പറയാനുള്ളതെല്ലാം പച്ചയ്ക്ക് വിളിച്ചു പറഞ്ഞ ശേഷം തിരുത്തിയാല്‍ എല്ലാം ശരിയാകുമോ; അജയകുമാറിനെതിരെ സിപിഐയില്‍ കടുത്ത രോഷം: പരാമര്‍ശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം; നടപടിയാണ് വേണ്ടതെന്ന് സിപിഐ

പാലക്കാട്: ഒരാളെക്കുറിച്ച് മോശമായതെല്ലാം പൊതുജനമധ്യത്തില്‍ വിളിച്ചുപറഞ്ഞ ശേഷം സോറി പറഞ്ഞ് തിരുത്തിയാല്‍ എല്ലാം ശരിയായി എന്ന് കരുതുന്നുണ്ടോ എന്ന് സിപിഎമ്മിനോട് ശക്തമായ ചോദ്യമുയര്‍ത്തി സിപിഐ.
വൃത്തികേടെല്ലാം വിളിച്ചുകൂവി അവസാനം ഒരു സോറി പറച്ചലില്‍ എല്ലാം തീരുമെന്ന് കരുതുന്നത് ശരിയല്ലെന്നും സിപിഐക്കുള്ളില്‍ അഭിപ്രായമുയര്‍ന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സിപിഎം നേതാവ് എസ്.അജയകുമാറിന്റെ പരാമര്‍ശമാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. അജയകുമാറിന്റെ പരാമര്‍ശം തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു രംഗത്തെത്തിയിട്ടുണ്ടെങ്കിലും സിപിഐയുടെ കലിപ്പ് തീര്‍ന്നിട്ടില്ല.
സിപിഐയും സിപിഎമ്മും തമ്മിലുള്ളത് സഹോദര ബന്ധമാണെന്ന് സുരേഷ് ബാബു പറഞ്ഞെങ്കിലും ബിനോയ് വിശ്വത്തെ അവഹേളിച്ചു സംസാരിച്ച അജയ്ബാബുവിന്റെ വാക്കുകള്‍ സിപിഐക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
സിപിഐയുമായുള്ള തങ്ങളുടെ സഹോദര ബന്ധത്തെ എതിര്‍ക്കുന്നതോ വ്രണപ്പെടുത്തുന്നതോ ആയ പ്രസ്താവനകള്‍ സിപിഎമ്മില്‍ നിന്നുണ്ടായാലും സഹിക്കില്ലെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞാണ് സിപിഎം അജയകുമാറിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്.
ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. സിപിഎമ്മും സിപിഐയും തമ്മിലുള്ളത് വളരെ ഊഷ്മളമായ ബന്ധമാണ്. അജയകുമാര്‍ തിരുത്തണം – സുരേഷ് ബാബു പറഞ്ഞു.

ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറിക്കൊണ്ടിരിക്കുന്നു എന്ന രൂക്ഷ വിമര്‍ശനമാണ് എസ്. അജയകുമാര്‍ നടത്തിയത്. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്കുള്ളതെന്നും എസ് അജയകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സിപിഐഎം-സിപിഐ പോര് നടന്നു കൊണ്ടിരിക്കുന്ന ഒറ്റപ്പാലത്ത് മണ്ണൂരില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു എസ് അജയകുമാറിന്റെ പരാമര്‍ശം.
അജയകുമാറിനെതിരെ ഒട്ടും വൈകാതെ തന്നെ സിപിഐ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ് ആഞ്ഞടിച്ചതോടെ സിപിഎമ്മും പതറി.
സിപിഎം ജില്ലാ നേതൃത്വം അജയകുമാറിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നും സുമലത ആവശ്യപ്പെട്ടിരുന്നു. ബിനോയ് വിശ്വം രാജ്യത്തെ അറിയപ്പെടുന്ന നേതാവാണ്. 100 വര്‍ഷം പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഐ, ആ പാരമ്പര്യം സിപിഎമ്മിന് പറയാനാകില്ലല്ലോ. പ്രാദേശിക പ്രശ്‌നത്തിന് സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയാണ്. ഈ വിഷയം എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഉയര്‍ത്തുമെന്നും സുമലത മോഹന്‍ദാസ് പറഞ്ഞിരുന്നു.
എന്നാല്‍ സിപിഐക്കെതിരെ തരം കിട്ടുമ്പോള്‍ സിപിഎം നടത്തുന്ന ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമെന്ന കടുത്ത നിലപാടിലാണ് സിപിഐയിലെ യുവനേതാക്കളടക്കമുള്ളവര്‍. പിഎം ശ്രീ വിഷയത്തിലും മറ്റും സിപിഎമ്മിന്റെ പരിഹാസം സിപിഐക്കു നേരെയുണ്ടായത് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
വടക്കന്‍വീരഗാഥയില്‍ ചന്തുവിനോട് അരിങ്ങോടരുടെ മകള്‍ പറയും പോലെ ചൂലും കെട്ടെടുത്ത് ആട്ടിയിറക്കിയാലും പിന്നാലെ വാലാട്ടിപ്പോകും എന്നറിയാവുന്നതുകൊണ്ടാണ് സിപിഎം സിപിഐക്കെതിരെ അധിക്ഷേപം തുടരുന്നതെന്നും സിപിഐക്കുള്ളിലെ തീവ്രനിലപാടുള്ളവര്‍ പറഞ്ഞതായാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ നേരത്തെ വിലയിരുത്തിയിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു വിലയിരുത്തല്‍. ഇടതുമുന്നണിയെ സ്നേഹിച്ച വിവിധ വിഭാഗങ്ങളില്‍ ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്നു. ഇതാണ് ഫലത്തില്‍ തെളിയുന്നത്. വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങള്‍ വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പാലക്കാട് സിപിഐ ജില്ല കമ്മിറ്റി വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതും സിപിഎമ്മിലെ ചിലരെ അസ്വസ്ഥരാക്കിയിരുന്നു. സിപിഎമ്മിനോട് ചേര്‍ന്നു നില്‍ക്കുന്ന വെള്ളാപ്പള്ളിക്കെതിരെ പാലക്കാട് സിപിഐ ജില്ല കമ്മിറ്റി നടത്തിയ അതിരൂക്ഷവിമര്‍ശനം ഇഷ്ടപ്പെടാത്ത സിപിഎം നേതാക്കള്‍ സിപിഐക്കും ബിനോയ് വിശ്വത്തിനുമെതിരെ വാവിട്ട പ്രയോഗം നടത്തുകയായിരുന്നുവെന്ന ആരോപണവും ശക്തമാണ്.
വായില്‍തോന്നിയത് വിളിച്ചുപറഞ്ഞിട്ട് സോറി പറഞ്ഞ് തിരുത്തല്‍ എന്ന തലോടല്‍ ഇനി വേണ്ടെന്ന് സിപിഐ തറപ്പിച്ചു പറയുന്നു.





