Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മറുപടി കൊടുത്ത് മലപ്പുറം; പ്രതിപക്ഷ സീറ്റുപോലും നഷ്ടപ്പെട്ട് നാണം കെട്ട് ഇടതുപക്ഷം; മലപ്പുറത്തെ ഷോക്കിന്റെ കാരണം സിപിഎം പ്രത്യേകം അന്വേഷിക്കും; കൂട്ടുകെട്ടുകള്‍ പണി തന്നുവെന്ന് പരക്കെ വിമര്‍ശനം; വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ഇടതിന് ദോഷമായെന്നും ആക്ഷേപം

 

പെരിന്തല്‍മണ്ണ; വോട്ടെണ്ണാന്‍ തുടങ്ങുമ്പോള്‍ ഇടതുപക്ഷം ഒരിക്കലും കരുതിയിരുന്നില്ല മലപ്പുറം ഇങ്ങനെ കൈവിട്ടു പോകുമെന്ന്.മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെയാണ് ഇനിയുള്ള അഞ്ചുവര്‍ഷം യുഡിഎഫിന്റെ ഭരണം. ഒരു പ്രതിപക്ഷ സീറ്റുപോലും മലപ്പുറം ജില്ല പഞ്ചായത്തില്‍ കിട്ടിയില്ലെന്നത് ഇടതുപക്ഷത്തിന് നാണക്കേടിന്റെ അങ്ങേയറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലപ്പുറത്ത് പച്ചതൊടാതെ പാര്‍ട്ടിയെ കെട്ടുകെട്ടിച്ചതിന്റെ കാര്യകാരണങ്ങള്‍ സിപിഎം പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കേരളമാകെ അലയടിച്ച ട്രെന്റ് മലപ്പുറത്തുമുണ്ടായെന്ന് മാത്രം എന്ന് ഇടതു നേതാക്കള്‍ പൊതുവെ അലസമായി പറയുന്നുണ്ടെങ്കിലും മലപ്പുറം ഷോക്കിന്റെ കാരണം അറിഞ്ഞേ പറ്റൂവെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
മലപ്പുറം ജില്ല പഞ്ചായത്തിലെ 33ല്‍ 33 ഡിവിഷനിലും യുഡിഎഫ്, 15 ബ്ലോക്ക് പഞ്ചായത്തില്‍ 15ലും യുഡിഎഫ്, 12 മുനിസിപ്പാലിറ്റിയില്‍ 11ലും യുഡിഎഫ്, 94 പഞ്ചായത്തില്‍ മൂന്നെണ്ണം ഒഴിച്ചു മുഴുവന്‍ പഞ്ചായത്തിലും യുഡിഎഫ്… മലപ്പുറത്തെ ഇടതു വേരുകള്‍ അപ്പാടെ പിഴുതെടുത്താണ് യുഡിഎഫ് തലയുയര്‍ത്തി നില്‍ക്കുന്നത്.

Signature-ad

പൊതുവെ യുഡിഎഫിന് അനുകൂലമായ ട്രെന്റ് മലപ്പുറം എന്നും കാണിക്കാറുണ്ടെങ്കിലും ഇടതുപക്ഷത്തിനും കായ്ഫലം കിട്ടുന്ന മണ്ണായിരുന്നു ഇന്നലെ വരെ മലപ്പുറം. എന്നാല്‍ ഇന്ന് ഇടതുപക്ഷം മലപ്പുറമെന്ന പേരുകേട്ടാല്‍ വിറയ്ക്കുന്നു. മറക്കാനാഗ്രഹിക്കുന്ന ദു: സ്വപ്‌നമായി സിപിഎമ്മിനും എല്‍ഡിഎഫിനും മലപ്പുറം മാറിയിരിക്കുന്നു. തങ്ങളുടെ കോട്ടകള്‍ തകര്‍ന്നുവീഴുന്നത് നോക്കിനില്‍ക്കാനല്ലാതെ ഇടതുസഖാക്കള്‍ക്കൊന്നുമായില്ല. പഞ്ചായത്തുകളും നഗരസഭയും ബ്ലോക്കും ജില്ലാ പഞ്ചായത്തുമടക്കം എല്ലാം യുഡിഎഫ് പിടിച്ചടക്കുമ്പോള്‍ ഇതെന്തു പറ്റിയെന്നും എവിടെയാണ് പാളിയതെന്നും ഓരോ സഖാവും സ്വയം ചോദിക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം ഇതേ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവരുടെ ഉത്തരങ്ങള്‍ ചെന്നെത്തുന്നത് ഇടതുപക്ഷത്തിന്റെ കൂട്ടുകെട്ടുകളാണ് ഇത്രയും സമാനതകളില്ലാത്ത തിരിച്ചടിക്ക് കാരണമെന്നതിലേക്കാണ്.

 

ഇടതുപക്ഷ അനുയായികളായ സാധാരണക്കാരായ പ്രവര്‍ത്തകര്‍ കരുതുന്നതും ഉറച്ചുവിശ്വസിക്കുന്നതും വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനകളും അതിനെ എതിര്‍ക്കാതെ ഇടതുപക്ഷം ഒപ്പം നിന്നതുമാണ് മലപ്പുറത്ത് ഒരു ചെങ്കൊടി പോലും കുത്താനാകാതെ ഇത്രയും ദയനീയാവസ്ഥ സൃഷ്ടിച്ചതെന്നാണ്.
രാഷ്ട്രീയ നിരീക്ഷകരും ഇതു തന്നെയാണ് മലപ്പുറത്തെ മാനക്കേടിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മലപ്പുറത്തെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞകാര്യങ്ങളെ ഇടതുപക്ഷം എതിര്‍ക്കുകയോ തിരുത്തുകയോ ചെയ്യാതിരുന്നതിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്നവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.
വെള്ളാപ്പള്ളിയുടെ വാക്കുകള്‍ കേട്ടില്ലെന്ന് നടിച്ചപ്പോള്‍ മലപ്പുറത്തുകാര്‍ കേരളത്തില്‍ ഇടതുപക്ഷം എന്നൊരു വിഭാഗമുണ്ടെന്ന് കണ്ടില്ലെന്ന് തിരിച്ചു നടിച്ചു.
യുഡിഎഫ് കോട്ടയാണ് പൊതുവെ മലപ്പുറമെങ്കിലും ഇടതിനൊപ്പം നില്‍ക്കാറുള്ള കേന്ദ്രങ്ങള്‍ പോലും കൈവിട്ടുപോയത് മലപ്പുറം വിരുദ്ധ പരാമര്‍ശം മലപ്പുറത്തുകാരെ അത്രയേറെ നോവിച്ചു എന്നതുകൊണ്ടു തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞ വാക്കുകള്‍ ഇത് ശരിവെക്കുന്നതാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാര്‍ട്ടിക്ക് പഠിക്കേണ്ടതുണ്ട്, തിരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും എം.എ.ബേബി വ്യക്തമാക്കുമ്പോള്‍ അതില്‍ മലപ്പുറം ചാപ്റ്ററിനാണ് പ്രാധാന്യമെന്നുറപ്പ്.

 

തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് ബേബി സമ്മതിച്ചിട്ടുമുണ്ട്. കേരളത്തില്‍ എല്‍ഡിഎഫിന്റെ ഏറ്റവും വലിയ പരാജയം എന്ന് പറയാനാകില്ലെന്നും
എല്‍ഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
്അപ്പോഴും മലപ്പുറത്തെ തോല്‍വി പാര്‍ട്ടി പ്രത്യേകമായി അന്വേഷിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

മലപ്പുറത്ത് യുഡിഎഫ് ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയ ഒരിടം പെരിന്തല്‍ മണ്ണ നഗരസഭയാണ്. ചരിത്രത്തില്‍ ആദ്യമായി യുഡിഎഫ് പെരിന്തല്‍മണ്ണ നഗരസഭയില്‍ അധികാരത്തിലെത്തി. നഗരസഭ പിറവിയെടുത്തതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും വിജയം നേടിയ ഇടതുപക്ഷത്തിന്റെ കുത്തകയാണ് യുഡിഎഫ് ഇക്കുറി പൊളിച്ചത്.
കഴിഞ്ഞ തവണ വിജയം നേടിയ നിലമ്പൂരിന്റെ നഷ്ടവും വലിയ ഇടതുപക്ഷത്തിന് ആഘാതമായി.

കഴിഞ്ഞ തവണ 94 ഗ്രാമപഞ്ചായത്തുകളില്‍ 70 എണ്ണം യുഡിഎഫിനും 24 എണ്ണം എല്‍ഡിഎഫിനുമായിരുന്നു. 15 ബ്ലോക്ക് പഞ്ചായത്തില്‍ 12 എണ്ണം യുഡിഎഫും മൂന്ന് എണ്ണം എല്‍ഡിഎഫും നേടി. ജില്ലാ പഞ്ചായത്ത് എക്കാലത്തേയും പോലെ യുഡിഎഫ് തുടര്‍ന്നു. 12 നഗരസഭകളില്‍ ഒമ്പതിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും ആയിരുന്നു. എന്നാല്‍ ഇത്തവണ കഥയാകെ മാറി.

ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു മലപ്പുറത്തെക്കുറിച്ച് വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം.
മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണു ചിലയാളുകള്‍ കാണുന്നതെന്നും സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും അവിടെ ജീവിക്കാനാകില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഈഴവര്‍ക്കു മലപ്പുറത്തു തൊഴിലുറപ്പു മാത്രമേയുള്ളൂ. പിന്നാക്കക്കാര്‍ക്കായി പള്ളിക്കൂടമോ കോളേജോ ഹയര്‍സെക്കന്‍ഡറി സ്‌കൂളോ ഇല്ല എന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. വോട്ട് കുത്താനായി മാത്രമാണ് അവരെ ഇവിടത്തെ രാഷ്ട്രീയക്കാര്‍ കാണുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ ചുങ്കത്തറയില്‍ സംഘടിപ്പിച്ച ശ്രീനാരായണ കണ്‍വന്‍ഷന്‍ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പ്രസംഗം.

അന്നുതന്നെ ഈ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ യുഡിഎഫ് ആഞ്ഞടിച്ചിരുന്നു. വര്‍ഗീയവിഷം ചീറ്റുന്ന ഈ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എ.പി.അനില്‍കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
മലപ്പുറം സിപിഎം ജില്ല സെക്രട്ടറി വി.പി.അനില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞതെന്നും അനില്‍ അന്നു പറഞ്ഞിരുന്നു.

അന്ന് അനില്‍ പറഞ്ഞതാണ് ഇപ്പോള്‍ ഇടതുപക്ഷം ഓര്‍ക്കുന്നത്.
പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ വെള്ളാപ്പള്ളിക്ക് കുടപിടിക്കാനും കാറില്‍ കൂടെ കയറ്റിക്കൊണ്ടുപോകാനും തുനിഞ്ഞപ്പോള്‍ ഓര്‍ക്കണമായിരുന്നു, മലപ്പുറത്തുകാരും ഇതൊക്കെ കാണുന്നുണ്ടെന്ന്…

 

ന്യൂനപക്ഷ പ്രീണനം എന്ന കളം മാറ്റിച്ചവിട്ടി ഭൂരിപക്ഷ പ്രീണനത്തിന്റെ വഴിയിലൂടെ നടക്കുന്നതാണ് നല്ലതെന്ന ചിന്ത തലയില്‍ കയറിയതോടെയാണ് വെള്ളാപ്പള്ളിയുടെ വാക്കുകളെ വിമര്‍ശിക്കാന്‍ പിണറായിയും കൂട്ടരും തയ്യാറാകാതിരുന്നതെന്ന് അന്നേ പലരും ചൂണ്ടിക്കാട്ടിയിരുന്നു.
വെള്ളാപ്പള്ളിയുടെ വാ വിട്ട വാക്കുകളെ ഒരിക്കലും കേരളത്തിലെ ഭൂരിപക്ഷ വിഭാഗം മുഖവിലക്കെടുക്കില്ലെന്ന ഉപദേശവും ഇടതുപക്ഷത്തിന് ലഭിച്ചെങ്കിലും അതും പ്രത്യയശാസ്ത്രപാര്‍ട്ടിക്കാര്‍ ഗൗനിച്ചില്ല.

മലപ്പുറത്തെക്കുറിച്ച് 2005ല്‍ എന്‍ട്രന്‍സ് പരീക്ഷഫലം വന്ന സമയത്ത് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശവും ഇടതുപക്ഷത്തെ വെട്ടിലാക്കിയ മോശം പരാമര്‍ശമായിരുന്നു.
അന്ന് പ്രതിപക്ഷ നേതാവായിരുന്നു വി.എസ്.
കോപ്പിയടിച്ചാണ് മലപ്പുറത്തെ കുട്ടികള്‍ ജയിക്കുന്നതെന്നായിരുന്നു വിഎസിന്റെ പരാമര്‍ശം. എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി തന്നോട് ആവശ്യപ്പെട്ടുവെന്ന് അന്നത്തെ പരീക്ഷാ കണ്‍ട്രോളര്‍ ഹൈക്കോടതിയെ അറിയിച്ചായിരുന്നു വി.എസിന്റെ പരാമര്‍ശം.

 

താന്‍ നടത്തിയ വിവാദപരാമര്‍ശത്തെ വെള്ളാപ്പള്ളി പിന്നീട് ന്യായീകരിക്കുകയും ചെയ്തു.
ഈഴവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചത്. പറഞ്ഞതില്‍ ഒരുവാക്കുപോലും പിന്‍വലിക്കാനില്ല. ശ്രീനാരായണീയര്‍ക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ്. ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വര്‍ഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പിന്നീട് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തില്‍ വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും ഒരുമിച്ച് ഒരേ കാറിലെത്തിയതും മലപ്പുറത്തുകാര്‍ കണ്ടിരുന്നുവെന്ന് ഓര്‍ക്കണമെന്ന് വോട്ടര്‍മാര്‍ പറയുമ്പോള്‍ തിരിച്ചടികളുടെ വഴികള്‍ ഇടതിനു വ്യക്തമാകുന്നുണ്ട്.

Back to top button
error: