ഏതു ജോലിക്കും അപ്പുറം രാജ്യം ഒന്നാമത്; ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍നിന്ന് ഇന്ത്യന്‍ അവതാരക പുറത്തേക്ക്; കായിക രംഗത്തും കലാപത്തീ; സത്യസന്ധതയുള്ള കളിയുടെ ആത്മാവിനുവേണ്ടി നിലകൊള്ളുമെന്ന് റിധിമ

ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബിപിഎൽ) നിന്ന് പിന്മാറി ഇന്ത്യൻ കായിക അവതാരക റിധിമ പഥക്. പിന്മാറിയത് വ്യക്തിപരമായ തീരുമാനമാണെന്നും സംഘാടകർ തന്നെ പുറത്താക്കിയതല്ലെന്നും അവര്‍ വ്യക്തമാക്കി. ബിപിഎല്ലില്‍ നിന്നും റിധിമയെ പുറത്താക്കിയതായി ചില ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടായിരുന്നു പ്രതികരണം.
വ്യക്തിപരമായ മൂല്യങ്ങളും ദേശീയ വികാരങ്ങളുമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് അവർ പറഞ്ഞു. ‘എനിക്ക് രാജ്യമാണ് എന്നും ഒന്നാമത്. ഏതൊരു ജോലിക്കുമപ്പുറം, ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധതയോടും ബഹുമാനത്തോടും അതിയേറെ ആവേശത്തോടെയും വർഷങ്ങളായി സ്പോർട്സിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. അത് മാറില്ല. സത്യസന്ധതയ്ക്കും കളിയുടെ ആത്മാവിനും വേണ്ടി ഞാൻ നിലകൊള്ളുന്നത് തുടരും,’ റിധിമ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടയിലാണ് റിധിമയുടെ പിന്മാറ്റം. ബംഗ്ലാദേശിൽ ഇന്ത്യൻ വംശജരെ ആക്രമിക്കുകയും, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തുകയും ചെയ്തതിന്റെ തുടർച്ചയായാണ് ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദങ്ങളിൽ വിള്ളൽ വീണത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഐപിഎൽ സ്ക്വാഡിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്യാൻ ബിസിസിഐ ആവശ്യപ്പെട്ടതോടെ ഇരു ക്രിക്കറ്റ് ബോര്‍ഡുകളിലേക്കും വൈരം പടര്‍ന്നു. ഇതിന് മറുപടിയായി ബംഗ്ലാദേശ് സർക്കാർ പ്രാദേശികമായി ഐപിഎൽ സംപ്രേക്ഷണം നിരോധിക്കുകയും, വരാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഐസിസി ഈ ആവശ്യം നിരസിച്ചു.






