Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics
രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുംബ ജീവിതം നശിപ്പിച്ചു; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്; ‘വലിയ മാനനഷ്ടമുണ്ടായി, വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചു’

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി ആദ്യപരാതിക്കാരിയായ യുവതിയുടെ ഭർത്താവ്. രാഹുൽ കുടുംബജീവിതം നശിപ്പിച്ചുവെന്നും, തന്റെ അസാന്നിധ്യം മുതലെടുത്ത് ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതിയിൽപ്പറയുന്നു.
രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവിന്റെ ആവശ്യം. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ ചോദിക്കുന്നു.
മുൻപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, 36 കാരനായ മാങ്കൂട്ടത്തിൽ, താൻ രാഷ്ട്രീയക്കാരനായ കാലം മുതൽ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും, അങ്ങനെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു എന്ന് പറഞ്ഞ സ്ത്രീയുമായി പരിചയത്തിലാവുകയും, കാലക്രമേണ അവരുടെ ബന്ധം കൂടുതൽ ശക്തമായി മാറുകയുമായിരുന്നു എന്ന് പറഞ്ഞിരുന്നു.
വിവാഹിതയായിരിക്കെയാണ് ഇവർ മാങ്കൂട്ടത്തിലുമായി അടുപ്പത്തിലായത് എന്ന വാദത്തിന് മറുവാദം ഉയർന്നിരുന്നു. ഒരു മാസം മാത്രം നീണ്ടുനിന്ന വിവാഹബന്ധത്തിൽ കേവലം നാല് ദിവസങ്ങൾ മാത്രമാണ് അവർ ഭർത്താവുമൊന്നിച്ചു താമസിച്ചതെന്നും യുവതി വ്യക്തമാക്കി. ഇവർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി സമർപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ യുവതിയുടെ വിവാഹബന്ധത്തെക്കുറിച്ച് ചോദ്യവുമായെത്തിയ രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി.
രണ്ട് മാസത്തിനുള്ളിലാണ് പീഡനം മുതൽ ഗർഭച്ഛിദ്രം വരെ സംഭവിച്ചിരിക്കുന്നത്. 2025 മാർച്ച് 17ന് യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തി. ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചു. മെയ് അവസാന വാരം പാലക്കാട് ഉള്ള എംഎൽഎയുടെ ഫ്ലാറ്റിൽ ഇത് തുടർന്നു. മെയ് 30ന് ഗർഭചിദ്രത്തിനു വേണ്ട ഗുളികകൾ തിരുവനന്തപുരത്തെ കൈമനത്ത് വെച്ച് കൈമാറി. എംഎൽഎയുമായുള്ള ബന്ധം പുറത്ത് പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹിക്കുകയും സഹായിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ പരാമർശം.






