ഗൂഢാലോചന ആരോപിച്ച് മഞ്ജുവാര്യര്‍ വീണ്ടും; നീതി നടപ്പായില്ലെന്ന് എഫ്ബി പോസ്റ്റ്; കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണ്; അത് ഭയപ്പെടുത്തുന്നുവെന്നും മഞ്ജു; അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂവെന്നും മഞ്ജുവാര്യര്‍

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനു ശേഷം ആദ്യ പ്രതികരണവുമായി നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജുവാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് മഞ്ജുവാര്യര്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്.
ഗൂഢാലോചന ആരോപണം മഞ്ജു തന്റെ കുറിപ്പിലും ആവര്‍ത്തിച്ചു. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളുവെന്നും കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണെന്നത് ഭയപ്പെടുത്തുന്നുവെന്നും മഞ്ജു തുറന്നടിച്ചിട്ടുണ്ട്. അവര്‍ ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂവെന്നും മഞ്ജു വാര്യര്‍ കുറിപ്പില്‍ പറയുന്നു.

കോടതി കുറ്റവിമുക്തനാക്കിയ ശേഷം പുറത്തുവന്ന നടന്‍ ദിലീപ് മഞ്ജുവാര്യര്‍ക്കെതിരെയാണ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. ഗൂഢാലോചന ആദ്യം ഉന്നയിച്ചത് മഞ്ജുവാണെന്നും ദിലീപ് ആരോപിച്ചിരുന്നു. എന്നാല്‍ വിധി വന്നതിന് രണ്ടു ദിവസം കഴിഞ്ഞാണ് മഞ്ജുവിന്റെ പ്രതികരണം വന്നിരിക്കുന്നത്.
അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നതിനു തൊട്ടുപിന്നാലെയാണ് മഞ്ജുവിന്റെ പോസ്റ്റ് വന്നത്.
മഞ്ജുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം –
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.
അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം
-മഞ്ജു വാര്യര്‍






