ഈ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷം ഇനിയും തകരും; പിഎം ശ്രീയില്‍ സിപിഐയുടെ പരസ്യ വിമര്‍ശനം മുതല്‍ വെള്ളാപ്പള്ളിവരെ ചര്‍ച്ച; വെള്ളാപ്പള്ളിയുടെ വര്‍ഗീയ വാക്കുകളോടുള്ള മൃദു സമീപനം മുസ്ലിംകളെ അകറ്റി; ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫ് പെട്ടിയില്‍; ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്കും പോയി; മുടങ്ങിയ ‘ലൈഫ്’ വീടുകളും തിരിച്ചടി; തിരുവനന്തപുരത്തെ പരാജയത്തില്‍ ആര്യ രാജേന്ദ്രനും പ്രതിക്കൂട്ടില്‍

കൊച്ചി: ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയുള്ള വിശകലനത്തില്‍ വെള്ളാപ്പള്ള ബന്ധവും വിവിധ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതും. വെള്ളാപ്പള്ളി നടേശനോടുള്ള മൃദു സമീപനത്തിന്റെ പേരില്‍ വടക്കന്‍ കേരളത്തിലെ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ വോട്ടെടുപ്പു നടന്ന ജില്ലാ പഞ്ചായത്തുകളില്‍ വന്‍ തിരിച്ചടി നേരിടാതെ ഇടതുപക്ഷം രക്ഷപ്പെട്ടു.
വെള്ളപ്പള്ളി നടേശനിലൂടെയും അയ്യപ്പ സംഗമത്തിലൂടെയും ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനുള്ള രാഷ്ട്രീയ പദ്ധതി പ്രത്യക്ഷത്തില്‍ ഗുണം ചെയ്തത് ബിജെപിക്കാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒപ്പം ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിംകള്‍ക്കെതിരായ നീക്കമായും പ്രചാരണം നടത്താന്‍ അവര്‍ക്കു കഴിഞ്ഞു. മലപ്പുറത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്ന ഇടത് ഇക്കുറി പാടെ ഒലിച്ചുപോയി. സിപിഎം സ്ഥാനാര്‍ഥികള്‍ ജയിക്കാതിരുന്നപ്പോള്‍ ബിജെപി അവിടെ സീറ്റുകള്‍ നേടി.
മതവോട്ടുകള്‍ കൃത്യമായി വിഭജിച്ചു പെട്ടിയിലാക്കുന്ന രാഷ്ട്രീയ എന്‍ജിനീയറിംഗ് ഇവിടെ വിജയിച്ചു. ബിജെപിക്കു വോട്ടു നല്‍കുന്നതിലൂടെ മലപ്പുറം അടക്കമുള്ള ജില്ലകളില്‍ ഹിന്ദു സമുദായക്കര്‍ കൃത്യമായ സന്ദേശം നല്‍കുകയാണുണ്ടായതെന്നു വ്യക്തം. ഞങ്ങള്‍ ഇവിടെയും ശക്തമാണെന്ന മുന്നറിയിപ്പ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാടെ ഒലിച്ചു പോയതിനുശേഷവും കൃത്യമായ പൊളിറ്റിക്കല്‍ വോട്ടിംഗ് നടന്ന ജില്ലാ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തന്നെയാണെന്നു വിലയിരുത്തുമ്പോഴും ലൈഫ് മിഷന്‍ പോലുള്ള സര്‍ക്കാരിന്റെ മുന്‍നിര ക്ഷേമ പദ്ധതികള്‍ പ്രതിസന്ധിയിലായി. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഒരു വര്‍ഷമായി ആയിരക്കണക്കിന് വീടുകളാണ് മുടങ്ങിക്കിടക്കുന്നത്. സംസ്ഥാന മാച്ചിംഗ് ഫണ്ട് നല്‍കാന്‍ കഴിയാത്തതുകൊണ്ട് കേന്ദ്രവിഹിതം ലഭിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവിടെ നിലനില്‍ക്കുന്നു. നിലവിലുള്ള വീട് പൊളിച്ചതിനു ശേഷം നിര്‍മ്മാണ ആരംഭിച്ച പതിനായിരങ്ങളാണ് ഏതാണ്ട് ഒരു വര്‍ഷമായി സഹായ ധനം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വീടുകള്‍ പൂര്‍ത്തിയാക്കി പുതിയ അപേക്ഷ ക്ഷണിക്കുക കൂടി ചെയ്തിരുന്നു എന്ന് മനസിലാക്കുക. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന എം.എം. ഹസ്സന്റെ പ്രസ്താവന പുതിയതായി വീടിന് അപേക്ഷിച്ച ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് നിരാശരാക്കിയത്.
അങ്ങനെ അപേക്ഷിക്കുകയും വീടുപണി ആരംഭിക്കുകയും ചെയ്ത മനുഷ്യരാണ് ഇന്ന് സഹായധനം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നത് ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. എന്നാല്‍ ആ രാഷ്ട്രീയത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഇടതുപക്ഷം പരാജയപ്പെട്ടു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം കേന്ദ്ര സ്ഥാനത്തു വരാത്തെടത്തോളം കാലം ഈ പ്രതിസന്ധിയെ മുറിച്ചുകിടക്കാന്‍ കഴിയില്ലെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പിഎം ശ്രീ പദ്ധതിയിലൂടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സിപിഐയുടെ നിലപാടുകളും വിമര്‍ശനത്തിനു വിധേയമാകുന്നുണ്ട്. പദ്ധതിയെക്കുറിച്ചു കൃത്യമായി പഠിക്കാതെ അനാവശ്യ ഭീതി വിതയ്ക്കുന്നതില്‍ സിപിഐ നേതാക്കളുടെ അപക്വമായ നിലപാടുകള്‍ കാരണമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പദ്ധതി നടപ്പാക്കിയെന്ന വാദം കൃത്യമായി ഉന്നയിക്കാന്‍ ഇക്കാരണം കൊണ്ടു കഴിയാതെപോയി. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഇതിന്റെ തിരിച്ചടിയുണ്ടാകുമെന്നു വിലയിരുത്തിയ പല രാഷ്ട്രീയ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഇതു കൃത്യമായി എന്നുവേണം വിലയിരുത്താന്‍.
‘നാലരലക്ഷം വീടുവച്ചോ? അതിദാരിദ്ര്യം തുടച്ചുനീക്കിയോ? നഗരസഭകളിലും തദ്ദേശസ്ഥാപനങ്ങളിലും അപേക്ഷ സമര്‍പ്പിച്ചാല്‍ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം പരിഹരിച്ചോ? വികസനാവശ്യത്തിന് സ്ഥലമേറ്റെടുക്കുമ്പോള്‍ സ്ഥലം നഷ്ടമാകുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയോ? അര്‍ഹരായ പരമാവധി ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കിയോ? കിടപ്പുരോഗികള്‍ക്ക് ആശ്വാസമായി വീട്ടില്‍ സര്‍ക്കാരിന്റെ കരങ്ങളെത്തിയോ? ഭൂമിക്കുമേല്‍ കൈവശാവകാശം മാത്രമുണ്ടായിരുന്നവര്‍ക്ക് അതു ക്രയവിക്രയം ചെയ്യാന്‍ പാകത്തിന് പട്ടയം ലഭിച്ചോ? കുട്ടികള്‍ക്ക് സമയത്തിനു പാഠപുസ്തകം ലഭിച്ചോ? സ്‌കൂളില്‍ ആവശ്യത്തിനു സൗകര്യങ്ങളുണ്ടായോ? ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരും സൗകര്യങ്ങളുമുണ്ടായോ? മാലിന്യ സംസ്‌കരണം ഫലപ്രദമായി നടക്കുന്നുണ്ടോ? വലിയ മാലിന്യമലകള്‍ പഴങ്കഥയായോ? പ്ലാസ്റ്റിക്കുകള്‍ അടക്കമുള്ള അജൈവമാലിന്യത്തിന്റെ ശേഖരണവും സംസ്‌കരണവും കൃത്യമായി നടക്കുന്നുണ്ടോ?
ഇതൊന്നും ഔദാര്യമല്ല എന്നും അവരുടെ അവകാശമാണ് എന്നും ജനം ധരിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഉയര്‍ന്ന രാഷ്ട്രീയബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിലവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. യുഡിഎഫ് സര്‍ക്കാരുകളുടെ പിഴവുകളെ മറികടക്കുംവിധം അതൊക്കെ നടത്തി എന്നതുകൊണ്ടു മാത്രം ജനം ഓട്ടോമാറ്റിക്കായി നന്ദികാട്ടും എന്നു വിചാരിക്കുന്നിടത്ത് തെറ്റി’യെന്നു നിരീക്ഷകനായ സെബിന്‍ എ. ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.
‘എന്തുകൊണ്ടാണ് എല്‍ഡിഎഫ് ഭരണത്തില്‍ വരുമ്പോള്‍ മാത്രം കേരളത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഗുണകരമാകുന്ന കാര്യങ്ങള്‍ നടക്കുന്നു എന്നത് കാര്യകാരണസഹിതം വിശദീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ചെറിയ കുട്ടികളോട് രാഷ്ട്രീയം പറയാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടോ? വാട്‌സ്ആപ്പ് നുണകളെ മറികടക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടോ?
ലോകത്തിലുള്ള എല്ലാകാര്യങ്ങളിലും ഒരാള്‍ തന്നെ അഭിപ്രായം പറയേണ്ടതില്ല. ഇനി മന്ത്രിസഭയിലെ മാത്രം കാര്യങ്ങളെടുത്താല്‍ എല്ലാ വകുപ്പുകളെ സംബന്ധിച്ചും ഉള്ള പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി അല്ലാതെ മറ്റാരും മറുപടി പറയേണ്ടതില്ല. മന്ത്രിമാര്‍ അവരവരുടെ വകുപ്പുകളില്‍ ഒതുങ്ങിനിന്നു വര്‍ത്തമാനം പറഞ്ഞാല്‍ മതിയാകും. വിവിധ കാര്യങ്ങളില്‍ വിവിധയാളുകള്‍ പറയുന്ന അഭിപ്രായങ്ങള്‍ പൊതുവായ നരേറ്റീവിനെ സഹായിക്കുന്നതാവണമെന്നും’ സെബിന്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സിപിഎം ഗൗരവമായി കണ്ടില്ലെന്ന വിമര്‍ശനവുമുണ്ട്. തങ്ങളുടെ വിജയശില്പിയായി സ്ഥാനമൊഴിയുന്ന മേയറെ പരാമര്‍ശിച്ച് സംഘപരിവാര്‍ അനുയായികള്‍ ഇടുന്ന പോസ്റ്റുകളിലെ വിമര്‍ശനം കാണാതെ പോകരുത്. തിരുവനന്തപുരത്ത് താമസിക്കുന്ന ആളെന്ന നിലയില്‍ അവര്‍ പറഞ്ഞതില്‍ വസ്തുതയുണ്ട് എന്നും നിരീക്ഷകനായ സെബിന്‍ ജേക്കബ് പറയുന്നു. ദൂത് അനിഷ്ടകരമാണെന്നു കരുതി ദൂതനെ വെടിവയ്ക്കുന്നതില്‍ കാര്യമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.
വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ ഹിന്ദുവര്‍ഗീയതയുടെ കൂട്ടിക്കൊടുപ്പുകാരനാണ് എന്നറിയാത്ത ഒരേയൊരു കൂട്ടര്‍ സിപിഎം നേതൃത്വമായിരിക്കുമെന്ന് ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ് വിമര്‍ശിക്കുന്നു. ‘ശ്രീനാരായണപ്രസ്ഥാനത്തിന്റെ ഈ അമരക്കാരന്‍ വാ തുറന്നാല്‍ മലയാളിയ്ക്കറപ്പുണ്ടാക്കുന്ന വിധത്തില്‍ പച്ച വര്‍ഗീയത പറയും. മറ്റേതോ നാട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മാന്‍ഹോളില്‍ പോയി മരിച്ച നൗഷാദിനെപ്പറ്റി പത്തുകൊല്ലം മുന്‍പ് ഇയാള്‍ പറഞ്ഞ വര്‍ഗീയത വര്‍ത്തമാനത്തോട് അന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച പിണറായി വിജയന്‍, ഇപ്പോള്‍ മുഖ്യമന്ത്രി, അയാളെ കൈപിടിച്ച് കൊണ്ടുനടക്കുകയാണ്. കേസെടുക്കേണ്ട വിധത്തില്‍ സമൂഹ ഗാത്രത്തെ ആക്രമിക്കുന്ന ഇയാളെ ആഭ്യന്തരമന്ത്രി ആനയിക്കുന്നത് എന്ത് രാഷ്ട്രീയബോധമാണ്?
അതിനു സിപിഎം ഒളിഞ്ഞും തെളിഞ്ഞും പറയുന്ന ന്യായം അദ്ദേഹം പ്രതിനിധീകരിക്കുന്ന സമുദായത്തെയും അദ്ദേഹത്തെയും എങ്ങിനെ ബി ജെ പി യിലേക്ക് പറഞ്ഞുവിടും എന്നാണ്. ‘ഉത്തമന്‍’ വിളിയുടെ സാധ്യത ഒരിക്കല്‍ക്കൂടി പ്രതീക്ഷിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈയില്‍ എഴുതിയ പോസ്റ്റിലെ ഒരു ഭാഗം പങ്കുവയ്ക്കുന്നു: ‘നടേശനെക്കൊണ്ട് ഒരു സീറ്റ് ജയിപ്പിക്കാനോ തോല്പിക്കാനോ പറ്റില്ലെന്നത് പോട്ടെ. 2026-ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനു അതിന്റെ സ്വന്തം രാഷ്ട്രീയത്തിന് കിട്ടുന്നതല്ലാതെ ഒരു വോട്ടെങ്കിലും കൂടുതല്‍ കിട്ടും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. അപ്പോഴും, ജയിച്ചാലും തോറ്റാലും രാഷ്ട്രീയം ബാക്കിയുണ്ടാവുക എന്നത് പരമപ്രധാന കാര്യമാണ്.
സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ പത്മകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹമാണ് ആ കൊള്ളയുടെ ആസൂത്രകരില്‍ ഒരാള്‍ എന്ന നിലപാടാണ് പ്രോസിക്യൂഷന്‍ എടുത്തത്. തന്നെ സംസ്ഥാന കമ്മിറ്റിയിലേക്ക് എടുത്തില്ല എന്ന് പറഞ്ഞു പരസ്യമായി ബഹളം ഉണ്ടാക്കിയ ആളാണ് ഇദ്ദേഹം.
അപ്പോള്‍ എന്തുകൊണ്ട് സംസ്ഥാന കമ്മിറ്റിയിലേക്കെടുത്തില്ല എന്ന കാര്യത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു ധാരണയുണ്ടാകുമല്ലോ. അത്തരം ധാരണ ഉണ്ടായിരിക്കെ, കേരളത്തിന്റെ സാമൂഹ്യബോധത്തിന്റെകൂടി പ്രതിഫലനമായ ഒരു ദൈവസങ്കല്‍പ്പത്തിനുനേനേരെ നടന്ന ആക്രമണത്തില്‍ പങ്കുണ്ട് എന്ന്‌പോലീസും പ്രോസിക്യൂഷനും നിലപാടെടുക്കുന്ന ഒരാളെ പാര്‍ട്ടി ചുമക്കുന്നതെന്തിന് എന്ന ഒരു സാധാരണ മലയാളിയുടെ ചോദ്യത്തിന് എന്തുത്തരമാണ് സി പി എമ്മിന് നല്‍കാനുള്ളത്?
മുണ്ടും ഷര്‍ട്ടുമിട്ടു മനുഷ്യരൂപത്തില്‍ നടക്കുന്ന ഒരു ജനിതക വൈകൃതത്തെ ഔദ്യോഗികമായെങ്കിലും മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായി; പത്മകുമാറിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുക വഴി രാഷ്ട്രീയമര്യാദകേടാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ സി പി എം കേരളത്തിലെ ജനങ്ങളോട് കാണിച്ചത്.
നിലപാടുകള്‍ ഇടതുമുന്നണിയുടെ സാധ്യതയും ബാധ്യതയുമാണ്; നിലനില്പും വീഴ്ചയുമൊക്കെ അതില്‍ത്തന്നെ. ജയവും തോല്‍വിയുമൊക്കെ അതുകൊണ്ടുതന്നെ. അങ്ങിനെ ആയിരിക്കുകയും വേണം. അതോടൊപ്പം യു ഡി എഫിനു അത്തരം ബാധ്യതകള്‍ ഇല്ല എന്നോര്‍ക്കണം. കോണ്‍ഗ്രസ് ഭരിച്ച/ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ നിരന്നുനിന്നു പി എം ശ്രീ ഒപ്പിട്ടാലും കാശുവാങ്ങിയാലും ശ്രീ കെ സി വേണുഗോപാലിന് കേരളത്തില്‍ വിമാനമിറങ്ങി സി പി എമ്മിനെ മത നിരപേക്ഷ-ആര്‍എസ്എസ് വിരുദ്ധ നിലപാടുകള്‍ പഠിപ്പിക്കാനുള്ള സൗകര്യമുണ്ട്; ‘ഇടതുഹിന്ദുത്വ’യുടെ പ്രയോഗരീതികള്‍ പാടി നടക്കാനുള്ള പാണന്മാരും പണ്ടേ തയ്യാറാണ് താനും.
ആവര്‍ത്തിക്കുന്നു, ഇതൊക്കെ ഇടതുപക്ഷത്തെ അളക്കാനായി മാത്രം കേരളീയര്‍ കൊണ്ടുനടക്കുന്ന അളവുകോലില്‍ കുടുങ്ങുന്ന കാര്യങ്ങളാണ്. അതത്ര മോശമല്ല താനും. 2026-ലെ തിരഞ്ഞെടുപ്പല്ല എന്റെ വിഷയം. ആ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അതിന്റെ ജയാപജയങ്ങള്‍ ഇപ്പോഴും പ്രവചനാതീതമാണ്. ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ഇത് കഴിഞ്ഞും വരുന്ന തെരഞ്ഞെടുപ്പിലും വോട്ടുചോദിക്കാന്‍ മാത്രം കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ബിജെ പി/എന്‍ഡിഎ സൃഷ്ടിച്ച ഓളമൊന്നും എന്നെ അസ്വസ്ഥനാക്കുന്നില്ല. തൃശൂര് കയറിയ വെള്ളമിറങ്ങി; പാലക്കാട്ടും പന്തളത്തും എന്തിനു മുത്തോലിയില്‍ കയറിയ വെള്ളം പോലും ഇറങ്ങി. തിരുവനന്തപുരത്തിന്റെ കഥയും മറ്റൊന്നാകില്ല.
വിഷയം തെരഞ്ഞെടുപ്പ് വിജയത്തിന്റേതല്ല, ഇടത്പക്ഷ മതനിരപേക്ഷ രാഷ്ട്രീയത്തിന്റേതാണ്. ജയിച്ചാലും തോറ്റാലും പറയാന്‍, വര്‍ഗീയ സുനാമിയില്‍നിന്നു ഈ തുരുത്തിനെ ഇങ്ങിനെ കാത്തുസൂക്ഷിക്കാന്‍ ആ രാഷ്ട്രീയം ബാക്കിയുണ്ടാകണ’മെന്നും കെ.ജെ. ജേക്കബ് എഴുതുന്നു.






