Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsSports

മെസിയുടെ സന്ദര്‍ശത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍; നിരുപാധികം മാപ്പു പറഞ്ഞ് മമത ബാനര്‍ജി; അന്വേഷണം പ്രഖ്യാപിച്ചു; അടുത്ത പരിപാടി ശനിയാഴ്ച ഹൈദരാബാദില്‍; നടത്തണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം

 

കൊല്‍ക്കൊത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയോടും കൂട്ടരോടും സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തില്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് മെസിയെ കാണാനെത്തിയ ആരാധകരോടും നിരുപാധികം മാപ്പു പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചാണ് മമത മാപ്പ് പറഞ്ഞത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയോടും ആരാധകരോടും മാപ്പു ചോദിക്കുന്നതായും മമത പറഞ്ഞു.
സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ കണ്ട മാനേജ്മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു – മമത പ്രതികരിച്ചു.

Signature-ad

മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

അതേ സമയം പരിപാടിയുടെ മുഖ്യ സംഘാടകനയാ ശതാദ്രു ദത്ത അറസ്റ്റിലായി. കൊല്‍ക്കത്ത പോലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ പ്രഖ്യാപിക്കുന്നുവെന്നും ബംഗാള്‍ മുഖ്യമത്രി മമത ബാനര്‍ജി പറഞ്ഞു.

 

ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായി ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മെസി കൊല്‍ക്കത്തയിലെത്തിയത്. ഇന്റര്‍ മയാമിയില്‍ മെസിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അര്‍ജന്റീന താരം റോഡ്രിഗോ ഡി പോള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാവിലെ 11.15നാണ് മെസി എത്തിയത്.

മെസിയെ കാണാനായി രാവിലെ മുതല്‍ സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. 5000 മുതല്‍ 25000 രൂപയായിരുന്നു ടിക്കറ്റുകള്‍ക്ക്. എന്നാല്‍ മെസി ഗ്രൗണ്ടില്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്.
വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസിയെ പൊതിഞ്ഞുനില്‍ക്കുകകൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധ്യമായില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയുമായിരുന്നു.

മൂന്നു ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ത്യയിലെത്തിയ മെസിക്ക്, ഇനി ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലാണ് പരിപാടികള്‍, ശനിയാഴ്ച വൈകിട്ടാണ് ഹൈദരാബാദിലെ പരിപാടി. കൊല്‍ക്കത്ത നഗരത്തിലെ പരിപാടികള്‍ അലങ്കോലമായതോടെ അവശേഷിക്കുന്ന പരിപാടികളുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാല്‍ മെസിയുടെ ബാക്കിയുള്ള പരിപാടികള്‍ നടത്തണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: