ഇത് ഇന്‍ഡിഗോ അല്ല എന്ത് ഗോ എന്ന് യാത്രക്കാര്‍; പ്രതിസന്ധിക്കും പ്രതിഷേധങ്ങള്‍ക്കും അയവില്ല; റദ്ദാക്കിയ സര്‍വീസുകള്‍ അയ്യായിരത്തിലേക്ക്

ന്യൂഡല്‍ഹി: പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും ഒഴിയാതെ ഇന്‍ഡിഗോ വിമാനസര്‍വീസുകളുടെ കൂട്ട റദ്ദാക്കല്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ഇന്‍ഡിഗോ വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്ന നടപടി കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്നലെവരെ 4500ലധികം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഡിജിസിഎയുടെ പുതുക്കിയ ചട്ടങ്ങള്‍ പിന്‍വലിച്ചതിനാല്‍ പ്രതിദിനം പ്രവര്‍ത്തിപ്പിക്കുന്ന സര്‍വീസുകളുടെ എണ്ണം ഇന്‍ഡിഗോ വര്‍ധിപ്പിച്ചെങ്കിലും ഇന്നലെയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍നിന്ന് അഞ്ഞൂറിലധികം സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു.
പ്രതിസന്ധി തുടങ്ങിയതു മുതലുള്ള ഏഴുദിവസം വരെ 5.5 ലക്ഷം ഇന്‍ഡിഗോ ടിക്കറ്റുകളാണ് റദ്ദ് ചെയ്യപ്പെട്ടത്. റദ്ദാക്കലുകള്‍ ബാധിച്ച യാത്രക്കാര്‍ക്ക് ഇതുവരെ റീഫണ്ട് ഇനത്തില്‍ 827 കോടി രൂപ നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ വിമാന സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കിയതില്‍ ടിക്കറ്റ് റീഫണ്ട് നല്‍കിയതിന്റെ കണക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള 5,86,705 ബുക്കിങ്ങുകളുടെ തുകയായി 569.65 കോടി രൂപയാണ് ഏറ്റവും ഒടുവിലായി തിരിച്ചു നല്‍കിയത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ ഏഴു വരെ 9,55,591 ബുക്കിങ്ങുകളുടെ റീഫണ്ട് തുകയായി 827 കോടി രൂപയാണ് ആകെ യാത്രക്കാര്‍ക്ക് തിരികെ നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു.
9000 ബാഗുകളില്‍ 4500 ബാഗുകള്‍ യാത്രക്കാര്‍ക്ക് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ബാഗുകള്‍ 24 മണിക്കൂറിനുള്ളില്‍ കൈമാറുമെന്നു കേന്ദ്രം അറിയിച്ചു.

അതിനിടെ വിമാനങ്ങള്‍ കൂട്ടമായി റദ്ദ് ചെയ്യപ്പെടുന്നതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു കുറ്റപ്പെടുത്തി. വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെ സംബന്ധിച്ചു രാജ്യസഭയില്‍ ഉയര്‍ന്നൊരു ചോദ്യത്തിനു ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റ് ക്രൂവിനു ഡ്യൂട്ടി അനുവദിക്കുന്നതിലും ആഭ്യന്തര സംവിധാനത്തിലും പ്രശ്‌നങ്ങളുണ്ടായതു മൂലം ഉടലെടുത്ത പ്രതിസന്ധി എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വ്യോമയാനരംഗത്ത് കൂടുതല്‍ കമ്പനികള്‍ കടന്നുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. നടപടി മറ്റ് വിമാന കമ്പനികള്‍ക്ക് കൂടി പാഠമാകുമെന്നും മന്ത്രി റാം മോഹന്‍ നായിഡു രാജ്യസഭയില്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ ഫ്‌ളൈറ്റ് റദ്ദാക്കലുകളില്‍ അന്വേഷണം നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിയോഗിച്ച നാലംഗ അന്വേഷണസമിതി ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെയും സിഒഒ ഇസിദ്രെ പോര്‍ക്വുറാസിനെയും നാളെ ചോദ്യം ചെയ്യാന്‍ വിളിച്ചേക്കും. സംഭവത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടു ജോണ്‍ ബ്രിട്ടാസ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിട്ടുണ്ട്. വിഷയത്തില്‍ ജുഡീഷല്‍ ഇടപെടല്‍ ആവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതിക്കു മുമ്പാകെ എത്തിയ പൊതുതാത്പര്യ ഹര്‍ജി നാളെ പരിഗണിക്കും.
അതേസമയം പ്രശ്‌നങ്ങള്‍ പതിയെപ്പതിയെ പരിഹരിച്ച് വരുന്നതായി ഇന്‍ഡിഗോ അധികൃതര്‍ പറയുന്നു
കഴിഞ്ഞദിവസം 1800 ല്‍ അധികം വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തി. റദ്ദാക്കുന്ന വിമാന സര്‍വീസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. അതേസമയം, പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാത്തതിനാല്‍ ഇന്നും സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരും. ഡി ജി സി എ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് കഴിഞ്ഞദിവസം ഇന്‍ഡിഗോ മറുപടി നല്‍കി. പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഇന്‍ഡിഗോ ചൂണ്ടിക്കാട്ടുന്നത്. ഡ്യൂട്ടി പരിഷ്‌കരണവും കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും അടക്കമുള്ള അഞ്ച് കാരണങ്ങളാണ് ഇന്‍ഡിഗോ അറിയിച്ചത്. ഈ മറുപടിയുടെയും നാലംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും കേന്ദ്രം തുടര്‍നടപടികള്‍ സ്വീകരിക്കുക.






