IndiaNEWS

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ആപ്പിന് ‘കൈ’കൊടുത്ത് േകാണ്‍ഗ്രസ്; ബി.ജെ.പിയും ഇന്‍ഡ്യാ സഖ്യവും ആദ്യമായി നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: ചണ്ഡീഗഢ് നഗരസഭാ മേയര്‍ തെരഞ്ഞെടുപ്പില്‍ എ.എ.പി-കോണ്‍ഗ്രസ് സഖ്യം ചരിത്ര വിജയം നേടുമെന്ന് എ.എ.പി നേതാവ് രാഘവ് ഛദ്ദ. ബി.ജെ.പിയും ഇന്‍ഡ്യ മുന്നണിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് ഈ തെരഞ്ഞെടുപ്പോടെ തിരശ്ശീല ഉയരും. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സ്‌കോര്‍ കാര്‍ഡ് 1-0 എന്ന നിലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി സര്‍വ ശക്തിയുമെടുത്ത് പൊരുതി ചരിത്ര വിജയം നേടും. ഇതിനെ ഒരു സാധാരണ തെരഞ്ഞെടുപ്പായി കാണരുത്. ഇന്‍ഡ്യ മുന്നണിയും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. ശേഷം സ്‌കോര്‍ കാര്‍ഡ് 1-0 എന്ന നിലയിലായിരിക്കും” -ഛദ്ദ പറഞ്ഞു.

Signature-ad

മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. മേയര്‍ സ്ഥാനാര്‍ഥി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും രണ്ട് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസില്‍ നിന്നായിരിക്കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു. എ.എ.പി നേതാവ് കുല്‍ദീപ് കുമാര്‍ ടിറ്റയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസ് നോമിനികളായ ഗുര്‍പ്രീത് സിങ് ഗാബിയും നിര്‍മലാ ദേവിയും സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കും.

ഈ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് ഇരു പാര്‍ട്ടികളും മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നത്. ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതോടെ മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എ.എ.പി സഖ്യത്തിന് മുന്‍തൂക്കമുണ്ടാകും. 35 അംഗ ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് 14 കൗണ്‍സിലര്‍മാരാണുള്ളത്. എ.എ.പിക്ക് 13ഉം കോണ്‍ഗ്രസിന് ഏഴും കൗണ്‍സിലര്‍മാരാണുള്ളത്. ശിരോമണി അകാലിദളിന് ഒരു കൗണ്‍സിലറുണ്ട്.

 

 

 

Back to top button
error: