Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ട്രംപ് പറഞ്ഞ അപ്പാച്ചെ അല്ല, അണിയറയില്‍ ഒരുങ്ങുന്നത് പ്രചണ്ഡ്; മലനിരകളിലെ യുദ്ധത്തിന് മിടുമിടുക്കന്‍; സിയാച്ചിനില്‍ പോലും ലാന്‍ഡിംഗ്; ധ്രുവാസ്ത്രും ഘടിപ്പിക്കും; കാര്‍ഗില്‍ യുദ്ധം പാഠമായി

ന്യൂഡല്‍ഹി: അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്ക് ഇന്ത്യ വമ്പന്‍ ഓര്‍ഡര്‍ നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം പൊളിച്ചടുക്കി ഇന്ത്യ. ഇന്ത്യ 68 ഹെലിക്കോപ്റ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെന്നും ഒന്നുപോലും കിട്ടിയില്ലെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. എന്നാല്‍, ആറെണ്ണം മാത്രമാണ് ഓര്‍ഡര്‍ ചെയ്തതെന്നും അപ്പാച്ചെയെക്കാള്‍ ‘പ്രചണ്ഡ്’ ഹെലികോപ്റ്ററാണ് തദ്ദേശിയമായി നിര്‍മിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

2020-ല്‍ ഇന്ത്യന്‍ ആര്‍മിക്കായി 6 അപ്പാച്ചെ (എഎച്ച്64ഇ) ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഏകദേശം 930 മില്യണ്‍ ഡോളറിന്റെ (അനുബന്ധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ) ഈ കരാര്‍ പ്രകാരം 2025 ഡിസംബറോടെ 6 ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. ഇവ ജോധ്പൂര്‍ ബേസില്‍ വിന്യസിച്ചിട്ടുമുണ്ട്.

Signature-ad

അതേസമയം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന 156 ‘പ്രചണ്ഡ്’ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍സിഎച്ച്) വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ 66 എണ്ണം വ്യോമസേനയ്ക്കുള്ളതാണ്. മാറ്റുരയ്ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്ക് ഹെലികോപ്റ്ററാണ് അപ്പാച്ചെയെങ്കില്‍, ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പറന്ന് യുദ്ധം ചെയ്യാന്‍ കെല്‍പ്പുള്ള പോരാളിയാണ് ഇന്ത്യയുടെ പ്രചണ്ഡ്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ:

അപ്പാച്ചെ: ‘പറക്കും ടാങ്ക്’ (ഫ്‌ളൈയിംഗ് ടാങ്ക്) എന്നാണ് അപ്പാച്ചെ അറിയപ്പെടുന്നത്. ശത്രുക്കളുടെ ടാങ്കുകളെ തകര്‍ക്കാനും, ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ കനത്ത ആക്രമണം നടത്താനുമാണ് ഇത് ഉപയോഗിക്കുന്നത്. ഹെല്‍ഫയര്‍ മിസൈലുകളാണ് ഇതിന്റെ കരുത്ത്.

പ്രചണ്ഡ്: മലനിരകളിലെ യുദ്ധത്തിനായാണ് ഇത് പ്രധാനമായും രൂപകല്പന ചെയ്തിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധസമയത്താണ് ഉയരമുള്ള മലനിരകളില്‍ പറന്നുചെന്ന് ശത്രുക്കളെ ആക്രമിക്കാന്‍ കെല്‍പ്പുള്ള ഒരു ഹെലികോപ്റ്ററിന്റെ കുറവ് ഇന്ത്യയ്ക്ക് അനുഭവപ്പെട്ടത്. ആ പാഠത്തില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ‘പ്രചണ്ഡ്’ രൂപകല്പന ചെയ്തത്.

അപ്പാച്ചെ: സമതലങ്ങളിലും മരുഭൂമികളിലും അപ്പാച്ചെ രാജാവാണ്. എന്നാല്‍ സിയാച്ചിന്‍ പോലുള്ള അതിശൈത്യമുള്ള, ഉയരം കൂടിയ മലനിരകളില്‍ പ്രവര്‍ത്തിക്കാന്‍ അപ്പാച്ചെയ്ക്ക് പരിമിതികളുണ്ട്. വായുവില്‍ നിന്ന് ഭൂമിയിലേക്ക് തൊടുക്കാവുന്ന ഹെല്‍ഫയര്‍ മിസൈലുകള്‍, 70 എംഎം ഹൈഡ്ര റോക്കറ്റുകള്‍, സ്റ്റിങര്‍ മിസൈലുകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആയുധ പാക്കേജ് അപ്പാച്ചെയില്‍ വഹിക്കാന്‍ കഴിയും. 1,200 റൗണ്ടുകളുള്ള 30 എംഎം ചെയിന്‍ തോക്കും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 360-ഡിഗ്രി കവറേജ് വാഗ്ദാനം ചെയ്യുന്ന ഫയര്‍ കണ്‍ട്രോള്‍ റഡാറുള്ള ലോകത്തിലെ ഏക ആക്രമണ ഹെലികോപ്റ്ററാണ് അപ്പാച്ചെ എന്ന് ബോയിങ് പറയുന്നു.

ധ്രുവാസ്ത്ര: അതേസമയം പ്രചണ്ഡ്, സിയാച്ചിന്‍ ഗ്ലേസിയറില്‍ (സമുദ്രനിരപ്പില്‍ നിന്ന് 5,000 മീറ്ററിലധികം ഉയരത്തില്‍) ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കുന്ന ലോകത്തെ ഏക അറ്റാക്ക് ഹെലികോപ്റ്ററാണിതെന്നാണ് അവകാശവാദം. മുന്‍ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന 20 എം.എം ടററ്റ് ഗണ്‍ (എം621 കാനണ്‍). പൈലറ്റിന്റെ ഹെല്‍മറ്റിന്റെ ചലനത്തിനനുസരിച്ച് ഈ തോക്ക് തിരിയുകയും ലക്ഷ്യം ഭേദിക്കുകയും ചെയ്യും.ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസ്ട്രല്‍ (മിസ്ട്രാല്‍) മിസൈലുകളുണ്ട്. ഭാവിയില്‍ ‘ധ്രുവാസ്ത്ര’ പോലുള്ള ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും ഇതില്‍ ഘടിപ്പിക്കും.

അമേരിക്കന്‍ കമ്പനിയായ ബോയിങ് ആണ് അപ്പാച്ചെയുടെ നിര്‍മാതാക്കള്‍. അറ്റകുറ്റപ്പണികള്‍ക്കും മറ്റും വിദേശ സഹായം ആവശ്യമായി വരുന്നു.ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ചഎഎല്‍) പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. അറ്റകുറ്റപ്പണികള്‍ എളുപ്പമാണ്, ചെലവ് കുറവുമാണെന്നത് ഇന്ത്യന്‍ ആര്‍മിക്ക് നിര്‍ണായകമാകുന്നത്.

വമ്പന്‍ ആക്രമണങ്ങള്‍ക്ക് അപ്പാച്ചെയും അതിര്‍ത്തിയിലെ മലനിരകളിലെ കാവലിന് 150-ലധികം പ്രചണ്ഡ് ഹെലികോപ്റ്ററുകളും എന്ന രീതിയിലായിരിക്കും ഇന്ത്യയുടെ പ്രതിരോധ നയമെന്ന് വിദഗ്ദരുടെ നിഗമനം. 68 അപ്പാച്ചെകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയല്ല, മറിച്ച് സ്വന്തം ആവശ്യത്തിനുള്ള ആയുധങ്ങള്‍ സ്വയം നിര്‍മ്മിക്കുന്ന തിരക്കിലാണ് ഇന്ത്യ.അമേരിക്കയുടെ അപ്പാച്ചെ ‘ഹെവി വെയിറ്റ്’ ബോക്‌സറാണെങ്കില്‍, ഇന്ത്യയുടെ പ്രചണ്ഡ് വേഗത്തില്‍ നീങ്ങാന്‍ കഴിയുന്ന ‘ലൈറ്റ് വെയിറ്റ്’ പോരാളിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: