Breaking NewsIndiaLead NewsNEWS

കടലൂരിലേത് വിളിച്ചു വരുത്തിയ ദുരന്തം? ഡ്രൈവര്‍ നിര്‍ബന്ധിച്ച് ജീവനക്കാരനെക്കൊണ്ട് ഗേറ്റ് തുറപ്പിച്ചു; വളവില്‍ പാഞ്ഞെത്തിയ ട്രെയിന്‍ സ്‌കൂള്‍ ബസിലേക്ക് പാഞ്ഞുകയറി

ചെന്നൈ: അടഞ്ഞു കിടന്ന റെയില്‍വേ ഗേറ്റ് തുറക്കാന്‍ ഗേറ്റ് കീപ്പറെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചതാണ് കടലൂരിലെ ട്രെയിന്‍ അപകടത്തിലേക്ക് നയിച്ചതെന്ന് റെയില്‍വേ. ട്രെയിന്‍ സ്‌കൂള്‍ വാനിലിടിച്ച് വിദ്യാര്‍ഥികളായ നിമിലേഷ് (12), ചാരുമതി (16) എന്നിവരാണ് മരിച്ചത്. രാവിലെ 7.45 നായിരുന്നു അപകടം. ഗേറ്റ് കീപ്പര്‍ പങ്കജ് കുമാറിനെ ദക്ഷിണ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും റെയില്‍വേയും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

കടലൂരിലെ റെയില്‍വേ ഗേറ്റിലൂടെയാണ് സ്വകാര്യ സ്‌കൂള്‍ ബസ് പതിവായി കടന്നു പോകുന്നത്. രാവിലെ ബസ് എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. വില്ലുപുരംമയിലാടുതുറൈ പാസഞ്ചര്‍ ട്രെയിന്‍ താമസിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ ജീവനക്കാരനെ നിര്‍ബന്ധിച്ചതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഗേറ്റ് തുറന്ന് ബസ് കടന്നു പോകുമ്പോഴായിരുന്നു അപകടം. റെയില്‍വേ ഗേറ്റ് കടന്നു പോകാന്‍ ആ സമയം സ്‌കൂള്‍ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത് വളവായതിനാല്‍ ട്രെയിന്‍ വരുന്നത് ഡ്രൈവര്‍ കണ്ടില്ല.

Signature-ad

ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും റെയില്‍വേ ജീവനക്കാരും എത്തി പരുക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഒരാള്‍ക്ക് പൊട്ടിക്കിടന്ന റെയില്‍വേ ലൈനില്‍നിന്ന് ഷോക്കേറ്റു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാന്‍ ഡ്രൈവര്‍ നിര്‍ബന്ധിച്ചാലും ഗേറ്റ് കീപ്പര്‍ ഗേറ്റ് തുറക്കാന്‍ ചട്ടപ്രകാരം പാടില്ലായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഗേറ്റ് കീപ്പര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായാണ് കണ്ടെത്തല്‍.

സംഭവത്തില്‍ റെയില്‍വേ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവരെ റെയില്‍വേ ഡോക്ടര്‍മാരും പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇവരെ പുതുച്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 2.5 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും റെയില്‍വേ നല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാരും പ്രഖ്യാപിച്ചു.

 

Back to top button
error: