പേടി വേണം ജാഗ്രതയും : അമീബിക് മസ്തിഷ്ക ജ്വരം വിട്ടു പോയിട്ടില്ല : കേസുകൾ കൂടുന്നതിൽ ആശങ്ക : നിയന്ത്രിക്കാനും ഉറവിടം കണ്ടെത്താനും ആകാതെ ആരോഗ്യവകുപ്പ്: മരണവും സംഭവിക്കുന്നു

തിരുവനന്തപുരം : നിയന്ത്രിക്കാനും ഉറവിടം കണ്ടെത്താനും ആകാതെ അമീബിക്ക് മസ്തിഷ്ക ജലം സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്ക ഉയരുന്നു. പേടിയും ജാഗ്രതയും വേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അമീബിക്ക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് കനത്ത തിരിച്ചടിയായിട്ടുണ്ട് .
രോഗം പടരുന്നത് തടയാനോ രോഗം മൂലമുള്ള മരണം ഇല്ലാതാക്കാനോ സാധിക്കാത്തതും ആശങ്ക ഉയർത്തുന്നുണ്ട്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കഴിഞ്ഞദിവസം ബാധിച്ച് രണ്ട് പേര്‍ മരിച്ചു. കഴിഞ്ഞമാസം അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. 2025 ല്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്.
2024ല്‍ അന്‍പതില്‍ താഴെ ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. എന്നാല്‍ 2025ല്‍ ഇരുന്നൂറിന് മുകളിലാണ് അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ വര്‍ഷം മാത്രം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 47 പേര്‍ മരിച്ചു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 201 പേര്‍ക്കാണ് 2025ല്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മരണനിരക്കും ഉയരുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞദിവസം തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയും കോഴിക്കോട് സ്വദേശിയുമാണ് രോഗം ബാധിച്ച് മരണമടഞ്ഞത് .
മലിനജലത്തിലൂടെയാണ് അമീബിക് മസ്തിഷ്‌കജ്വരം രോഗം പടരുന്നതെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും മലിനജലത്തില്‍ കുളിക്കാത്തവര്‍ക്ക് പോലും രോഗം ബാധിക്കുന്ന സ്ഥിതിയാണ്. മൂക്കിലൂടെ അമിബ ഉള്ളിലേക്ക് കയറുകയും പിന്നീട് അത് തലച്ചോറിനെ ബാധിക്കുകയുമാണ് ചെയ്യുന്നത്. ജാഗ്രത ഇക്കാര്യത്തില്‍ പാലിക്കണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പും നല്‍കുന്നത്.






