ടൈസൺ മാസ്റ്ററെ മാറ്റുമോ കെ കെ വത്സരാജ് വരുമോ : കൈപ്പമംഗലത്ത് സിപിഐ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ധാരണയായില്ല : തൃശൂരിൽ സിപിഐയുടെ മറ്റ് സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാർ തുടരും

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥിനിർണയ ചർച്ചകൾ പുരോഗമിക്കുമ്പോൾ തൃശൂർ ജില്ലയിലെ സ്ഥാനാർത്ഥികളെ കുറിച്ച് സിപിഐയിൽ ഏകദേശ ധാരണ.ജില്ലയിലെ സിപിഐയുടെ സിറ്റിംഗ് എംഎൽഎമാരെ മാറ്റേണ്ടതില്ല എന്ന ധാരണയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.കൈപ്പമംഗലം സീറ്റിന്റെ കാര്യത്തിൽ മാത്രമാണ് ചെറിയൊരു ആശയക്കുഴപ്പമുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ സിപിഐ സീറ്റുകളിൽ സ്ഥാനാർത്ഥിമാറ്റങ്ങൾ ഉണ്ടാവില്ലെന്ന് സൂചന. നിലവിലെ സിറ്റിംഗ് എംഎൽഎമാരിൽ ഇ.ടി.ടൈസൺ മാസ്റ്ററുടെ കാര്യത്തിൽ മാത്രമാണ് മാറ്റത്തിന് സാധ്യതയുള്ളത്.
കൈപ്പമംഗലം എംഎൽഎ ആയ ടൈസൺ മാസ്റ്റർക്ക് പകരം സിപിഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ വത്സരാജനെ മത്സര രംഗത്തിറക്കാൻ സിപിഐ സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാൽ ടൈസൺ മാസ്റ്ററെ മാറ്റേണ്ട ആവശ്യമില്ല എന്ന അഭിപ്രായവും ശക്തമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
തൃശൂർ ജില്ലയിലെ സിപിഐ എംഎൽഎമാർ ഉള്ള മറ്റു മണ്ഡലങ്ങളിൽ ഇപ്പോഴുള്ളവർ തന്നെ മത്സരിക്കട്ടെ എന്നാണ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ ഉയർന്നു വന്നിട്ടുള്ള പ്രാഥമിക അഭിപ്രായം.
അങ്ങനെയാണെങ്കിൽ തൃശൂരിൽ പി. ബാലചന്ദ്രനും ഒല്ലൂരിൽ കെ രാജനും നാട്ടികയിൽ സി.സി.മുകുന്ദനും കൊടുങ്ങല്ലൂരിൽ വി ആർ സുനിൽ കുമാറും മത്സരത്തിന് ഇറങ്ങും.
സിറ്റിംഗ് എംഎൽഎമാർക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കണം എന്ന അഭിപ്രായവും സീനിയർ നേതാക്കളെ രംഗത്തിറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വിഎസ് സുനിൽകുമാർ, കെ പി രാജേന്ദ്രൻ, സി എൻ ജയദേവൻ തുടങ്ങിയ പേരുകൾക്ക് പുറമേ വനിതാ പ്രതിനിധ്യവും ജില്ലയിൽ വേണമെന്ന് പറയുന്നവർ ഗീതാഗോപി അടക്കമുള്ളവരുടെ പേരുകളും ഉന്നയിക്കുന്നുണ്ട്.






