മറ്റത്തൂരും മഹാരാഷ്ട്രയും ഒക്കെ ഒരുപോലെ : ഭരണം കിട്ടാൻ അങ്ങോട്ടുമിങ്ങോട്ടും ചായും : നഗരസഭാ ഭരണം കിട്ടാൻ മഹാരാഷ്ട്രയിൽ അപൂർവ രാഷ്ട്രീയ കൂട്ടുകെട്ട്

മുംബൈ: ഭൂമിയിൽ ഏറ്റവും മത്തുപിടിപ്പിക്കുന്ന ലഹരി ഏതെങ്കിലും ഒരു മയക്കുമരുന്നിനല്ല അധികാരത്തിനാണ്. പവർ – അധികാരം, അതിനോളം ലഹരി പിടിപ്പിക്കുന്നത് ഒന്നും മനുഷ്യൻ കണ്ടെത്തിയിട്ടില്ല എന്നാണ് പറയാനുള്ളത്. ഇങ്ങ് മറ്റത്തൂരിലെയും അങ്ങ് മഹാരാഷ്ട്രയിലെയും രാഷ്ട്രീയ നാടകങ്ങൾ കാണുമ്പോൾ ആ പറഞ്ഞത് നൂറല്ല അല്ല 200 ശതമാനം ശരിയാണ് എന്ന് പറയേണ്ടിവരും.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേരളം ഞെട്ടിയത് തൃശ്ശൂർ മറ്റത്തൂരിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കണ്ടാണ്.
അധികാരത്തിനു വേണ്ടി ഏതു രാഷ്ട്രീയ പ്രതിയോഗിയുമായി കൂട്ടുകൂടാം എന്ന തത്വം മറ്റത്തൂരിൽ കണ്ടപ്പോൾ രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ല എന്ന് പറഞ്ഞു പഴകിയ വാചകമാണ് ഓർമ്മവന്നത്.
ഇപ്പോഴിതാ അങ്ങ് മഹാരാഷ്ട്രയിലും സഖ്യങ്ങൾക്ക് പുതിയ ഭാവവും രൂപവും വരുന്നു. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ഉടൻ പുതിയ സഖ്യങ്ങൾ രൂപപ്പെടുന്ന കാഴ്ചയാണ് ഇന്ത്യയിൽ എങ്ങും ഇപ്പോൾ കാണുന്നത്.
മറ്റത്തൂരിലെ പോലെ മഹാരാഷ്ട്രയിലും കാണുന്നത് ഇതേ കാഴ്ച.
മഹാരാഷ്ട്രയില്‍ അകോല ജില്ലയിലെ അകോട്ട് നഗരസഭയില്‍ ബിജെപിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും തമ്മില്‍ രൂപപ്പെട്ട പ്രാദേശിക സഖ്യം ഒരിക്കലും സംഭവിക്കുമെന്ന് കരുതിയ കൂട്ടുകെട്ട് അല്ല. പക്ഷേ കാര്യങ്ങൾ അതിലേക്കാണ് നീങ്ങുന്നത്.
ഈ പുതിയ രാഷ്ട്രീയ സഖ്യംമഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി നഗരസഭാ ഭരണം പിടിക്കാന്‍ വേണ്ടിയാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ ‘അകോട്ട് വികാസ് മഞ്ച്’ എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിലൂടെ ഒന്നിച്ചിരിക്കുന്നത്.
35 അംഗങ്ങളുള്ള അകോട്ട് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. ഇവിടെയാണ് രണ്ട് സീറ്റുകളുള്ള എഐഎംഐഎമ്മിന്റെ നിലപാട് നിര്‍ണായകമായത്. ഭരണം പിടിക്കുന്നതിനായി ബിജെപി പ്രാദേശിക നേതൃത്വം എഐഎംഐഎമ്മുമായും മറ്റ് സ്വതന്ത്രരുമായും ധാരണയിലെത്തുകയായിരുന്നു. ഈ സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയുടെ മായ ധുലെ നഗരസഭാ അധ്യക്ഷയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്, ശിവസേന (യുബിടി) തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെ പുറത്തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
വന്നുവന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരാണ് ശത്രു ആരാണ് മിത്രം എന്ന് വ്യക്തമായി തിരിച്ചറിയാനാവാത്ത ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരം ആകാമെന്നും അതിനുശേഷം മത്സരം വേണ്ട എന്നുമുള്ള ഒരു പുതിയ കാഴ്ചപ്പാടിലേക്ക് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ എത്തുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.






