പാലക്കാട് ഇന്‍ഡ്യ സഖ്യം ഭരണം പിടിക്കാന്‍ സാധ്യത; നഗരസഭ ഭരണത്തില്‍ നിന്ന് ബിജെപിയെ തടയാന്‍ തിരക്കിട്ട നീക്കങ്ങള്‍; സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ നീക്കം; സ്വതന്ത്രര്‍ ഫലം നിശ്ചയിക്കും; തിരുവനന്തപുരവും പാലക്കാടും ബിജെപി ഭരിക്കേണ്ടെന്ന് എതിര്‍പക്ഷം

പാലക്കാട് : സംസ്ഥാനത്ത് രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസും സിപിഎമ്മും ദേശീയരാഷ്ട്രീയത്തിലെ ഇന്‍ഡ്യ സഖ്യത്തിന്റെ മോഡല്‍ പാലക്കാട് നഗരസഭയില്‍ പ്രയോഗിക്കാനൊരു്ങ്ങുന്നു. ബിജെപിക്ക് പാലക്കാട് നഗരസഭയില്‍ ഭരണം നല്‍കാതിരക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കാനുള്ള ധാരണകള്‍ സംബന്ധിച്ച് അണിയറ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. സിപിഎമ്മിന്റെ രണ്ടു സ്വതന്ത്രരടക്കമുള്ള മൂന്നു സ്വതന്ത്രരേയും ചേര്‍ത്ത് സിപിഎം കോണ്‍ഗ്രസ് സഖ്യത്തില്‍ പാലക്കാട് ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ് ടിപ്പുവിന്റെ കോട്ടയുടെ അകത്തളങ്ങളില്‍.

കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടും ബിജെപി ഭരിക്കണ്ട എന്നാണ് ഇടതുവലതു മുന്നണികള്‍ ഒരുമിച്ചെടുത്തിരിക്കുന്ന നിലപാട്. പാലക്കാട് ഭരണം വേണമെന്നുവെച്ചാല്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കാമെന്നതുകൊണ്ട് രണ്ടും കല്‍പ്പിച്ചൊരു കളിക്കാണ് ഇരുകൂട്ടരും ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പില്‍ പോലും പരസ്പരം വാളോങ്ങി പോരാടിയ യുഡിഎഫിനും എല്‍ഡിഎഫിനും പാലക്കാട്ടെ ജനങ്ങളെ തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് ഇനിയുള്ള ശ്രമം.
ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കും പോലെ കേരളത്തില്‍ എതിര്‍ക്കാന്‍ ഇതേ മാര്‍ഗമുള്ളു എന്നാണ് ഇടതുവലതിന്റെ ന്യായം.
പാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയാന്‍ സഖ്യ സാധ്യത തെളിഞ്ഞതോടെ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിട്ടുണ്ട് രണ്ടു മുന്നണികളും. ജില്ല നേതൃത്വങ്ങള്‍ തമ്മില്‍ ഇതു സംബന്ധിച്ച ധാരണയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പാലക്കാട്ടെ ഡിസിസി നേതൃത്വവും സിപിഎം നേതൃത്വവും സഖ്യസാധ്യതകളെ തളളിക്കളയുന്നില്ലെന്നത് ബിജെപിക്കെതിരെ ഇരു മുന്നണികളും ഒറ്റക്കെട്ടായി നീങ്ങാന്‍ തീരുമാനിച്ചതിന്റെ വ്യക്തമായ സൂചനയാണ്.

ബിജെപിയെ മാറ്റിനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരുമായി കൈകോര്‍ക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ പറഞ്ഞു. ബിജെപിയെ മാറ്റി നിര്‍ത്താന്‍ ആവശ്യമെങ്കില്‍ സ്വതന്ത്രനുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാലക്കാട് നഗരസഭയില്‍ മതേതര സഖ്യസാധ്യത തള്ളാതെയാണ് സിപിഎമ്മിന്റേയും പ്രതികരണം. ബിജെപി ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. ജമാഅത്ത ഇസ്ലാമിയുമായി സഹകരിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ് പറയുന്നുണ്ട്.
53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളില്‍ ജയിച്ചു. യുഡിഎഫ് 17 വാര്‍ഡുകളിലും എല്‍ഡിഎഫ് 8 വാര്‍ഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതില്‍ 2 പേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്.
ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാന്‍ തയാറെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ബി.ജെ.പിയെ തടയുക എന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രഖ്യാപിത ലക്ഷ്യമാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി. പാലക്കാട് നഗരസഭയില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍.

പാലക്കാട് നഗരസഭയില്‍ മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എച്ച്. റഷീദ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്നും എന്ത് ഓഫര്‍ തന്നാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതുവരെ സമീപിച്ചിട്ടില്ല. പാര്‍ട്ടി പുറത്താക്കിയ ആളായതിനാല്‍ സ്വതന്ത്രനായി തുടരുമെന്നും റഷീദ് പറഞ്ഞു.
മൂന്നു സ്വതന്ത്രന്‍മാരെ കൂടെ നിര്‍ത്താന്‍ ബിജെപിയും ശ്രമിക്കുന്നുണ്ടെങ്കിലും അതില്‍ എത്രപേര്‍ കൂടെ വരുമെന്ന കാര്യത്തില്‍ ബിജെപിക്ക് സംശയമുണ്ട്. രണ്ടുപേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണെന്നതിനാല്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ വന്‍ ഓഫര്‍ നല്‍കി സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ അണിയറ ശ്രമം സജീവമാണ്.
പാലക്കാട് ഇന്‍ഡ്യ സഖ്യം പോലെ മതേതര സഖ്യം ആവിഷ്‌കരിക്കാനുള്ള നീക്കത്തെ ബിജെപി പരിഹസിച്ചു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മതേതര സഖ്യമല്ല, മാങ്കൂട്ടം സഖ്യമാണെന്ന് സംസ്ഥാന ട്രഷറര്‍ ഇ.കൃഷ്ണദാസ് പ്രതികരിച്ചു. പാലക്കാട് ജനവിധി അടിമറിക്കാനാണ് ഇവരുടെ നീക്കമെന്നും കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ സ്വതന്ത്രരരുടെ നിലപാട് നിര്‍ണായകമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്താല്‍ ഭരണത്തില്‍ നിന്ന് പുറത്താകും. അല്ലാത്തപക്ഷം പാലക്കാട് നഗരസഭയില്‍ ബിജെപി ഹാട്രിക് അടിക്കും. സ്വതന്ത്രരെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രം ഫലിച്ചാല്‍ മതേതര സഖ്യമെന്നത് മലര്‍പൊടിക്കാരന്റെ സ്വപ്‌നമായി മാറും.
എന്നാല്‍ പാലക്കാടിന്റെ മണ്ണില്‍ വിരിഞ്ഞ താമരയുടെ സുഗന്ധം ഭരണത്തിനുണ്ടാകാന്‍ അനുവദിക്കില്ലെന്നുറപ്പിച്ച് ഇരുമുന്നണികളും ഒന്നിക്കുകയാണെങ്കില്‍ അതും കേരള രാഷ്ട്രീയത്തില്‍ ചരിത്രം കുറിക്കും.






