IndiaNEWS

പാര്‍ട്ടിയിലെത്തി പന്ത്രണ്ടാം ദിവസം പദവി; ശര്‍മിള ആന്ധ്രാപ്രദേശ് പി.സി.സി. അധ്യക്ഷ

വിശാഖപട്ടണം: മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മിളയെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞടുത്തു. എഐസിസി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി നാലിനാണ് വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശര്‍മിളയുടെ സഹോദരനും വൈഎസ്ആര്‍ കോണ്‍ഗ്രസ് മേധാവിയുമായി ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രാമുഖ്യമന്ത്രിയാണ്.

പിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രുദ്രരാജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Signature-ad

തെലങ്കാന നിയമസഭാ തെരഞ്ഞടുപ്പില്‍ വോട്ടുകള്‍ ഭിന്നിക്കുമെന്നതിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രശേഖര്‍ റാവുവിനെതിരെ വൈഎസ്ആര്‍ടിപി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. തുടര്‍ന്ന് തെലങ്കാനയില്‍ അധികാരത്തിലേറാനും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

13 വര്‍ഷത്തിന് ശേഷമാണ് വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും ശക്തമായ നീക്കമായിട്ടാണ് വൈഎസ് ശര്‍മ്മിളയെ പാര്‍ട്ടിനേതൃത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Back to top button
error: