ആകാശദുരന്തം വഴിമാറുന്നത് കണ്‍മുന്നില്‍ കണ്ട് വീണ്ടും എയര്‍ ഇന്ത്യ വിമാനം; ആകാശത്തു വെച്ച് എന്‍ജിന്‍ ഓഫായി; മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ആകാശദുരന്തം വഴിമാറുന്നത് കണ്‍മുന്നില്‍ കണ്ട് വീണ്ടും എയര്‍ ഇന്ത്യ വിമാനം. ഒരു വിമാനത്തിന്റെ എന്‍ജിന്‍ ഭൂമിയില്‍ വെച്ച് ഓഫായി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ടെന്‍ഷന്‍ തോന്നാം, അപ്പോള്‍ വിമാനത്തിന്റെ എന്‍ജിന്‍ ആകാശത്ത് വെച്ച് ഓഫായി എന്നറിയുമ്പോഴോ…അതാണ് എയര്‍ ഇന്ത്യ വിമാനത്തിന് ഇന്നുണ്ടായത്. ആകാശത്തുവെച്ച് എന്‍ജിന്‍ ഓഫായി.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 777-300 ഇ ആര്‍ വിമാനം എന്‍ജിന്‍ ഗുരുതരമായ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം കുറഞ്ഞ് പ്രവര്‍ത്തനം നിലച്ചതോടെയാണ് നിലത്തിറക്കിയത്. വിമാനം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെയാണ് അധികൃതര്‍ക്ക് ശ്വാസം നേരെവീണത്.
വിമാനത്തിന്റെ വലത് ഭാഗത്തെ എഞ്ചിന്‍ ആകാശത്ത് വെച്ച് ഓഫായി എന്നാണ് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഇതിനെത്തുടര്‍ന്ന്, രാവിലെ 6.40 ന് വിമാനത്തിന് എമര്‍ജന്‍സി പ്രഖ്യാപിച്ചു.
സാങ്കേതികമായി സംഭവിച്ച തകരാറിനെക്കുറിച്ച് അധികൃതര്‍ പറയുന്നതിങ്ങനെ –
ഫ്‌ളാപ്പ് പിന്‍വലിക്കല്‍ സമയത്ത് വലതുവശത്തെ രണ്ടാമത്തൈ എന്‍ജിനില്‍ എന്‍ജിന്‍ ഓയില്‍ മര്‍ദ്ദം കുറവാണെന്ന് ഫ്‌ളൈറ്റ് ക്രൂ സ്ഥിരീകരിച്ചു. താമസിയാതെ, എന്‍ജിന്‍ ഓയില്‍ മര്‍ദ്ദം പൂജ്യമായി കുറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ച് വിമാനം സുരക്ഷിതമായി നിലത്തിറക്കി.
വിമാനത്തിന്റെ പരിശോധനയും അറ്റകുറ്റപ്പണിയും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച്, സാങ്കേതിക പ്രശ്നം കാരണം വിമാനം പറന്നുയര്‍ന്ന് അധികം താമസിയാതെ തിരിച്ചിറങ്ങിയതായാണ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചത്. അപ്രതീക്ഷിത സാഹചര്യം മൂലമുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.






