പറക്കുംതളികയുടെ പ്രദര്‍ശനം നിര്‍ത്തിച്ച് കെ.എസ്.ആര്‍.സി ബസിലെ യാത്രക്കാരി; ബസില്‍ ചേരിതിരിഞ്ഞ് തര്‍ക്കം; ദിലീപിന്റെ സിനിമ വേണ്ടെന്ന് ഒരു വിഭാഗം; ഒടുവില്‍ ടിവി ഓഫ് ചെയ്തു

തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെ.എസ്.ആര്‍.ടി.സി ബസില്‍ പ്രദര്‍ശിപ്പിച്ചത് നിര്‍ത്തിവെപ്പിച്ച് യാത്രക്കാരി. ദിലീപിന് അനുകൂലമായും ദിലീപിനെ എതിര്‍ത്തും ബസിനകത്ത് രണ്ടു ചേരികള്‍. ഒടുവില്‍ ടിവി ഓഫ് ചെയ്ത് ബസുകാര്‍.
തിരുവനന്തപുരം – തൊട്ടില്‍പാലം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് ദിലീപിന്റെ സിനമയെ ചൊല്ലി പ്രതിഷേധമുണ്ടായത്. പറക്കുംതളികയെന്ന സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആര്‍ ശേഖര്‍ ആണ് ഈ സിനിമ കാണിക്കരുതെന്നാവശ്യപ്പെട്ട് ബസിനുള്ളില്‍ ആദ്യം പ്രതിഷേധമറിയിച്ചത്.

ഇതിനു പിന്നാലെ ബസിലെ യാത്രക്കാരില്‍ സ്ത്രീകളടക്കമുള്ള ചിലരും ഇതേ അഭിപ്രായവുമായി മുന്നോട്ടുവരികയും പറക്കുംതളികയുടെ പ്രദര്‍ശനം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബസിലെ ചില യാത്രക്കാര്‍ ഇത് എതിര്‍ത്ത് രംഗത്ത് വന്നത് ദിലീപിനെ അനുകൂലിച്ചതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്ന് കണ്ടക്ടര്‍ക്ക് സിനിമ ഓഫ് ചെയ്യേണ്ടിയും വന്നു.
കോടതി വിധി വന്ന ശേഷം ഇത്തരത്തില്‍ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. എന്നാല്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഈ സിനിമ കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്. കോടതികള്‍ മുകളിലുണ്ടെന്നും ഞാന്‍ എല്ലാ സ്ത്രീകളോടും ചോദിച്ചാണ് അഭിപ്രായം അറിയിച്ചതെന്നു യാത്രക്കാരി പറഞ്ഞു. എന്നാല്‍ കോടതി വിധി വന്ന സംഭവത്തില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമെന്ന തരത്തിലും തര്‍ക്കങ്ങള്‍ തുടര്‍ന്നു. കോടതി വിധികള്‍ അങ്ങനെ പലതും വന്നിട്ടുണ്ടെന്നും, ദിലീപിന്റെ സിനിമ ഈ ബസില്‍ കാണാന്‍ പറ്റില്ലെന്നും യുവതി നിലപാടെടുത്തു. മറ്റ് ചില സ്ത്രീകളും യുവതിക്ക് അനുകൂലമായി സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
കെ.എസ്.ആര്‍.ടി.സി ബസില്‍ നിര്‍ബന്ധിതമായി സിനിമ കാണേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും ഭൂരിഭാഗം യാത്രക്കാരും താന്‍ പറഞ്ഞതിന് അനുകൂലമായാണ് നിലപാട് എടുത്തതെന്നും യുവതി പറയുന്നു.
ദിലീപിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് പലരും ഫെയ്‌സ്ബുക്കിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പറഞ്ഞുകൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ വണ്ടിയില്‍ ദിലീപ് സിനിമ കാണിച്ചത് തടഞ്ഞ് സ്ത്രീകള്‍ രംഗത്തെത്തിയത്.






