തരൂര്‍ തുറന്നടിച്ചു; എന്റെയും രാഹുലിന്റെയും പ്രത്യയശാസ്ത്രം വെവ്വേറെയെന്ന് ശശി തരൂര്‍; ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശശി തരൂര്‍ വീണ്ടും കോണ്‍ഗ്രസിനെതിരെയുള്ള വാക് പോര് ശക്തമാക്കി. ഇത്തവണ മോദി സ്്തുതി വിട്ട് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് തരൂര്‍ എക്‌സില്‍ പോസ്റ്റിട്ടിരിക്കുന്നത്.
തനിക്ക് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള സകല അതൃപ്തിയും ഇഷ്ടക്കേടും പ്രകടമാക്കുന്നതാണ് പോസ്റ്റ്. ദേശീയ നേതൃത്വത്തെ വരെ പരാമര്‍ശിച്ചാണ് പോസ്റ്റ്.
തന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവ്വേറെയാണെന്ന കടുത്ത വിമര്‍ശനവും തരൂര്‍ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ആശയ ധാരകളെ ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടെന്ന് എക്‌സ് പോസ്റ്റില്‍ പറയുന്നു.
ശശി തരൂരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്‌നം അവരുടെ സഹവര്‍ത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല എന്നതാണ് പ്രശ്‌നം- തരൂര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
രണ്ട് ദിവസം മുമ്പ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടിയുടെ സുപ്രധാന യോഗങ്ങളില്‍ നിന്ന് തരൂര്‍ വിട്ടുനില്‍ക്കുന്നത് ആവര്‍ത്തിക്കുന്നതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
കോണ്‍ഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന അവലോകനമാണ് തരൂര്‍ പങ്കുവച്ചത്. കോണ്‍ഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്ന് അവലോകനത്തില്‍ പറയുന്നു.ബദല്‍ നയം ഇല്ലാതെ എതിര്‍പ്പ് മാത്രമായി കോണ്‍ഗ്രസ് മാറുന്നു എന്നും നിരീക്ഷണം ഉണ്ട്. തരൂരിനെ കോണ്‍ഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിലുണ്ട്
പാവങ്ങളുടെ മിശിഹ ആകാന്‍ നോക്കിയ കോണ്‍ഗ്രസ് ബിജെപിക്കു മുന്നില്‍ പരാജയപ്പെട്ടു. നിരീക്ഷണം യാഥാര്‍ത്ഥ്യം എന്നും ചിന്താപരമെന്നും തരൂര്‍ വിലയിരുത്തുന്നു.






