Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഒപ്പിടാന്‍ മറന്നു; ആര്‍. ശ്രീലേഖയുടെ വോട്ട് അസാധു! മേയറാക്കാത്തതിലുള്ള പ്രതിഷേധമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടര്‍ന്ന് വോട്ട് അസാധുവായത്. തന്നെ മേയറാക്കാത്തതിലുള്ള പരിഭവം ആര്‍. ശ്രീലേഖ പരസ്യമാക്കിയതിന് പിന്നാലെയാണ് സംഭവം

ആകെ എട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഏഴ് കമ്മിറ്റികളിലും ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പില്‍ ബാലറ്റിന് പിന്നില്‍ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടര്‍ന്നാണ് വോട്ട് അസാധുവായത്. സാധാരണ ഗതിയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആര്‍. ശ്രീലേഖയെപ്പോലൊരാള്‍ ബാലറ്റില്‍ ഒപ്പിടാന്‍ മറന്നുപോയത് സ്വാഭാവികമല്ലെന്നാണ് എതിര്‍കക്ഷികള്‍ ആരോപിക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്നുണ്ട്.

Signature-ad

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തില്‍ ബിജെപി ചരിത്ര വിജയം നേടിയപ്പോള്‍, മേയര്‍ സ്ഥാനത്തേക്ക് ആര്‍. ശ്രീലേഖയുടെ പേര് സജീവമായി ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം വി.വി. രാജേഷിനെ മേയറായി തിരഞ്ഞെടുത്തത് തന്നെ നിരാശയാക്കിയെന്ന് ശ്രീലേഖ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. മേയര്‍ ആക്കാമെന്ന ഉറപ്പിലാണ് താന്‍ മത്സരരംഗത്തിറങ്ങിയതെന്നും എന്നാല്‍ ആ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ശ്രീലേഖയുടെ വോട്ട് അസാധുവായെങ്കിലും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്നും ബിജെപിക്ക് ലഭിക്കേണ്ട സ്ഥാനങ്ങള്‍ നഷ്ടമായിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: