SportsTRENDING

മുംബൈയെ വീഴ്ത്തി 7.5 റേറ്റിംഗുമായി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി:ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്.

ആവേശകരമായ പോരാട്ടത്തിൽ മുംബൈയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്  കേരള ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്.വിദേശ മുന്നേറ്റ താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസും, ക്വാം പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.

മത്സരത്തിലെ പ്ലേയർ റേറ്റിംഗ് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യമാണ് കാണാൻ കഴിയുന്നത്.പ്രശസ്ത മാധ്യമമായ ഫോട്മോബിന്റെ റേറ്റിംഗ് പ്രകാരം പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സിന് 7.5 റേറ്റിംഗും മുംബൈക്ക് 6.4 റേറ്റിംഗുമാണ് നൽകിയിരിക്കുന്നത്.

Signature-ad

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്ലേയർ റേറ്റിംഗ് ഇങ്ങനെ…

സച്ചിൻ സുരേഷ് (GK) – 7.5
പ്രീതം കോട്ടാൽ – 7.4
മിലോസ് ഡ്രിൻസിക് – 7.4
മാർക്കോ ലീസ്കോവിച് – 7.3
നവോച്ച സിംഗ് – 7.2
വിബിൻ മോഹനൻ – 6.5
ഡാനിഷ് ഫാറൂഖ് – 7.1
മുഹമ്മദ് ഐമെൻ – 6.5
രാഹുൽ കെപി – 8.1
ദിമിത്രിസ് ഡയമന്റകോസ് – 8.5
ക്വാം പെപ്ര – 8.8
മുഹമ്മദ് അസർ – 7.3
പ്രബീർ ദാസ് – N/A
ഡെയ്സുകെ സകായ് – N/A
സന്ദീപ് സിംഗ് – N/A
ഇഷാൻ പണ്ഡിത – N/A

മുംബൈ സിറ്റി എഫ്സി താരങ്ങളുടെ റേറ്റിംഗ്…

ഫുർബ ലചെൻപ (GK) – 5.6
മെഹ്താബ് സിംഗ് – 7.2
തിരി – 6.6
റോസ്റ്റിൻ ഗ്രിഫിത്ത്സ് – 5.9
വാൽപുയ – 7.1
അപ്പൂയ – 5.9
യോൽ വാൻ നീഫ് – 7.6
ജയേഷ് രാനെ – 6.2
ലാലിയൻസുവാല ചാങ്‌ടെ – 6.1
ബിപിൻ സിംഗ് – 6.1
ജോർജ് പെരേര ഡയസ് – 6.3
നാസർ എൽ ഖയാതി – 6.5
സഞ്ജീവ് സ്റ്റാലിൻ – 6.5
വിനിത് റായ് – 6.2
ആയുഷ് – 6.6
നസർത് – 6.2

 

ക്രിസ്മസ് തലേന്ന് ആരാധകര്‍ക്ക് യഥാർത്ഥ ക്രിസ്മസ് വിരുന്നുതന്നെയാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ  ബ്ലാസ്‌റ്റേഴ്‌സ് ഒരുക്കിയത്.കളിയുടെ തുടക്കം മുതല്‍ ആധിപത്യം കാട്ടിയ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ലൂണയുടെ അഭാവത്തിലും മികച്ച കളി തന്നെയാണ് അവസാനം വരെ കാഴ്ചവെച്ചത്.

 

ഫസ്റ്റ് വിസിലോടെ  ആക്രമിച്ച് മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് 12ാം മിനുട്ടില്‍ത്തന്നെ മുന്നിലെത്തി. ഇടത് ഭാഗത്ത് നിന്ന് പന്തുമായി കുതിച്ച പെപ്ര മൂന്ന് പേരെ വെട്ടിയൊഴിഞ്ഞ് ദിമിത്രിയോസ് ഡയാമന്റക്കോസിന് ക്രോസ് നല്‍കി. താരത്തിന്റെ ഷോട്ട് ജയേഷ് റാണയേയും മറികടന്ന് പോസ്റ്റിലേക്ക്.(1-0)

 

തുടക്കത്തിലെ ആധിപത്യം മുതലാക്കിത്തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പിന്നീടങ്ങോട്ട് കളിച്ചത്. നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ച് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ ആദ്യാവസാനം വിറപ്പിച്ചു. 22ാം മുനുട്ടില്‍ മുംബൈയുടെ ജയേഷ് റാണയുടെ ബുള്ളറ്റ് ഷോട്ട് സച്ചിന്‍ മനോഹരമായി സേവ് ചെയ്തു.തുടക്കം മുതൽ ഒടുക്കം വരെ അടിച്ചുപിടിച്ചു നിന്ന ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയുടെ കരുത്തും അർപ്പണബോധവും ഇവിടെ എടുത്തുപറയേണ്ടതുണ്ട്.

 

ആദ്യ പകുതിയുടെ  ഇഞ്ച്വറി ടൈമിലായിരുന്നു രണ്ടാമത്തെ ഗോൾ.മനോഹരമായ ഒരു മുന്നേറ്റത്തിനൊടുവിൽ ദിമിത്രിയോസ് മറിച്ചുനൽകിയ പന്ത് ഒരു പിഴവും കൂടാതെ പെപ്ര മുംബൈയുടെ വലയിലെത്തിക്കുകയായിരുന്നു.(2-0)

 

അതിനിടെ ഗോളെന്നുറപ്പിച്ച മൂന്ന് അവസരങ്ങൾ ഗോളി മാത്രം മുന്നിൽ നിൽക്കെ മലയാളി താരം കെ പി രാഹുൽ പുറത്തേക്കടിച്ചു കളഞ്ഞത് മത്സരത്തിന്റെ ശോഭ കെടുത്തുകയും ചെയ്തു.

 

എന്നിരിക്കെയും ക്രിസ്മസ് രാവിൽ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിലെ വിജയം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചിട്ടുള്ളത്. മറ്റേതെങ്കിലും ടീമിനെ തോൽപ്പിക്കുന്നത് പോലെയല്ല മുംബൈ സിറ്റിയെ തോൽപ്പിച്ചത്,അതിന് പിന്നിൽ ഒരു പ്രതികാരദാഹം കൂടിയുണ്ടായിരുന്നു.മുംബൈ സിറ്റിയുടെ മൈതാനത്ത് നടന്നതൊന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല. അവരുടെ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരുന്ന പെരുമാറ്റവും വിസ്മരിക്കാൻ സാധിക്കുന്നതായിരുന്നില്ല.

 

റോസ്സ്റ്റിൻ ഗ്രിഫിത്ത്സ് ഉൾപ്പെടെയുള്ള താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെ അപമാനിച്ചിരുന്നു. അതിനെല്ലാം പലിശ സഹിതം പ്രതികാരം തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
34,981 പേരാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം  മത്സരം വീക്ഷിക്കാൻ കൊച്ചിയിൽ ഉണ്ടായിരുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ സ്റ്റേഡിയത്തിലെത്തി വീക്ഷിച്ച മത്സരം കൂടിയാണ് ഇത്.

Back to top button
error: