IndiaNEWS

നാഗൗര്‍ ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിര്‍ധയുടെ ആസ്തി 126 കോടി; സ്വന്തമായി കാറില്ല!

ജയ്പുര്‍: രാജസ്ഥാനിലെ നാഗൗറില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിര്‍ധയ്ക്ക് 126 കോടി രൂപയുടെ ആസ്തി. എന്നാല്‍, സ്വന്തമായി കാറില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തിലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ലൈസന്‍സുള്ള ഒരു തോക്കും പിസ്റ്റളും മിര്‍ധയുടെ പക്കലുണ്ട്. അവര്‍ക്ക് ജയ്പൂര്‍, ഗുരുഗ്രാം, മുംബൈ, നാഗൗര്‍ എന്നിവിടങ്ങളില്‍ പ്ലോട്ടുകളും ഫ്‌ലാറ്റുകളും കാര്‍ഷിക ഫാമുകളും ഉണ്ട്. ഇവരുടെ കൈവശം 1.70 ലക്ഷം രൂപ പണമായും ഭര്‍ത്താവിന്റെ പക്കല്‍ 1.40 ലക്ഷം രൂപയുമുണ്ട്. ജ്യോതി മിര്‍ധയുടെ ജംഗമ സ്വത്തുക്കള്‍ ഭര്‍ത്താവിനെക്കാള്‍ കുറവാണ്.ജ്യോതിക്ക് 4.23 കോടിയുടെ ജംഗമ ആസ്തിയും ഭര്‍ത്താവിന് 31.84 കോടി രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. കൂടാതെ സ്ഥാനാര്‍ഥിക്ക് 54.86 കോടി രൂപയുടെയും ഭര്‍ത്താവിന് 35.50 കോടിയുടെ സ്ഥാവര സ്വത്തുമുണ്ട്. ജ്യോതിക്ക് 16.59 കോടിയുടെ കടമുള്ളതായും ഭര്‍ത്താവില്‍ നിന്നും 19.83 കോടി രൂപ കടമായി വാങ്ങിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇവരുടെ മൂന്ന് അക്കൗണ്ടുകളിലായി 57.95 ലക്ഷം രൂപയും ഭര്‍ത്താവിന്റെ പേരില്‍ സ്ഥിര നിക്ഷേപമായി 6.82 ലക്ഷം രൂപ ഉള്‍പ്പെടെ 36 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലായി 1.98 കോടി രൂപയും ഓഹരികളില്‍ 5.98 ലക്ഷം രൂപയും മിര്‍ധ നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് 4 കോടി രൂപ സ്വര്‍ണ ബോണ്ടുകളിലും 5.60 ലക്ഷം രൂപ ഓഹരികളിലുമായി നിക്ഷേപിച്ചിട്ടുണ്ട്. മിര്‍ധയുടെ കൈവശം 2.756 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുണ്ട്. അതിന്റെ നിലവിലെ മൂല്യം 1.61 കോടി രൂപയാണ്. ഗുരുഗ്രാമിലെ (ഹരിയാന) റെയ്സിന ഗ്രാമത്തില്‍ രണ്ട് ഏക്കര്‍ ഭൂമിയും കനക് വൃന്ദാവനില്‍ (ഉത്തര്‍പ്രദേശ്) രണ്ട് പ്ലോട്ടുകളും ജ്യോതിക്കുണ്ട്. മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍, ഗുരുഗ്രാമിലെ ഒരു പ്ലോട്ടും നാഗൗറില്‍ (രാജസ്ഥാന്‍) നാല് പ്ലോട്ടുകളുമുണ്ട്.

2023 ലാണ് ജ്യോതി മിര്‍ധ ബി.ജെ.പിയില്‍ ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി ഹനുമാന്‍ ബെനിവാളാണ് എതിര്‍ സ്ഥാനാര്‍ഥി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ആര്‍എല്‍പി സ്ഥാനാര്‍ഥിയായി ബേനിവാള്‍ നാഗൗറില്‍ നിന്നും മത്സരിച്ചിരുന്നു.

 

Back to top button
error: