ബിജെപിക്കെങ്ങിനെ വോട്ടു കുറഞ്ഞു; സിറ്റിംഗ് സീറ്റുകള്‍ പോയതെങ്ങിനെ; രാജീവ് ചന്ദ്രശേഖര്‍ അന്വേഷണത്തിനിറങ്ങുന്നു; കടുത്ത അതൃപ്തിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; കൊട്ടിഘോഷിച്ച തൃശൂര്‍ കോര്‍പറേഷനില്‍ രണ്ടക്കം തികയ്ക്കാനായില്ല; ക്രൈസ്തവ വോട്ടുകള്‍ കിട്ടിയില്ല; പാലക്കാടും വലിയ മെച്ചമുണ്ടായില്ല; അടിയൊഴുക്കുണ്ടായോ എന്ന് പരിശോധിക്കും; ശബരിമല സ്വര്‍ണക്കവര്‍ച്ച ഫലപ്രദമായി വിനിയോഗിക്കാനായില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര വോട്ടും സീറ്റും ബിജെപിക്ക് നേടാനാകാതെ പോയതില്‍ സംസ്ഥാന അധ്യക്ഷന് കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ അടിയൊഴുക്കുണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരുന്നത് ശരിയായോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം കരുതുന്നത്.
ബിജെപിക്കെങ്ങിനെ വോട്ടുകള്‍ കുറഞ്ഞുവെന്നതും സിറ്റിംഗ് സീറ്റുകള്‍ എങ്ങനെ നഷ്ടമായെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒരുങ്ങുന്നതായാണ് സൂചന.
ഏറ്റവും മികച്ച രീതിയില്‍ വീടുവീടാന്തരം നടത്തിയ പ്രചരണതന്ത്രം ഫലപ്രദമായില്ലെന്ന വിലയിരുത്തലാണ് രാജീവിനുള്ളത്. രാജീവിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം താഴേത്തട്ടില്‍ ബിജെപി നടത്തിയ പ്രചരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വിചാരിച്ചത്ര വോട്ടുകള്‍ ബിജെപി അക്കൗണ്ടി്ല്‍ വന്നില്ല.

സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നത് ബിജെപിക്ക് കനത്ത തിരച്ചടിയാായി. ഇതെന്തുകൊണ്ടു സംഭവിച്ചുവെന്നതിനെക്കുറിച്ച് വിശദമായി തന്നെ അന്വേഷിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചിരിക്കുന്നത്.
സിറ്റിംഗ് സീറ്റുകൡലുണ്ടായിരുന്നവര്‍ കാഴ്ചവെച്ച മോശം പെര്‍ഫോമെന്‍സാണ് തിരിച്ചടിയായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ ജനം ജയിപ്പിച്ചുവിട്ടവര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും ജനകീയ വിഷയങ്ങളില്‍ ഇടപെടാതെ അലംഭാവം കാണിച്ചതും സിറ്റിംഗ് സീറ്റ് കൈവിട്ടുപോകാന്‍ കാരണമായതായാണ് വിലയിരുത്തല്‍.
തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാനായെങ്കിലും ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ തൃശൂര്‍ കോര്‍പറേഷനില്‍ രണ്ടക്കം തികയ്ക്കാന്‍ സാധിക്കാതെ പോയതില്‍ രാജീവ് ഏറെ നിരാശനാണ്. ആറ് സീറ്റില്‍ നിന്ന് എട്ടുസീറ്റ് മാത്രമാണ് തൃശൂരില്‍ ബിജെപിക്ക് ഇക്കുറി നേടാനായത്. സിറ്റിംഗ് സീറ്റ് നഷ്ടമാവുകയും ചെയ്തു.
സുരേഷ്‌ഗോപിയുടെ സ്ഥലമെന്ന പ്രത്യേകത കൂടി ഉണ്ടായിട്ടും തൃശൂര്‍ കോര്‍പറേഷനില്‍ ശ്രദ്ധേയമോ വാശിയേറിയ മത്സരമോ ബിജെപിക്ക് നടത്താന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. തൃശൂരില്‍ ബിജെപിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയുടെ താരവ്യക്തി പ്രഭാവത്താലാണ് ഇത്രയേറെ ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും അതൊരിക്കലും ബിജെപിയുടെ നേട്ടമല്ലെന്നും പറയുന്നവരുടെ വാദം ശരിയാണെന്ന തരത്തിലായി തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടു കണക്കുവെച്ചായിരുന്നു തൃശൂര്‍ കോര്‍പറേഷനില്‍ ബിജപി 20നു മുകളില്‍ സീറ്റുകിട്ടുമെന്ന് പ്രതീക്ഷിച്ച് പറഞ്ഞുകൊണ്ടിരുന്നത്.
ലോക്സഭാ തെരഞ്ഞടുപ്പിലെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് ശതമാനം കുറഞ്ഞതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം 20 ആയിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് രണ്ട് ശതമാനം കുറഞ്ഞ് പതിനെട്ടായി. ഇതിന് പുറമേ കയ്യിലുണ്ടായിരുന്ന അറുന്നൂറ് വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടമായിട്ടുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എല്‍ഡിഎഫ് രണ്ടും യുഡിഎഫ് മൂന്നും സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷനുകളിലും ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചു. പലയിടങ്ങളിലും ബിജെപിക്ക് വോട്ട് ശതമാനം കൂടി. എന്നാല്‍ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മുന്നേറാനാകാത്തത് തിരിച്ചടിയായാണ് പാര്‍ട്ടിയും അധ്യക്ഷനും വലിയിരുത്തപ്പെടുന്നത്. തൃശൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ ലഭിച്ചില്ലെന്നും വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിലെ തിരിച്ചടി പാര്‍ട്ടി വിശദമായി പരിശോധിക്കുന്നതായാണ് സൂചന.

അറുന്നൂറോളം വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടമായിട്ടുണ്ട്. പുതിയത് നേടാനുള്ള നെട്ടോട്ടത്തിനിടെ കയ്യിലുണ്ടായിരുന്നത് പോകാതിരിക്കാനുള്ള ഇടപെടലുകള്‍ നടന്നിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2000ത്തോളം വാര്‍ഡുകളില്‍ ജയിച്ചപ്പോഴും 1500ലേറെ സീറ്റുകള്‍ ചെറിയ വോട്ടിന് നഷ്ടമായി. ഇതെല്ലാം കൂടി 4000 സീറ്റുകള്‍ ലഭിക്കേണ്ടതായിരുന്നു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പല വിഷയങ്ങളും ആളിക്കത്തിച്ച് വോട്ടാക്കി മാറ്റാന്‍ ബിജെപിക്കായില്ല എന്ന വിമര്‍ശനവും ശക്തമാണ്. ശബരിമല സ്വര്‍ണപ്പാളി വിഷയം വലിയ വലിയ ചര്‍ച്ചയായെങ്കിലും അത് ബിജെപിക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയത് ചൂണ്ടിക്കാണിച്ചാണ് ബിജെപിക്കകത്ത് ഈ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ശബരിമല വാര്‍ഡിലും എല്‍ഡിഎഫാണ് ജയിച്ചത്. ഭരണത്തിലിരുന്ന പന്തളം നഗരസഭയിലും ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇത്തവണ ബിജെപിക്ക് ഭരണം നഷ്ടമായി. എല്‍ഡിഎഫ് 14 സീറ്റുകള്‍ നേടി ഭരണം പിടിച്ചപ്പോള്‍ യുഡിഎഫ് പതിനൊന്ന് സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ പതിനെട്ട് സീറ്റുകളില്‍ ജയിച്ച ബിജെപി ഇത്തവണ ഒന്‍പത് സീറ്റുകളില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്.
പാലക്കാട് നഗരസഭയില്‍ ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യംവെച്ച ബിജെപിക്ക് ചെറുതായൊന്ന് അടിപതറിയിരുന്നു. വിജയിച്ചെങ്കിലും ഇത്തവണ കേവലഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം അടക്കമുണ്ടായിട്ടും അത് പാലക്കാട് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും വിലയിരുത്തലുണ്ട്.
ഭരണം പിടിച്ചെടുക്കലിനേക്കാളും വിജയികളുടെ എണ്ണവും വോട്ടും വര്‍ധിപ്പിക്കുക എന്ന തന്ത്രമാണ് രാജീവ് ചന്ദ്രശേഖര്‍ കേരളമാകെ പ്രയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. പ്രവര്‍ത്തകരെക്കൊണ്ട് സജീവമായി പ്രവര്‍ത്തിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടും തിരിച്ചടി വന്നത് ഗൗരവത്തിലാണ് നേതൃത്വം കാണുന്നത്. പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ വോട്ടുകുറയുന്നതിന് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഏതെങ്കിലും തരത്തില്‍ അത്തരം കളികള്‍ നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനമെന്നാണ് സൂചന.






