ഇടതുസര്‍ക്കാരിന് സിപിഐയുടെ വിമര്‍ശനം; ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമെന്ന് ജനയുഗം എഡിറ്റോറിയല്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ തിരിച്ചടികളെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഡിറ്റോറിയല്‍. മൃദുഭാഷയിലെങ്കിലും രൂക്ഷവിമര്‍ശനമാണ് ജനയുഗത്തില്‍ സിപിഐ സിപിഎമ്മിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.
ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയുഗം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചില്‍ സംഭവിക്കാന്‍ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിതെന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യക്തമാക്കുന്നതായി മുഖപ്രസംഗത്തില്‍ പറയുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ജനയുഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു നൂറ്റാണ്ടിലേറെ നീണ്ട സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും മത, ജാതിവാദങ്ങളടക്കം പ്രതിലോമ ചിന്തകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിത്തട്ടില്‍ ഇപ്പോഴും ആഴത്തില്‍ വേരോട്ടമുള്ള ഒരു സമൂഹംതന്നെയാണ് നമ്മുടേതെന്നും വിസ്മരിച്ചുകൂടാ. മതമൗലികവാദമടക്കം മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിക്കുന്നില്ലെന്നും അത്തരം പ്രവണതകളോടും ശക്തികളോടും മൃദുസമീപനം കൈകൊള്ളുന്നുവെന്നുമുള്ള തോന്നലും, പ്രതിപക്ഷ, മാധ്യമ പ്രചാരണങ്ങളും, ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ വിവിധ ജനവിഭാഗങ്ങളില്‍ ആശങ്ക വളര്‍ത്തുക സ്വാഭാവികമാണ്. സദുദ്ദേശ്യത്തോടെയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സമീപകാലത്ത് കൈക്കൊണ്ട ചില നടപടികളെങ്കിലും വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയും സംശയവും ജനിപ്പിച്ചിട്ടുണ്ടോ എന്നുള്ളതും ബന്ധപ്പെട്ടവര്‍ പുനര്‍വിചിന്തനവിധേയമാക്കണം എന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ശബരിമല വിഷയത്തില്‍ സിപിഎമ്മിന് വീഴ്ച പറ്റിയെന്ന പരോക്ഷ സൂചനയും മുഖ്യപ്രസംഗത്തിലുണ്ട്. മതങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ജനജീവിതത്തില്‍ പ്രാമുഖ്യമുള്ള സമൂഹത്തില്‍ അവയുടെ നിയന്ത്രണാധികാരത്തിനായി നിയോഗിക്കപ്പെടുന്നവര്‍ സംശുദ്ധവും സുതാര്യവുമായി ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന് മറുപടിനല്‍കാന്‍ രാഷ്ട്രീയനേതൃത്വം കടപ്പെട്ടിരിക്കുന്നുവെന്നും ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നുവെന്നാണ് സിപിഐയുടെ വിമര്‍ശനം.

ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ സിപിഐഎം നേതാവ് എം എം മണി നടത്തിയ വിവാദ പരാമര്‍ശത്തെയും ജനയുഗം പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയമായി ജനങ്ങളെ അര്‍ഹിക്കുന്ന അളവില്‍ വിശ്വാസത്തിലെടുക്കുന്നതില്‍ മുന്നണിക്കും ഭരണകൂടത്തിനും വേണ്ടത്ര കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. നാടിന്റെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനവും ജനങ്ങള്‍ക്ക് ഭരണകൂടം ഉറപ്പുവരുത്തുന്ന സാമൂഹ്യക്ഷേമ നടപടികളും ജനങ്ങളുടെ അനിഷേധ്യമായ അവകാശവും ഏതൊരു ഭരണകൂടത്തിന്റെയും രാഷ്ട്രീയവും സാമൂഹികവുമായ ഉത്തരവാദിത്തവുമാണ്. അതില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന വീഴ്ചകളും അതിന്റെപേരില്‍ ഉന്നയിക്കുന്ന ഔദാര്യഭാവവും അവകാശവാദങ്ങളും മുഖവിലയ്‌ക്കെടുക്കാന്‍ ജനങ്ങള്‍ സന്നദ്ധമല്ലെന്ന സന്ദേശം ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്നില്ലേയെന്ന് ബന്ധപ്പെട്ടവര്‍ വിലയിരുത്തണമെന്ന് ചൂണ്ടിക്കാണിച്ചാണ് ജനയുഗം എം.എം.മണിയെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് തിരുത്തി ഇടതുപക്ഷ മുന്നണി തിരിച്ചുവരുമെന്ന പ്രത്യാശയും ജനയുഗം മുന്നോട്ടുവെക്കുന്നുണ്ട്.
കേരള ജനത ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയതും പിന്തുണയ്ക്കുന്നതും അത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോടും രാഷ്ട്രീയത്തോടുമുള്ള ആഭിമുഖ്യംകൊണ്ടും പ്രതിബദ്ധതകൊണ്ടും കൂടിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചില്‍ സംഭവിക്കാന്‍ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിത്. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള വിശകലനത്തിലും വിലയിരുത്തലിലും ഈ വിഷയങ്ങളും പരിഗണനാ വിധേയമാകുമെന്ന് ഇടതുപക്ഷ മനസുകള്‍ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി തുറന്നതും സത്യസന്ധവുമായ വിലയിരുത്തലും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അവശ്യവും അനിവാര്യവുമായ ഗതിമാറ്റവും ഇപ്പോഴത്തെ തിരിച്ചടികളെ മുറിച്ചുകടക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സര്‍ക്കാരിനെയും പ്രാപ്തമാക്കുമെന്നുവേണം കരുതാന്‍ എന്നാണ് ജനയുഗം വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിലും വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളിലും സിപിഎം മൃദുസമീപനം സ്വീകരിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ജനയുഗത്തിന്റെ ഈ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.
അതിനിടെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് യോഗം ചേരും.






