Breaking NewsIndiaLead NewsNEWS

പഞ്ചാബില്‍നിന്ന് പൊക്കിയാല്‍ അസമില്‍, ലഡാക്കില്‍നിന്ന് പിടിച്ചാല്‍ രാജസ്ഥാനില്‍! ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായവരെ ഏറെ അകലെയുള്ള ജയിലുകളിലേക്ക് മാറ്റിയതെന്തുകൊണ്ട്?

ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായവരാണ് പഞ്ചാബില്‍ നിന്നുള്ള അമൃത്പാല്‍ സിംഗും ലഡാക്ക് സ്വദേശിയായ സോനം വാംഗ്ചുക്കും. എന്നാല്‍, അറസ്റ്റിലായ ഇവരെ അവരുടെ സംസ്ഥാനത്തിന് പുറത്ത് വളരെയധികം അകലെയായി സ്ഥിതി ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബില്‍ വെച്ച് അറസ്റ്റിലായ അമൃത്പാല്‍ സിംഗിനെ അസമിലെ ദിബ്രുഗഡിലുള്ള ജയിലിലും സോനം വാംഗ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പുരിലുള്ള ജയിലിലുമാണ് പാര്‍പ്പിച്ചിരുന്നത്.

എന്തുകൊണ്ട് കടുത്ത നടപടികള്‍?
ഇതിന് പിന്നിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം ലളിതമാണ്. പ്രദേശത്ത് ആഭ്യന്തര കലാപം വളര്‍ത്തുന്നതിനും അതിനായി ഗൂഢമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമെതിരേയുള്ള വലിയ മുന്നറിയിപ്പാണ് ഇതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം ഘടകങ്ങളെ അവരുടെ ഒളിത്താവളങ്ങളില്‍ നിന്ന് മാറ്റി വളരെ അകലേക്ക് മാറ്റേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുവാക്കളെ വിഘടനവാദത്തിലേക്ക് പ്രേരിപ്പിച്ചും, പോലീസിനെയും ഭരണകൂടത്തെയും എതിര്‍ത്തും പാക് ചാര സംഘടനയായ ഐഎസ്ഐയുമായി സഖ്യമുണ്ടാക്കിയും അമൃത്പാല്‍ സിംഗ് പഞ്ചാബില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. ഏജന്‍സികളെ കബളിപ്പിച്ച് ഒരുമാസത്തോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. അറസ്റ്റിലായ ഇയാളെ പഞ്ചാബില്‍ നിന്ന് ഏകദേശം 3000 കിലോമീറ്റര്‍ അകലെയുള്ള രാജ്യത്തിന്റെ മറ്റൊരു അതിര്‍ത്തിയായ ആസാമിലെ ദിബ്രുഗഡ് ജയിലില്‍ പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ ഈ ജയിലിലാണുള്ളത്.

Signature-ad

വളരെ സുരക്ഷിതമായ ഒരു ജയില്‍ കൂടിയാണ് ദിബ്രുഗഡ് ജയില്‍. പഞ്ചാബിലെ ജയിലിലെ മറ്റ് തടവുകാരില്‍ നിന്ന് അമൃത്പാലിനെ അകറ്റി നിര്‍ത്തുക എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ജയിലില്‍ കിടക്കവേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇയാള്‍ പഞ്ചാബില്‍ നിന്ന് എംപിയായി തിരഞ്ഞെടുപ്പെട്ടിരുന്നു. പഞ്ചാബ് പോലെ വളരെ നിര്‍ണായകമായ സംസ്ഥാനത്ത് ഇയാളുടെ ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്.
സോനം വാംഗ്ചുക്കിന്റെ കേസിനും അമൃത്പാല്‍ സിംഗിന്റെ കേസുമായി സാമ്യമുണ്ട്. ലേയില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെയുള്ള രാജ്യത്തിന്റെ മറ്റൊരു അതിര്‍ത്തിയായ രാജസ്ഥാനിലെ ജോധ്പുര്‍ ജയിലിലേക്കാണ് വാംഗ്ചുക്കിനെ കൊണ്ടുപോയത്. വാംഗ്ചുക്കിനെയും അറസ്റ്റ് ചെയ്യാനുള്ള കാരണം അമൃത്പാല്‍ സിംഗിന് സമാനമാണ്.

പതിറ്റാണ്ടുകളായി സമാധാന മേഖലയായി കാണപ്പെടുന്ന ലേയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളുടെ പ്രധാന പ്രേരകഘടകം വാംഗ് ചുക്കാണെന്ന് സര്‍ക്കാര്‍ കരുതുന്നു. ഔദ്യോഗിക പ്രസ്താവനയില്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാംഗ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകളും ഇയാളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയിലേക്കുള്ള സംശയാസ്പദമായ പണം അടയ്ക്കലും സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. വാംഗ്ചുക്കിന്റെ എന്‍ജിയോയ്ക്കുള്ള എഫ്സിആര്‍എ ക്ലിയറന്‍സ് റദ്ദാക്കാന്‍ ഇത് കാരണമായി.
ലേയില്‍ സംഘര്‍ഷസാധ്യതയുള്ളതിനാല്‍ വാംഗ്ചുക്കിനെ അവിടെ നിന്ന് മാറ്റേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. വെള്ളിയാഴ്ച വാംഗ്ചുക്ക് മറ്റൊരു പത്രസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍, അതിനുമുന്നെ അയാളെ അറസ്റ്റ് ചെയ്ത് അവിടെനിന്നും നീക്കി. ലേയില്‍ വാംഗ്ചുക്ക് തങ്ങുന്നത് വീണ്ടും സംഘര്‍ഷത്തിന് കാരണമാകുമെന്ന് കേന്ദ്രം കരുതി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ഇവിടെ. അതിനാല്‍ മറ്റൊരു വഴിയും സ്വീകരിക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

വളരെയധികം സുരക്ഷയുള്ള ജയിലുകളിലൊന്നാണ് രാജസ്ഥാനിലെ ജോധ്പുരിലേത്. ലോറന്‍സ് ബിഷ്ണോയി, ആശാറാം ബാപ്പു, നടന്‍ സല്‍മാന്‍ ഖാന്‍ എന്നിവരെ ഇവിടെയാണ് പാര്‍പ്പിച്ചിരുന്നത്. കോടതികളില്‍ ഒരു നീണ്ട നിയമയുദ്ധത്തിന് വാംഗ്ചുക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലേയില്‍ നിന്ന് വാംഗ്ചുക്കിനെ നീക്കിയതോടെ അവിടുത്തെ സംഘര്‍ഷത്തില്‍ അയവുവരുത്താനും മേഖലയിലെ യഥാര്‍ത്ഥ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള ക്രിയാത്മക അന്തരീക്ഷം ഒരുക്കാനും അവസരം ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

 

Back to top button
error: