കിടു ലുക്കില്‍ വന്ദേഭാരതിന്റെ സ്ലീപ്പറെത്തുമ്പോള്‍ കേരളവും പ്രതീക്ഷയില്‍; കൊല്‍ക്കൊത്ത വന്ദേഭാരത് സ്ലീപ്പറില്‍ ബംഗാളി ഭക്ഷണം കിട്ടും: അസമില്‍ നിന്നുള്ളതില്‍ അസമീസ് ഭക്ഷണം; ദക്ഷിണേന്ത്യയിലേക്ക് കിട്ടുന്ന എട്ടില്‍ കേരളത്തിനും കിട്ടുമോ സ്ലീപ്പര്‍ ഭാരത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയ വന്ദേഭാരതിന്റെ പുതിയ എഡിഷനായ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കേരളത്തിനുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ട്രെയിന്‍ യാത്രികര്‍.
കിടു ലുക്കിലുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കാണുമ്പോള്‍ ഒരു ഹൈക്ലാസ് ലുക്കാണെന്ന് യാത്രക്കാര്‍ പറയുന്നു. കേരളത്തില്‍ നിന്ന് ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരു വന്ദേഭാരത് സ്ലീപ്പറെങ്കിലും ലഭിക്കണമെന്നാണ് റെയില്‍വേ പാസഞ്ചേഴ്സ് ആഗ്രഹിക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് കിട്ടുമെന്ന് കരുതുന്ന എട്ട് സ്ലീപ്പറുകളില്‍ കേരളത്തിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷകള്‍.
ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേക്കെത്തുന്നതിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫളാഗ് ഓഫ് ചെയ്യുക. ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഫ്ളാഗ് ഓഫ് വലിയ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.
റെയില്‍വേ യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന്റെ ആദ്യ റൂട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസമാാണ്പ്രഖ്യാപിച്ചത്. ഗുവാഹത്തി – കൊല്‍ക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക. ദീര്‍ഘദൂര യാത്രക്കാര്‍ക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും ലോകോത്തര സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിന്‍. കോട്ട – നാഗ്ദ സെക്ഷനില്‍ നടന്ന ഹൈ സ്പീഡ് ട്രയലില്‍ മണിക്കൂറില്‍ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്.

ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതില്‍ 11 ത്രീ – ടയര്‍ എസി കോച്ചുകള്‍ (611 സീറ്റുകള്‍), 4 ടൂ – ടയര്‍ എ സി കോച്ചുകള്‍ (188 സീറ്റുകള്‍), ഒരു ഫസ്റ്റ് ക്ലാസ് എ സി കോച്ച് (24 സീറ്റുകള്‍) എന്നിവയുണ്ടാകും. ആകെ യാത്രാശേഷി 823 ആണെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്.
വന്ദേഭാരതില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ പുതിയ മാറ്റങ്ങളും സ്ലീപ്പറിലുണ്ടാകും. അതാത് സ്ഥലത്തിന് യോജിച്ച രീതിയിലുള്ള ഭക്ഷണമായിരിക്കും സ്ലീപ്പറില്‍ നല്‍കുകയെന്നാണ് പറയുന്നത്. അതായത്്,
കൊല്‍ക്കത്തയില്‍നിന്നും പുറപ്പെടുന്ന ട്രെയിനില്‍ ബംഗാളി ഭക്ഷണവും, അസമില്‍ നിന്നും പുറപ്പെടുമ്പോള്‍ അസമീസ് ഭക്ഷണവുമായിരിക്കും വിളമ്പുക.

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ വരവ് ആഘോഷമാക്കാനുള്ള ബിജെപിയുടെ നീക്കത്തെ രാഷ്ട്രീയ പബ്ലിസിറ്റിക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനും വേണ്ടിയുള്ള നീക്കമാണെന്ന ആരോപണവുമായി വന്ദേഭാരത് ്സ്ലീപ്പറിനേക്കാള് മുന്നേ പ്രതിപക്ഷം ട്രാക്കിലിറങ്ങിയിട്ടുണ്ട്.






