് സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ അഭിനയം കൊണ്ട് കേസ് ഇല്ലാതാകുമെന്നായിരുന്നു പ്രതികളുടെ വിചാരം.

അതേസമയം, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം കോളുകള്‍ വഴി നിരന്തരം ബന്ധം പുലര്‍ത്തി – അന്വേഷണത്തിലെ പുരോഗതി ചര്‍ച്ച ചെയ്യുകയും പൊലീസ് അപ്ഡേറ്റുകള്‍ പങ്കിടുകയും ചെയ്തു.’എല്ലാം കഴിഞ്ഞു. ഇപ്പോള്‍ വിഷമിക്കേണ്ട’ എന്ന് വിപിന്‍ സോനത്തോട് പറയുന്നതും ‘ഞാന്‍ പപ്പയോട് തെറ്റ് ചെയ്തു’ എന്ന് സോനം മറുപടി പറയുന്നതും പോലുള്ള സന്ദേശങ്ങള്‍ അടങ്ങിയ ചാറ്റ് ലോഗുകള്‍ പൊലീസ് കണ്ടെത്തി. ‘വിഷമിക്കേണ്ട… ഞാന്‍ ഇവിടെയുണ്ട്.’ എന്ന് വിപിന്‍ മറുപടി പറയുന്നുമുണ്ട്.

നാല് ടീമുകള്‍ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കവിതയും ഗുല്‍സാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികള്‍ തമ്മിലുള്ള ആശയവിനിമയങ്ങളും പൊലീസ് നിരീക്ഷിച്ചിരുന്നു. കൊലപാതകം നടന്ന സമയത്ത് വിപിനും ഐഗറും കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തായിരുന്നുവെന്ന് ലൊക്കേഷന്‍ ഡാറ്റയില്‍ നിന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍, അവര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരുകളും വെളിപ്പെടുത്തി.കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും അഞ്ചുപേരെയും ജയിലിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.

 

Back to top button
error: