മാളയിലും കോണ്‍ഗ്രസ്- ബിജെപി സഖ്യം: ഡിസിസി നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം; നുഴഞ്ഞു കയറിയവര്‍ പാട്ടിയെ ഹൈജാക്ക് ചെയ്‌തെന്നു വിമര്‍ശനം; വാര്‍ഡുകളില്‍ രഹസ്യ സഖ്യമെന്ന് സിപിഎം

മാള: മറ്റത്തൂരിനു പിന്നാലെ മാള പഞ്ചായത്തിലും കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടെന്ന് ആരോപം. സ്ഥിരം സമിതികളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ -അന്തര്‍ധാര- ആരോപണവുമായി സിപിഎമ്മിനു പിന്നാലെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. കോണ്‍ഗ്രസ് അംഗങ്ങളെടുത്ത രാഷ്ട്രീയ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലാപടിനു കളങ്കം വരുത്തിയ മാള മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ഡിസിസി ജനറല്‍ സെക്രട്ടറി എ.എ. അഷറഫ്, മാള ബ്ലോക്ക് കോണ്‍ഗ്രസ വൈസ് പ്രസിഡന്റ് ജോയ് ചാക്കോള, ജോമോന്‍ താഴത്തുപുറം, മുന്‍ ഡിസിസി അംഗം ബിനോയ് അതിയാരത്ത് എന്നിവര്‍ രംഗത്തെത്തി.
മറ്റത്തൂര്‍ മോഡല്‍ ആരോപണത്തില്‍ കഴമ്പില്ലെങ്കിലും കോണ്‍ഗ്രസില്‍ അടുത്തിടെ നുഴഞ്ഞു കയറിയവരുണ്ടാക്കിയ അവിശുദ്ധ ബന്ധമാണെന്നും ഇവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില ബിജെപി, എസ്ഡിപിഐ എന്നീ വര്‍ഗീയ പ്രസ്ഥാനങ്ങളുമായി ബന്ധവും പാടില്ലെന്നതാണു കോണ്‍ഗ്രസ് നയം. ഈ നിര്‍ദേശങ്ങള്‍ മാളയിലെ കോണ്‍ഗ്രസ് നേതൃത്വം കാറ്റില്‍ പറത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു സാമുദായിക പരിഗണന കൊടുക്കാതെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതാണു പരാജയത്തിനു കാരണം. ബിജെപിയുമായി നടത്തിയ കൂട്ടുകച്ചവടത്തില്‍ പങ്കാളിയായ കെപിസിസി നേതാവിന്റെ പങ്കിനെക്കുറിച്ചു സംഘനാതലത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
മറ്റത്തൂര്‍ മാതൃകയിലുള്ള അട്ടിമറിയാണ് നടത്തിയതെന്നെ് സിപിഎം മാള ഏരിയാ കമ്മിറ്റിയും ആരോപിച്ചു. മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയെ അകറ്റുന്നതിനും ജനാധിപത്യ വിശ്വാസികള്‍ അണിനിരക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു ഡസനോളം വാര്‍ഡുകളില്‍ ബിജെപി- കോണ്‍ഗ്രസ് രഹസ്യ ധാരണയുണ്ടായി. രണ്ട്, മൂന്ന്, അഞ്ച് വാര്‍ഡുകളില്‍ കൂട്ടുകച്ചവടം നടന്നു. ഒമ്പതംഗങ്ങളുള്ള എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും എട്ട് അംഗങ്ങളുള്ള യുഡിഎഫും നാല് അംഗങ്ങളുള്ള ബിജെപിയും ചേര്‍ന്നു ഭരണം പങ്കിടുകയായിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വികസന, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും ബിജെപി ക്ഷേമകാരയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും നേടിയെടുത്തത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് ശ്രമമുണ്ടായെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്നു നടപ്പായില്ല. അണ്ണല്ലൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും പരീക്ഷിച്ച കോണ്‍ഗ്രസ്- ബിജെപി സഖ്യം മാളയിലെ ഏതാനും വാര്‍ഡുകളിലും സജീവമാണെന്നും സിപിഎം ആരോപിക്കുന്നു.






