HealthLIFE

”അര്‍ബുദത്തോട് മല്ലിടുമ്പോള്‍ സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തി, രോഗനാളുകള്‍ തിരിച്ചറിവുകള്‍ നല്‍കി”

കാന്‍സറുമായുള്ള തന്റെ പോരാട്ടം ബന്ധങ്ങളെക്കുറിച്ച് ആഴത്തിലുള്ള തിരിച്ചറിവുകള്‍ക്ക് കാരണമായെന്ന് നടി മനീഷ കൊയ്‌രാള. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അസുഖം സ്ഥിരീകരിച്ച നാളുകളില്‍ സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തി. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കുടുംബം മാത്രമേ പിന്തുണയ്ക്കാനുണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി നല്ല നിലയിലായിരുന്നിട്ടും രോഗത്തോട് മല്ലിടുന്ന സമയത്ത് പല കുടുംബാംഗങ്ങളും തന്നെ സന്ദര്‍ശിച്ചില്ലെന്നും മനീഷ വെളിപ്പെടുത്തി.

തന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തെ കാന്‍സര്‍ എന്ന അഗ്‌നിപരീക്ഷ എങ്ങനെ മാറ്റിമറിച്ചുവെന്നാണ് മനീഷ മനസുതുറന്നത്. ”അതൊരു യാത്രയും പഠനാനുഭവവുമാണ്. എനിക്ക് ഒന്നിലധികം സുഹൃത്തുക്കള്‍ ഉണ്ടെന്ന് ഞാന്‍ ശരിക്കും വിശ്വസിച്ചു. ഒരുമിച്ച് പാര്‍ട്ടി നടത്തുകയും യാത്ര ചെയ്യുകയും ആസ്വദിക്കുകയും ചെയ്ത ആളുകള്‍ എന്റെ വേദനയില്‍ എന്നോടൊപ്പമുണ്ടാവുമെന്ന് ഞാന്‍ കരുതി. അത് അങ്ങനെയായിരുന്നില്ല. ആരുടേയും വേദനയില്‍ ഇരിക്കാന്‍ ആളുകള്‍ക്ക് കഴിവില്ല.” താരം പറഞ്ഞു

Signature-ad

”വേദന തോന്നാതിരിക്കാന്‍ നമ്മളെപ്പോഴും ഒഴിവുകഴിവുകള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വേദനയില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. അത് മനുഷ്‌സഹജമാണ്. താന്‍ വളരെയധികം ഏകാന്തത അനുഭവിച്ചു. അടുത്ത കുടുംബം മാത്രമാണ് തനിക്ക് ചുറ്റുമുള്ളതെന്ന് താന്‍ മനസ്സിലാക്കിയെന്നും മനീഷ ചൂണ്ടിക്കാട്ടി. എനിക്ക് ഒരു വലിയ കുടുംബമുണ്ട്. ആരൊക്കെ എന്നെ വിട്ടുപോയാലും എന്റെ അച്ഛനമ്മമാരും, സഹോദരനും, അദ്ദേഹത്തിന്റെ ഭാര്യയുമൊക്കെത്തന്നെയാണ് എപ്പോഴും എനിക്കൊപ്പമുണ്ടാവുക എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്തുസംഭവിച്ചാലും കുടുംബത്തിനാണ് എന്റെ പ്രഥമ പരിഗണന. അവരാണ് എല്ലാവരേക്കാളും മുന്‍പേ എന്റെ ജീവിതത്തില്‍ വന്നത്.” മനീഷ കൂട്ടിച്ചേര്‍ത്തു.

2012-ലാണ് അണ്ഡാശയ അര്‍ബുദം എന്ന വില്ലന്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അര്‍ബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ ഒരു ശാപമായല്ലാതെ, മറിച്ച് തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ ‘സമ്മാനം’ എന്നാണ് പറയാറുള്ളത്. തളര്‍ന്നു പോകുമായിരുന്ന ഘട്ടത്തില്‍നിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ മനീഷ ‘ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗെവ് മി എ ന്യൂ ലൈഫ്’ എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയില്‍ ഏര്‍പ്പെട്ട മനീഷ, പടിപടിയായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു.

Back to top button
error: