തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്നുവര്‍ഷം തടവ്; കാര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എംഎല്‍എ പദവിയില്‍ അയോഗ്യനാകും; ജ്യാമ്യവും സ്‌റ്റേയും ലഭിച്ചാലും സ്ഥാനം തെറിക്കും; സര്‍ക്കാരിനും തിരിച്ചടി

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ എംഎല്‍എ ആന്‍റണി രാജുവിനും കൂട്ടുപ്രതി കെ.എ.ജോസിനും മൂന്നു വര്‍ഷം തടവ്. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. വിധിയോടെ തിരുവനന്തപുരം എംഎല്‍എയായ ആന്‍റണി രാജു അയോഗ്യനാകും. നിലവില്‍ എംഎല്‍എയായിരിക്കാനോ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സാധിക്കില്ല. നിയമസഭാ സെക്രട്ടേറിയറ്റ് ഉടന്‍ വിജ്ഞാപനമിറക്കും. ജാമ്യം, സ്റ്റേ എന്നിവ ലഭിച്ചാലും അയോഗ്യത നിലനില്‍ക്കും.
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സര്‍ക്കാരിനും ആന്‍റണി രാജുവിനും വിധി കനത്ത തിരിച്ചടിയായി. നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെ ആന്റണി രാജുവിന്‍റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസുമായുള്ള ഉന്തുംതള്ളിലും കെഎസ്‍യു പ്രവര്‍ത്തകന് പരുക്കേറ്റു. ആന്റണി രാജുവിനെതിരെ കോണ്‍ഗ്രസ് കനത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയും അടിവസ്ത്രവും ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനിടെയാണ് ആന്‍റണി രാജു പുറത്തേക്കിറങ്ങിയത്. കാർ തടഞ്ഞതോടെ പൊലീസ് സുരക്ഷ ഒരുക്കി പുറത്തേക്ക് ഇറക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് കെഎസ്‍യു നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്‍റ് അഭിജിത്തിന് പരുക്കേറ്റത്. പ്രവര്‍ത്തകനെ പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം വരെ തെളിഞ്ഞതിനാല്‍ കൂടുതല്‍ ശിക്ഷ കിട്ടാനായി ശിക്ഷാവിധി മേല്‍ക്കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും മജിസ്ട്രേറ്റ് കോടതി തന്നെ ശിക്ഷ വിധിക്കുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഡാലോചന തുടങ്ങി ആറ് കുറ്റങ്ങളിലായി ഒമ്പതര വര്‍ഷം ശിക്ഷിച്ചെങ്കിലും ഏറ്റവും ഉയര്‍ന്ന കാലയളവായ 3 വര്‍ഷം അനുഭവിച്ചാല്‍ മതി. മൂന്ന് വര്‍ഷം വരെയുള്ള ശിക്ഷയായതിനാല്‍ കോടതി ഉടന്‍ തന്നെ ജാമ്യം അനുവദിച്ചതിനാല്‍ ജയിലില്‍ കിടക്കാതെ രക്ഷപെട്ടു. പക്ഷെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയസഭാഗംത്വം നഷ്ടമാകും. ഉത്തരവ് ലഭിക്കുന്നതോടെ നിയമസഭ സെക്രട്ടേറിയറ്റ് വിഞ്ജാപനം ഇറക്കും. ഇതോടെ ഈ വിധി ഹൈക്കോടതി റദ്ദാക്കിയില്ലങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പിലും മല്‍സരിക്കാനാവില്ല.
ലഹരി കേസിലെ പ്രതിയെ രക്ഷിക്കാന്‍ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കോടതി കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയിരുന്നു. 36 വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തില്‍ ആന്‍റണി രാജുവിനെയും കൂട്ടുപ്രതിയായ മുന്‍ കോടതി ഉദ്യോഗസ്ഥന്‍ കെ.എ.ജോസിനെയും നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. ഹാഷിഷ് കടത്തിയതിന് പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെതിരായ പ്രധാന തെളിവായ അടിവസ്ത്രമാണ് അന്ന് അഭിഭാഷകനായിരുന്നു ആന്‍റണി രാജു ഇടപെട്ട് രൂപമാറ്റം വരുത്തി കേസ് അട്ടിമറിച്ചത്.
1990 ല്‍ നടന്ന സംഭവത്തില്‍ ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പൊലീസ് കേസെടുത്തു. പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.d






