തിരുവനന്തപുരം: എന്‍സിഇആര്‍ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആന്‍ഡ് സ്റ്റേഷനറി സ്ഥാപനങ്ങള്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്.
ഇതുസംബന്ധിച്ചു എന്‍സിഇആര്‍ടി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സ്ഥാപനങ്ങളില്‍ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകള്‍ പിടിച്ചെടുത്തു.
അതേസമയം, എന്‍സിഇആര്‍ടി പാഠഭാഗങ്ങള്‍ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ബാബറി മസ്ജിദ് ധ്വംസനം, ഗുജറാത്ത് കലാപം തുടങ്ങി നിരവധി ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍നിന്ന് മായ്ക്കാന്‍ ആണ് എന്‍സിഇആര്‍ടി ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
നേരത്തെയും ശാസ്ത്ര, സമൂഹശാസ്ത്ര, ചരിത്ര, രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായ വെട്ടി മാറ്റലുകള്‍ എന്‍സിഇആര്‍ടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉള്‍ക്കൊള്ളിച്ചുള്ള അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയാണ്. കുട്ടികള്‍ യാഥാര്‍ത്ഥ്യം പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ല. ആ നിലപാടുകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.