Travel

സഞ്ചാരികൾക്ക് സന്തോഷ വാർത്ത: ശ്രീലങ്കയിലും തായ്‌ലാൻഡിലും   പോകാൻ ഇപ്പോൾ  വിസ വേണ്ട

     ശ്രീലങ്കയിലേയ്ക്കും തായ്ലാൻഡിലേയ്ക്കും പോകാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്ക് സുവർണാവസരം. മെയ് മാസം 31 വരെ ഇന്ത്യക്കാർക്ക് ശ്രീലങ്കയിലേയ്ക്കു പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്ലൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലെ സഞ്ചാരികൾക്കും വിസാരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കയിലേയ്ക്കുള്ള ടൂറിസം ഒഴുക്ക് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.

തായ്‌ലാൻഡിലേയ്ക്ക്  2024 നവംബർ 11 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ  വരാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതി കഴിഞ്ഞവർഷം മുതൽക്ക് നടപ്പാക്കിയതാണ്. ഇതിനു ശേഷം ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധന വന്നിട്ടുണ്ട്.

Signature-ad

വിസയില്ലാതെ സഞ്ചാരികൾക്ക് 30 ദിവസം വരെ ശ്രീലങ്കയിൽ തങ്ങാൻ സാധിക്കും. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശ്രീലങ്ക ആദ്യമായി വിസയില്ലാത്ത യാത്രകൾ അനുവദിച്ചത്. ഈ അനുമതിയുടെ തീയതി നീട്ടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ശ്രീലങ്കയിൽ ഭീകരാക്രമണം നടന്നതിനു ശേഷം ടൂറിസം മേഖല വലിയ ഇടിവ് നേരിടുകയാണ്. ഈ പ്രശ്നത്തെ നേരിടുന്നതിനാണ് പുതിയ സൗജന്യങ്ങൾ അവതരിപ്പിക്കുന്നത്.

ശ്രീലങ്കയിലെ ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023ൽ 14.8 ലക്ഷം ടൂറിസ്റ്റുകളെത്തിയതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു.

വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുക എന്നത് സഞ്ചാരികൾക്ക് ഒരുപാട് സങ്കീർണതകൾ ഒഴിവായിക്കിട്ടുന്ന കാര്യമാണ്. ഇതുവഴി വിസ ഫീസ് ഇനത്തിൽ വലിയ ലാഭവും ലഭിക്കും. ടൂറിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ആകർഷണമാണ്. ഒരു പാസ്പോർട്ട് മാത്രം വെച്ച് രാജ്യത്തേക്ക് കടക്കാൻ സാധിക്കും. ഇന്ത്യക്കാർക്ക് എളുപ്പത്തിൽ വിസ ലഭിക്കുന്ന വിധത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കിയ വേറെയും നിരവധി രാജ്യങ്ങളുണ്ട്.

Back to top button
error: