‘പണം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് ഉള്ളതെങ്കില്‍ പണം തന്നെയാണ് ഏറ്റവും പ്രധാനം’; മണി ഈസ് നോട്ട് ഹാപ്പിനെസ് എന്നു പറയുന്നത് പരിഹാസ്യം; നൂറു രൂപ ഇല്ലാത്തതിന്റെ പേരില്‍ 10-ാം ക്ലാസിലെ ഫോട്ടോ എടുക്കാന്‍ കഴിയാത്തവരുണ്ട്; അവര്‍ക്ക് എന്താണു പിന്നെ സന്തോഷമെന്നും വര്‍ഷ രമേശ്

കൊച്ചി: പണമുണ്ടായിട്ടു മാത്രം കാര്യമില്ല, സമാധാനം കൂടി വേണമെന്ന് ഉപദേശം നല്‍കുന്നവരാണ് എല്ലാവരും. എന്നാല്‍, പണമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന് ഉപദേശിക്കുന്നവര്‍ക്ക് മറുപടിയുമായി നടിയും അവതാരകയും ഇന്‍ഫ്‌ലുവന്‍സറുമായ വര്‍ഷ രമേശ്. പണം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് ജീവിതത്തിലുള്ളതെങ്കില്‍ അവിടെ പണം തന്നെയാണ് ഏറ്റവും പ്രധാനമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെ വര്‍ഷ ഓര്‍മിപ്പിക്കുന്നു. പൈസയ്ക്ക് പൈസ തന്നെ വേണമെന്നും കടവും ലോണും കൊണ്ട് വീര്‍പ്പുമുട്ടുന്നവന്റെ മുന്നില്‍ ചെന്ന് ‘പണമല്ല സന്തോഷം’ എന്ന് പറയുന്നത് പരിഹാസ്യമാണെന്ന് അവര്‍ പറയുന്നു.
ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീയായാലും പുരുഷനായാലും കുടുംബത്തിലും സമൂഹത്തിലും അന്തസ്സുണ്ടാകണമെങ്കില്‍ സ്വന്തമായി ഒരു ജോലിയും വരുമാനവും വേണമെന്ന് വര്‍ഷ വിഡിയോയില്‍ പറയുന്നു. പണമുണ്ടാകുന്നത് കൊണ്ട് ഒരു മനുഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന സന്തോഷങ്ങള്‍ എന്തൊക്കെയെന്നും വര്‍ഷ കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്.
സ്വന്തം അമ്മയ്ക്ക് സഹായമായി പണം നല്‍കുന്നതിലും, പണ്ട് വിലക്കൂടുതല്‍ കാരണം അച്ഛന്‍ വേണ്ടെന്നുവെച്ച സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ സാധിക്കുന്നതിലൂടെയും അനുഭവിക്കുന്ന സന്തോഷം വലുതാണ്. അനിയനും അനിയത്തിക്കും ചെറിയ ആവശ്യങ്ങള്‍ക്കായി പണം നല്‍കുമ്പോള്‍ കിട്ടുന്ന ആ ‘ചേച്ചി’ വിളിയുടെ മതിപ്പ് മറ്റൊന്നിനും നല്‍കാനാവില്ല.
View this post on Instagram
പണമില്ലാത്തവന്റെ പേരില്‍ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വന്നവര്‍ക്ക് മുന്‍പില്‍ പോയി പണമല്ല ജീവിതത്തിലെ സന്തോഷം എന്ന് മോട്ടിവേറ്റ് ചെയ്യുന്നത് അര്‍ഥ ശൂന്യമാണെന്നും അവര്‍ നിങ്ങളെ ചെരുപ്പൂരി അടിക്കുമെന്നും വര്‍ഷ പറയുന്നു.
കോളേജ് ഡേയ്ക്ക് മറ്റുള്ളവര്‍ നല്ല വസ്ത്രങ്ങള്‍ ധരിച്ചെത്തുമ്പോള്‍ പണമില്ലാത്തതിനാല്‍ അതിന് കഴിയാത്ത വിദ്യാര്‍ഥിയെയും വീട്ടില്‍ നിന്ന് നൂറു രൂപ കിട്ടാത്തതിനാല്‍ പത്താം ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോ വാങ്ങാന്‍ സാധിക്കാത്തവരെയും അച്ഛന് ഹൃദയാഘാതം വന്നപ്പോള്‍ വിലകൂടിയ സ്റ്റെന്‍ഡ് ഇടാനാകാതെ തല്‍ക്കാലം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒരു സ്റ്റെന്‍ഡ് ഇടൂ എന്ന് പറയേണ്ടി വരുന്ന മനുഷ്യരെയുമെല്ലാം സംബന്ധിച്ച് പണം പ്രധാനം തന്നെയാണ്. ഇങ്ങനെയുള്ള മനുഷ്യരുടെ മുന്നില്‍ ചെന്നുനിന്ന് മണി ഈസ് നോട്ട് ഹാപ്പിനസ് എന്ന മോട്ടിവേഷന്‍ പ്രസംഗങ്ങള്‍ വെറും പ്രഹസനമാണ്. വര്‍ഷ പറയുന്നു.
പണം ഒരു മനുഷ്യന് എത്രമാത്രം ആത്മവിശ്വാസം നല്‍കുമെന്നും വര്‍ഷ വിഡിയോയില്‍ പറയുന്നുണ്ട്. ഏത് പ്രതിസന്ധിയില്‍ ചെന്നുപെട്ടാലും കൈയ്യില്‍ പൈസയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ചെറുതല്ല. ഇന്‍സ്റ്റാഗ്രാമില്‍ ഇരുന്ന് തത്വചിന്തകള്‍ പറയുന്നതുപോലെയല്ല ജീവിതം. പത്ത് രൂപയ്ക്ക് വാങ്ങുന്ന ചായ മുതല്‍ പതിനാറായിരത്തിന്റെ സാരി വരെ മറ്റൊരാളോട് ചോദിക്കാതെ വാങ്ങണമെങ്കില്‍ വരുമാനം വേണം. പൈസയ്ക്ക് പൈസ തന്നെ വേണമെടോ.ഈ ഇന്‍സ്റ്റഗ്രാമില്‍ ഇരുന്നിട്ട് മണി ഈസ് നോട്ട് ഹാപ്പിനസ് ബ്രോ എന്നൊക്കെ വെറുതെ ഇങ്ങനെ പറയാന്‍ മാത്രമേ പറ്റൂ എന്ന് പറഞ്ഞാണ് വര്‍ഷ വിഡിയോ അവസാനിപ്പിക്കുന്നത്.
വര്‍ഷ പറഞ്ഞതിനെ അനുകൂലിച്ച് ഒട്ടേറപ്പേരാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്. പണത്തിന്റെ പ്രാധാന്യം എത്രത്തോളം പ്രധാനമാണെന്ന് ജീവിതം തങ്ങളെ പഠിപ്പിച്ചുവെന്ന് ചിലര്‍ പറയുന്നു. പണം നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും പണം നല്‍കുന്ന ഒരു കിക്ക് അത് മറ്റൊന്നിനും നല്‍കാനാകില്ലെന്നും മറ്റ് ചിലര്‍ കമന്റ് ചെയ്തു.






