Breaking NewsKeralaLead NewsNEWSNewsthen Specialpolitics

 25 പൂക്കളിൽ താമരയില്ല: സഹിക്കുമോ ബിജെപിക്ക് : താമരയില്ലാതെ എന്തൂട്ട് സംസ്ഥാന സ്കൂൾ കലോത്സവം: കൗമാര കലാമേളയുടെ വേദികൾക്ക് പൂക്കളുടെ പേരിട്ടതിൽ നിന്ന് താമരയെ ഒഴിവാക്കിയതിൽ പ്രതിഷേധം 

 

തൃശൂർ: 25 പൂക്കളുടെ പേര് പറയാൻ പറഞ്ഞാൽ അതിൽ താമര എന്തായാലും ഉണ്ടാകും. എന്നാൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 25 വേദികൾക്ക് പൂക്കളുടെ പേരിട്ടപ്പോൾ അതിൽ താമരയ്ക്ക് അയിത്തം. കടക്കൂ പുറത്ത് എന്ന് ഇത്തവണ പറഞ്ഞത് താമരപ്പൂവിനോടാണ്.

Signature-ad

തൃശ്ശൂരിൽ പതിനാലാം തീയതി മുതൽ ആരംഭിക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് 25 വേദികൾക്കും കൊടുത്തിരിക്കുന്നത് വിവിധ പൂക്കളുടെ പേരുകളാണ്. എന്നാൽ എന്തുകൊണ്ടോ താമരയെ ഒഴിവാക്കി.

ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര എന്ന് സംഘാടകർക്കും അധികൃതർക്കും അറിയാമെങ്കിലും താമര കാണുമ്പോൾ ബിജെപിയെ ഓർമ്മ വരും എന്നതുകൊണ്ടാണ് താമരപ്പൂവിനെ വെട്ടി നിരത്തിയത് എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്

താമരയെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ബിജെപി തുടങ്ങിക്കഴിഞ്ഞു

എൽഡിഎഫ് സർക്കാർ താമര പേടിയിലാണെന്ന് ബിജെപി പരിഹസിക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവവേദികൾക്ക് 25 പൂക്കളുടെ പേരുകൾ നൽകിയിട്ടും താമരയുടെ പേര് നൽകാത്തത് അതുകൊണ്ടാണെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. വേദികൾക്ക് പൂക്കളുടെ പേരിട്ടപ്പോൾ ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും ബിജെപി നേതാക്കൾ പറഞ്ഞു..

25 പൂക്കളുടെ പട്ടിക തയ്യാറാക്കിയിട്ടും അതിൽ താമര ഉൾപ്പെടുത്താത്തത് “വിവാദം ഭയന്നാണെന്ന” സംഘാടക സമിതിയുടെ വിശദീകരണം സാംസ്കാരിക കേരളത്തിന് ഒട്ടും ചേർന്നതല്ലെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.

കലയും സംസ്കാരവും ആഘോഷിക്കുന്ന വേദികളിൽ പോലും ഇത്തരം രാഷ്ട്രീയ വിദ്വേഷം കലർത്തുന്നത് വരുംതലമുറയ്ക്ക് നൽകുന്ന തെറ്റായ സന്ദേശമാണ്. സാംസ്കാരിക ബോധവും വിവേചനശക്തിയും വേണ്ട അധികാരികൾ തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് അത്യന്തം അപകടകരമാണ്. ‘വിദ്യാരംഗം’ മാസികയുടെ ലോഗോയിൽ നിന്ന് താമര നീക്കം ചെയ്തത് മുതൽ ആരംഭിച്ച നീക്കങ്ങൾ എതിർക്കപ്പെടുക തന്നെ ചെയ്യും .ഇത്തരം നീക്കങ്ങളിൽ നിന്ന് അധികൃതർ പിന്തിരിയണം. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു .

കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി താമര വിരിഞ്ഞ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ താമര പിരിയുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കലാകേരളവും രാഷ്ട്രീയ കേരളവും.

മദ്യത്തിന് പേരിടൽ ചടങ്ങ്  നടത്താൻ ആഘോഷം കൂട്ടുന്ന സർക്കാർ തന്നെ മറുവശത്ത് പേരുവട്ടൽ ചടങ്ങ് നടത്തുകയാണ് എന്ന ആക്ഷേപവും ശക്തമാണ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: