CrimeNEWS

സെലിബ്രിറ്റികളും പെരുമ്പാവൂര്‍ അനസും തമ്മിലെന്ത്? ഗുണ്ടാ നേതാവ് വിദേശത്തേക്ക് കടന്നത് വ്യാജ പാസ്‌പോര്‍ട്ടില്‍

കൊച്ചി: കൊലപാതകം, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസ് എന്ന ഗുണ്ടാതലവന്‍ ഗള്‍ഫിലേയ്ക്ക് കടന്നത് വ്യാജ പാസ്‌പോര്‍ട്ടിലാണെന്ന് റിപ്പോര്‍ട്ട്. ട്രെഡിങ്ങിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് അനസ് ദുബൈയിലേയ്ക്ക് കടന്നതായി ഗുണ്ടാനേതാവ് ഔറംഗസേബ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ അനസിന്റെ വ്യാജ പാസ്‌പോര്‍ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

കര്‍ണാടകയില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ച് പാസ്‌പോര്‍ട് തരപ്പെടുത്തി. ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ ഇങ്ങനെ വ്യാജമായി പാസ്‌പോര്‍ട്ട് നല്‍കുന്ന മാഫിയകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ ഗള്‍ഫിലേയ്ക്ക് കടന്ന അനസ് അവിടെ ബിസിനസ് ശ്യംഖല കെട്ടിപ്പടുക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിന് സിനിമാ താരങ്ങളുടെയും സഹായം അനസിന് ലഭിക്കുന്നുണ്ട്.

Signature-ad

അതേസമയം, കൊച്ചിയിലെ ഗുണ്ടാതലവനായ അനസിന് ഗള്‍ഫില്‍ താരപരിവേഷമാണ്. ഗള്‍ഫിലെ പ്രവാസി വ്യാവസായിയുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍ക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു. ശ്വോതാ മേനോന്‍, മാളവിക മേനോന്‍, സ്വാസിക, വിനയ് ഫോര്‍ട്ട്, ഷിയാസ് കരീം എന്നിവര്‍ക്കൊപ്പമാണ് അനസും ചടങ്ങില്‍ പങ്കെടുത്തത്. ഈ ബിസിനസില്‍ അനസിനും പങ്കുണ്ടെന്ന ആരോപണമുണ്ട്. എന്നാല്‍ അനസിന് ബിസിനസില്‍ പങ്കില്ലെന്നും ഒരു ഇന്‍സ്റ്റഗ്രാം താരമെന്ന നിലയില്‍ ക്ഷണിച്ചതാണെന്നുമാണ് കോഴിക്കോട് സ്വദേശിയായ വ്യവസായി മുഫിയുടെ വിശദീകരണം.

നടന്‍ ഷിയാസ് കരീമുമായി അനസ്സിന് വലിയ ബന്ധമെന്നാണ് ഇയാളുടെ സംഘാംഗമായിരുന്ന ഔറംഗസേബിന്റെ വെളിപ്പെടുത്തല്‍. നിരവധി ക്രിമിനല്‍ കേസില്‍പ്പെട്ട് കേരളത്തില്‍നിന്ന് മുങ്ങിയ പെരുമ്പാവൂര്‍ അനസ്, ദുബായില്‍ നിന്ന് സ്വര്‍ണ്ണക്കടത്തിന് ലക്ഷ്യമിടുന്നതായും സൂചനയുണ്ട്. ഇതിന് സിനിമാ രാഷ്ട്രീയ രംഗത്തുള്ളവരുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഔറംഗസേബ് തുറന്നുപറഞ്ഞിരുന്നു. നേരത്തെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തെക്കുറിച്ചുള്ള അന്വേഷണവും അനസ് ഉള്‍പ്പെടുന്ന ഗുണ്ടാ നേതാക്കന്മാരിലേയ്ക്കാണ് എത്തിപ്പെട്ടത്. കേരളത്തിലെ ക്രിമിനല്‍ കേസുകള്‍ക്കൊപ്പം ഗള്‍ഫിലെ ഇടപാടുകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കേണ്ടതാണ്.

Back to top button
error: