അതിരപ്പിള്ളിയുടെ സംരക്ഷകനായ ഗാഡ്ഗിൽ : ആ കാവൽ തുടരും മരണാനന്തരവും: പശ്ചിമഘട്ടത്തിന്റെ ജാതകം കുറിച്ച പരിസ്ഥിതി സ്നേഹി

മാധവ് ഗാഡ്ഗിൽ ഓർമ്മയാകുമ്പോൾ അതിരപ്പിള്ളിയുടെ പ്രിയ തോഴനാണ് വിട പറയുന്നത്.അതിരപ്പിള്ളിയുടെ സംരക്ഷണം തന്നെയായിരുന്നു ജീവിച്ചിരുന്ന കാലത്ത് ഗാഡ്ഗിൽ. മരണം അദ്ദേഹത്തെ കവർന്നെടുത്തു കൊണ്ടുപോയാലും ആ കാവൽ തുടരും.
അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും ഒരു ശിലാ ലിഖിതം പോലെ . ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്നും ഒരു സംരക്ഷിത കവചമായി ഉണ്ടാകും എന്നതുകൊണ്ട് തന്നെ ആ കാവൽ തുടരും എന്ന് പറയാം.
കേരളം ഏറെ ചർച്ച ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഒരിക്കലും നടപ്പാക്കരുത് എന്ന് നിർദ്ദേശിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട നിർണായക രേഖയാണ്.
അക്കമിട്ടു നിരത്തിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി മാധവ് ഗാഡ്ഗിൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിർത്തു.ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി രൂപീകരിച്ചതാണ്, ഇത് അതിരപ്പിള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളെ പാരിസ്ഥിതിക ലോല മേഖലകളായി പ്രഖ്യാപിക്കാനും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശിച്ചു; ഇതിൽ ജലസേചനം, ഖനനം, മണൽവാരൽ, വ്യവസായങ്ങൾ എന്നിവ നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണം, ഇത് അണക്കെട്ടുകൾക്ക് എതിരെയും, പ്രദേശത്തെ ജനങ്ങളുടെ ജീവിതോപാധികളെ ബാധിക്കുമെന്നും വ്യാപകമായ എതിർപ്പ് നേരിട്ടു, പ്രത്യേകിച്ചും കേരളത്തിൽ ഈ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.
അതിരപ്പിള്ളി പോലുള്ള വലിയ ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതി ലോല മേഖലകളിൽ വരുന്നത് തടയേണ്ടതാണ്, അല്ലെങ്കിൽ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു
കേരളത്തിൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കണം എന്ന് നിർബന്ധമുള്ളവർ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ ശക്തമായി രംഗത്തുവന്നു. എന്നാൽ അദ്ദേഹം ഒരിക്കലും എതിർപ്പുകളെയോ എതിർ സ്വരങ്ങളെയോ ഭയപ്പെട്ടില്ല എന്ന് മാത്രമല്ല തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്തു .
ഗാഡ്ഗിൽ കമ്മിറ്റിക്ക് അനുകൂലമായും പ്രതികൂലമായും കേരളത്തിൽ ചേരികളുണ്ടായി. റിപ്പോർട്ട് വികസനത്തിന് എതിരാണെന്ന് വാദം ഒരു വിഭാഗം ഉന്നയിച്ചപ്പോൾ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നിലയുറപ്പിച്ചവർ ഗാഡ്ഗിലിനൊപ്പം നിന്നു.

പശ്ചിമഘട്ടത്തിലെ ഇടപെടല്‍ കേരളത്തെ നശിപ്പിക്കുമെന്നും, പ്രളയം പോലുള്ള പ്രശ്നങ്ങൾ സ്ഥിരമാകുമെന്നും കേരളം നേരിടാന്‍ പോകുന്ന പ്രതിസന്ധി തന്റെ കാലത്തു തന്നെ കേരളം അനുഭവിക്കുമെന്നും ഡോ. ഗാഡ്ഗില്‍ വ്യക്തമാക്കിയതാണ്. അദ്ദേഹം പ്രവചിച്ചത് ശരിയാണെന്ന് കാലം തെളിയിച്ചു കാണിച്ചു തരികയും ചെയ്തു.
പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥ വിലയിരുത്താനും ദുര്‍ബലപ്രദേശങ്ങള്‍ കണ്ടെത്താനും സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ നിര്‍വ്വചിക്കാനുമാണ് ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചത്. 2010 മാര്‍ച്ച് 30 ന് ആരംഭിച്ച പ്രവര്‍ത്തനം 2011 ആഗസ്റ്റ് 17 വരെ തുടര്‍ന്നു. ഈ റിപ്പോര്‍ട്ട് ഒരുപക്ഷേ, ഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ സഹ്യപര്‍വ്വത മേഖലയില്‍ നടത്തിയിട്ടുള്ള ഏറ്റവും ബൃഹത്തായ പഠനമായിരുന്നു. മറ്റൊരാർത്ഥത്തിൽ പറഞ്ഞാൽ സഹ്യപർവ്വത മേഖലയുടെ ജാതകമാണ് ഗാഡ്ഗിൽ എഴുതിവെച്ചത്.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്നും ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ചാലക്കുടിപുഴ വൈവിദ്ധ്യമാര്‍ന്ന മത്സ്യസങ്കേതമാണെന്നും കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 210 ഇനം മീനുകളില്‍ 104 ഇനം ഇവിടെയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ കടുത്ത വംശനാശഭീഷണി നേരിടുന്ന 31 ഇനങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിംഹവാലന്‍ കുരങ്ങുകള്‍, മുളയാമ, മലമുഴക്കിവേഴാമ്പല്‍ എന്നിവയുടെ ആവാസവ്യവസ്ഥ അതിരപ്പള്ളിയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ പട്ടണം മാതൃകയില്‍ ഫാംഹൗസുകളും റിസോര്‍ട്ടുകളും വരുന്നത് പരിസ്ഥിതിയില്‍ ആഘാതം സൃഷ്ടിക്കും. ജലപാതകള്‍, ജലസ്രോതസ്സുകള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള ഇടങ്ങള്‍, ജൈവവൈവിദ്ധ്യ സമ്പന്നമേഖലകള്‍ എന്നിവിടങ്ങളില്‍ യാതൊരു നിര്‍മ്മാണങ്ങളും അനുവദിക്കരുത്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കരുത്. സ്റ്റീല്‍, സിമന്റ്, മണല്‍ എന്നിവ ഉപയോഗിച്ചുള്ള നിര്‍മ്മാണം വനമേഖലകളില്‍ അനുവദിക്കരുത്. വനവാസികളുടെ താല്പര്യങ്ങള്‍ കൂടി സംരക്ഷിക്കുന്നതായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഏറെയും.
കേരളത്തിൽ ഓരോ പ്രകൃതിദുരന്തം ഉണ്ടാകുമ്പോഴും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പൊടിതട്ടിയെടുത്ത് ചർച്ചയാക്കാറുണ്ട്. 12 പേരടങ്ങുന്ന ഗാഡ്ഗിൽ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് അദ്ദേഹത്തിന്റെ മാത്രം വിലയിരുത്തലോ നിർദ്ദേശങ്ങളോ നിഗമനങ്ങളോ ആയിരുന്നില്ല.
പക്ഷേ അതൊരു കരുതലാണ്, പ്രകൃതിയെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങുന്നവരെ പ്രതിരോധിക്കാനുള്ള കവചമാണ്, പരിസ്ഥിതിവാദികൾക്ക് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പാണ്…
തന്റെ ജീവിതം അതിരപ്പിള്ളി പോലുള്ള പ്രകൃതിയുടെ വരദാനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഒരു പടച്ചട്ട തീർത്തതിനുശേഷം ആണ് മാധവ് ഗാഡ്ഗിൽ പ്രകൃതിയിലേക്ക് ലയിച്ചു ചേർന്നിരിക്കുന്നത്.
ആരെല്ലാം ഈ പ്രകൃതിയും അതിരപ്പിള്ളിയും അദ്ദേഹത്തെ ആദരവോടെയും നിറഞ്ഞ നന്ദിയോടെയും മാത്രമേ ഓർക്കുകയുള്ളൂ.






