Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കെ-ടെറ്റും ഭിന്നശേഷി സംവരണവും: എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ പ്രതിഷേധങ്ങളെല്ലാം കോടതിയില്‍ അടിമുടി പൊളിഞ്ഞു; ഭിന്നശേഷി സംവരണത്തില്‍ ഹൈക്കോതി ഉത്തരവ് മറച്ചുവച്ച് മാനേജ്‌മെന്റുകള്‍; ഭിന്നശേഷിക്കാരെ ലഭിച്ചില്ലെങ്കില്‍ പത്രപ്പരസ്യം നല്‍കണമെന്ന മാനദണ്ഡവും പാലിക്കുന്നില്ല; തട്ടിപ്പു കാട്ടിയിട്ടും കുറ്റം സര്‍ക്കാരിന്

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും പല മാനേജ്മെന്റുകളും അതിനെതിരേ മുഖം തിരിച്ചിരുന്നു. സംവരണം പാലിച്ച് നിയമനം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണു ഹൈക്കോടതി തള്ളിയത്. 110 മാനേജ്മെന്റുകള്‍ കക്ഷിയായ കേസിലാണ് വിധി വന്നത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ ചോദ്യം ചെയ്ത് മാനേജ്മെന്റുകളും നിയമനം സ്ഥിരപ്പെടുത്തി കിട്ടാത്ത അധ്യാപകരും നല്‍കിയ ഹരജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

തിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനങ്ങള്‍ക്കു കെ-ടെറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. സര്‍ക്കാരിന്റെ കിരി നിയമമാണെന്ന് ആരോപിച്ചാണു കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, തുടര്‍ച്ചയായി അധ്യാപക നിയമനങ്ങള്‍ കോഴവാങ്ങി അട്ടിമറിക്കുന്ന മാനേജ്‌മെന്റുകള്‍ക്കു തിരിച്ചടിയാകുമെന്നു കണ്ടാണ് ഇത്തരം പ്രതിക്ഷേധങ്ങളെന്നു ചൂണ്ടിക്കാട്ടുന്നു. നേരത്തേ, അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന കോടതി ഉത്തരവും സര്‍ക്കാരിനെതിരേ തിരിച്ചു വിടാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളടക്കം ശ്രമിച്ചിരുന്നു.

സര്‍ക്കാര്‍ അനീതി കാട്ടുന്നെന്നു ചൂണ്ടിക്കാട്ടി തൃശൂരിലടക്കം കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രതിഷേധങ്ങളും നടത്തിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് അപ്പാടെ മറച്ചുവച്ചുള്ള നീക്കമാണ് മാനേജ്‌മെന്റുകളും ഒരുപറ്റം മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്നതെന്നാണ് ആരോപണം. ഭിന്നശേഷി സംവരണം പാലിച്ചുവേണം നിയമനം നടത്തേണ്ടിവരുമെന്ന ഉത്തരവ് അട്ടിമറിച്ച മാനേജ്‌മെന്റുകളിലെ മാത്രം അധ്യാപക നിയമനങ്ങളാണു തടഞ്ഞുവച്ചിട്ടുള്ളത്.

Signature-ad

സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച തസ്തികകളില്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം സംവരണം പാലിച്ച് നിയമനം നടത്തണമെന്നാണു ഹൈക്കോടതി ഉത്തരവ്. നിയമനം നടത്താന്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ഉത്തരവിലുണ്ട്.

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും പല മാനേജ്മെന്റുകളും അതിനെതിരേ മുഖം തിരിച്ചിരുന്നു. സംവരണം പാലിച്ച് നിയമനം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണു ഹൈക്കോടതി തള്ളിയത്. 110 മാനേജ്മെന്റുകള്‍ കക്ഷിയായ കേസിലാണ് വിധി വന്നത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ ചോദ്യം ചെയ്ത് മാനേജ്മെന്റുകളും നിയമനം സ്ഥിരപ്പെടുത്തി കിട്ടാത്ത അധ്യാപകരും നല്‍കിയ ഹരജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ഒരു സ്‌കൂളിനെ ഒറ്റ യൂണിറ്റായി പരിഗണിച്ചുവേണം ഒഴിവുകള്‍ നിശ്ചയിക്കാനെന്നതടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. സര്‍ക്കാര്‍ ഉത്തരവുകളെല്ലാം വാലിഡാണെന്നും ഇതിനിടയില്‍ സുപ്രീംകോടതിയിലെ കേസുകളില്‍ വന്ന ഇടക്കാല ഉത്തരവുകള്‍ കൂടി പരിഗണിച്ച് മികച്ച രീതിയില്‍ ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

1995ലെ പി.ഡബ്ല്യു.ഡി ആക്ടിലും 2016 ലെ ആര്‍.പി.ഡി ആക്ടിലുമാണ് എയിഡഡ് മേഖലയിലെയടക്കം ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്നത്. 1996 മുതല്‍ മൂന്ന് ശതമാനവും 2016 മുതല്‍ നാല് ശതമാനവും ഭിന്നശേഷിക്കാര്‍ക്കായി സംവരണം ഏര്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. 1995ലെ പി.ഡബ്ല്യു.ഡി ആക്ടും 2016 ലെ ആര്‍.പി.ഡി ആക്ടും തമ്മില്‍ വലിയ വ്യത്യാസമില്ല. അടിസ്ഥാനം ഏകദേശം ഒന്നു തന്നെയാണ്. 1996-ലെ ആക്ടില്‍ ഭിന്നശേഷി വിഭാഗത്തെ ഏഴ് കാറ്റഗറിയായിട്ടായിരുന്നു തരംതിരിച്ചിരുന്നത്. എന്നാല്‍ 2016-ല്‍ അത് 21 ആയി മാറി. കാതലായ വ്യത്യാസങ്ങളില്ലാതെയാണ് 2016-ലെ പുതിയ നിയമം നിലവില്‍ വന്നത്. 1995-ല്‍ ആക്ട് വരികയും 1996-ല്‍ റൂള്‍ വരികയും ചെയ്തിട്ടും ഇങ്ങനെയൊരു സംഭവം ഇല്ലെന്ന തരത്തിലായിരുന്നു കേരളത്തിലെ മാനേജ്‌മെന്റുകളും പൊതുമേഖലാ സ്ഥാപനങ്ങളും പെരുമാറിയത്. സര്‍ക്കാര്‍ അലവന്‍സും സര്‍ക്കാര്‍ ശമ്പളവും സര്‍ക്കാരിന്റെ മറ്റാനുകൂല്യങ്ങളും ലഭിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെല്ലാം ഈ നിയമം ബാധകമാണ്.

 

എയ്ഡഡ് മേഖലയില്‍ ഈ നിയമം ബാധകമല്ലെന്നായിരുന്നു ഇത്രയും കാലം എയ്ഡഡ് മാനേജ്‌മെന്റ് അധികൃതര്‍ വാദിച്ചിരുന്നത്. 1995-ല്‍ തന്നെ ആക്ട് നിലവില്‍ വന്നെങ്കിലും പല സംസ്ഥാനങ്ങളും ഈ ആക്ടിനോട് വിമുഖത കാണിക്കുകയാണ് ചെയ്തത്. സംസ്ഥാനങ്ങള്‍ 1995 ലെ പിഡബ്ല്യുഡി ആക്ടിനോട് വിമുഖത കാണിച്ചതോടെ സുനന്ദ ഭണ്ഡാരി ഫൗണ്ടേഷന്‍ സുപ്രീംകോടതിയില്‍ കേസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളെയും സ്വമേധയാ കക്ഷി ചേര്‍ക്കുകയും ചീഫ് സെക്രട്ടറിമാരോട് അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ പറയുകയും ചെയ്തു. ഇതോടെ കേരളത്തിനും ഇത് ഫയല്‍ ചെയ്യേണ്ടതായി വന്നു.

ഇതിനിടയില്‍ 2016 -ല്‍ 1995 പിഡബ്ല്യുഡി ആക്ട് മാറി ആര്‍പിഡി ആക്ട് നിലവില്‍ വന്നു. അപ്പോഴും സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 1995- ലെ നിയമം മാറിയാണ് 2016- ലെ പുതിയ നിയമം വരുന്നത്. അപ്പോഴും സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ സാമൂഹിക നീതി വകുപ്പ് 18-11-2018 ല്‍ ആദ്യമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതിലാണ് 1996 മുതല്‍ മൂന്ന് ശതമമാനം ഭിന്നശേഷി സംവരണവും 2016 മുതല്‍ നാല് ശതമാനം സംവരണവും എല്ലാ എയിഡഡ് മാനേജ്മെന്റ് സ്‌കൂളുകളും നടപ്പാക്കണമെന്ന് പറയുന്നത്. സുനന്ദ ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണെങ്കിലും ഭിന്നശേഷി സംവരണത്തില്‍ ആദ്യമായി ഉത്തരവ് പുറപ്പെടുവിക്കുന്നത് 2018ല്‍ കേരളമാണ്. 07-02-1996 മുതല്‍ 18-04-2017 വരെ മൂന്ന് ശതമാനവും ( ഒന്നാമത്തെ ആക്ടന്റെ സമയം ) അതിനുശേഷം 19-04-2017 മുതല്‍ നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഉത്തരവ് നിലനില്‍ക്കുമ്പോഴും കേരളത്തിലെ എയിഡഡ് സ്‌കൂള്‍ മാനജ്മെന്റ് ഭിന്നശേഷി സംവരണം വേണ്ടത്ര ഗൗരവത്തില്‍ എടുക്കുകയോ സംവരണം നടപ്പാക്കുകയോ ചെയ്തിരുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസ നയമനുസരിച്ച് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്താനുള്ള അധികാരം അതാത് മാനേജര്‍മാര്‍ക്കാണ്. ഇതേ മാനേജ്മെന്റ് തന്നെയാണ് ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഒഴിവുകളില്‍ നിയമനം നടത്തുന്നതില്‍ കടുത്ത അനാസ്ഥ കാണിക്കുന്നത്.

എന്നാല്‍ ഈ വ്യവസ്ഥ വ്യാപകമായി ലംഘിക്കപ്പെടുന്നതോടൊപ്പം ഭിന്നശേഷി സംവരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെയും എയ്ഡഡ് മേഖലയെയും നശിപ്പിക്കുന്നുവെന്ന തരത്തിലാണ് പല മാനേജ്‌മെന്റുകളും പ്രചരണം നടത്തിയത്. സംവരണാടിസ്ഥാനത്തില്‍ നിയമനം നടത്താതിരിക്കുന്നതോടൊപ്പം ഭിന്നശേഷി സംവരണം അട്ടിമറിക്കാനും അതിന് തടയിടാനും കേരളത്തിലെ പല മാനേജ്‌മെന്റും ശ്രമിക്കുകയും ചെയ്തിരുന്നു.

2018ലെ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മാനേജ്മെന്റുകള്‍ ഹരജി നല്‍കിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംവരണം നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി ജസ്റ്റിസ് പി.വി ആശ ശരിവെക്കുകയായിരുന്നു. 26-08-2020-ലാണ് മാനേജുമെന്റുകള്‍ക്കെതിരായ ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ് വരുന്നത്.

സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്‍ കേരളയും കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ കേരളയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2016- ലെ ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമപ്രകാരം ഉത്തരവുകള്‍ നടപ്പാക്കാനും കോടതി അന്ന് നിര്‍ദേശം നല്‍കുകയാണ് ഉണ്ടായത്. തുടര്‍ന്ന് കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്‍ കേരളയും കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ കേരളയും സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീം കോടതിയും കേസ് തള്ളി. അതോടെ 2018-ലെ സാമൂഹിക നീതിയുടെ ഉത്തരവ് പാലിച്ചേ പറ്റൂ എന്ന സ്ഥിതി വന്നു. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം പാലിക്കാതെ നിയമനങ്ങള്‍ തുടര്‍ന്നതോടെ വീണ്ടും ഹൈക്കോടതിയില്‍ ഹരജിയെത്തി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പ്രസിഡന്റ് കെ.ജെ വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

അപ്പോഴും ഭിന്നശേഷിക്കാര്‍ക്ക് എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമപ്രകാരമുള്ള സംവരണം നല്‍കണമെന്നും 2018 നവംബര്‍ 18 ന് സാമൂഹിക നീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ പാലിക്കണമെന്നുമാണ് 10-08-2022 ല്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍ വിധി പറഞ്ഞത്. ഭിന്നശേഷി സംവരണത്തില്‍ എയ്ഡഡ് സ്‌കൂളുകള്‍ നിയമനം നടത്തുന്നില്ലെങ്കില്‍ 2018 മുതലുള്ള അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കേണ്ടതില്ലെന്നടക്കം ഹൈക്കോടതി കര്‍ശനമായ നിലപാട് എടുക്കുകയും ചെയ്തിരുന്നു. ഈ വിധിയില്‍ എല്ലാ സ്‌കൂളുകളിലെയും ഭിന്നശേഷിക്കാരുടെ കുടിശിക (ബാക് ലോഗ്) എത്രയാണെന്ന് ഉടനെ കണ്ടെത്തണമെന്നും പറഞ്ഞിരുന്നു. എല്ലാ സ്‌കൂളുകളും 1996 മുതല്‍ എത്ര കുടിശികയുണ്ടെന്ന് സര്‍ക്കാരിന്റെ സമന്വയ എന്ന പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണമെന്നും അതനുസരിച്ച് ഭിന്നശേഷി സംവരാണിടസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ വിധിയില്‍ പറഞ്ഞു.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലാണ് 2024 നവംബര്‍ 30 ന് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനം നടത്തുന്നത് വരെ 2021 നവംബര്‍ എട്ടിന് ശേഷമുള്ള മറ്റ് നിയമനങ്ങള്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നാണ് ഈ സര്‍ക്കുലറില്‍ പറയുന്നത്. നിയമന ഉത്തരവ് നല്‍കുന്നത് ദിവസ വേതനാടിസ്ഥാനത്തില്‍ തന്നെയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുകയും വേണം.

 

ഹൈക്കോടതി വിധിക്ക് വിരുദ്ധമായി ദിവസവേതനാടിസ്ഥാനത്തിലല്ലാതെ നിയമനങ്ങള്‍ നടത്തിയ ഉത്തരവുകള്‍ മടക്കി നല്‍കാനും, ഈ നിയമന ഉത്തരവുകള്‍ ദിവസവേതനാടിസ്ഥാനത്തില്‍ സമര്‍പ്പിക്കുമ്പോള്‍ മറ്റ് വിധത്തില്‍ അര്‍ഹതയുണ്ടെങ്കില്‍ അംഗീകരിച്ചു നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്. ഹൈക്കോടതി ഉത്തരവ് മറികടന്ന് ഭിന്നശേഷി സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എയ്ഡഡ് മാനേജ്മെന്റുകളെ നിലയ്ക്കു നിര്‍ത്തുന്നതായിരുന്നു ഈ സര്‍ക്കുലര്‍. എന്നാല്‍ ഈ സര്‍ക്കുലറിനെയും അധ്യാപക സംഘടനകളെയടക്കം കൂട്ടു പിടിച്ച് എയ്ഡഡ് സംവിധാനത്തെ മുഴുവന്‍ സര്‍ക്കാര്‍ തകരാറിലാക്കുന്നുവെന്ന തരത്തിലുള്ള പ്രൊപ്പഗാന്റ സൃഷ്ടിച്ച് ഇല്ലാതാക്കുകയാണ് മാനേജ്മെന്റുകള്‍ ചെയ്തത്. ഇതിന്റെയടിസ്ഥാനത്തില്‍ നാളിതുവരെയായി നിയമനം ലഭിക്കാത്ത ഭിന്നശേഷി ഉദ്യോഗാര്‍ഥികളെ മുഴുവന്‍ മറന്ന് എയ്ഡഡ് നിയമനം കുരുക്കിലാണെന്ന തരത്തില്‍ മാനേജ്മെന്റുകള്‍ക്ക് ഒത്താശ ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും മടിയുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

2024 ഡിസംബര്‍ രണ്ടിനാണ് ‘എയിഡഡ് നിയമനം കുരുക്കില്‍’ എന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ മലയാള മനോരമ പത്രത്തില്‍ വാര്‍ത്ത വരുന്നത്. ഭിന്നശേഷി സംവരണം, വീഴ്ചയുള്ള സ്‌കൂളുകളില്‍ നിയമന വിലക്ക്, കഴിഞ്ഞ 3 വര്‍ഷത്തെ സ്ഥിര നിയമനങ്ങള്‍ റദ്ദാക്കാന്‍ നിര്‍ദേശം, ആയിരക്കണക്കിനു പേരെ ബാധിക്കുന്നു എന്നെല്ലാമാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. 2024 നവംബര്‍ 30 ന് എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

നിയമപ്രകാരം ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ അട്ടിമറിച്ച് നിയമനം നടത്തുന്ന എയിഡഡ് സ്‌കൂളുകള്‍ക്കാണ് ഈ ഉത്തരവ് ബാധകമെന്ന് മനോരമ മറച്ചു പിടിക്കുകയാണ് ചെയ്തത്. അര്‍ഹരെ പുറത്താക്കി മാനേജ്മെന്റ് തോന്നിയത് പോലെ നടത്തിയ നിയമനത്തിന്‍ മേലാണ് ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന അനീതി നടന്നുവെന്ന തരത്തില്‍ മനോരമ വാര്‍ത്ത നല്‍കിയത്. മൂന്ന് തവണ പത്രപരസ്യം നല്‍കിയിട്ടും ഭിന്നശേഷി സംവരണത്തിലേക്ക് നിയമിക്കാന്‍ ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലെന്നും മാസങ്ങളോളം ഭിന്നശേഷി നിയമനം സര്‍ക്കാരിനെ അറിയിച്ചെങ്കിലും തീരുമാനമുണ്ടായില്ലയെന്ന അടിസ്ഥാനരഹിതമായ കാര്യവും മനോരമയുടെ വാര്‍ത്തയിലുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴും നിരവധി ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ ബി.എഡ്, സെറ്റ്, നെറ്റ് അടക്കമുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും ജോലി കാത്തിരിക്കുന്നുണ്ട്. പഠനം കഴിഞ്ഞ് ജോലി കാത്തിരിക്കുന്ന നിരവധി ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെ കാണാതെയാണ് മാധ്യമങ്ങള്‍ ഇത്തരം പ്രൊപ്പഗാന്റ പടച്ചു വിടുന്നത്. ഭിന്നശേഷി സംവരണം മുന്‍കാല പ്രബല്യത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും ഇരുന്നൂറില്‍ താഴെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമാണ് ഇത് വരെ നിയമനം ലഭിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് ഭിന്നശേഷി സംവരണാടിസ്ഥാനത്തിലുള്ള നിയമനം നടക്കുക. എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് മാനേജ്‌മെന്റ് റിക്വസ്റ്റ് നല്‍കണമെന്നും അങ്ങനെ നല്‍കുന്ന പട്ടികയില്‍ നിന്നും സ്ഥിര നിയമനം നടത്തണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്.

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചില്‍ ഓരോ സ്‌കൂളുകളും അവരവരുടെ കുടിശിക എത്രയാണോ അതനുസരിച്ച ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ ആളെ വേണം എന്ന് പറഞ്ഞ് അപേക്ഷ നല്‍കണം. അതിനനുസരിച്ച് ഭിന്നശേഷിക്കാരായ അപേക്ഷകരുടെ പേരുവിവരങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നു. അങ്ങനെയാണ് ഇപ്പോള്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത്.

ഇങ്ങനെ ഉദ്യോഗാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ പത്രപരസ്യം നല്‍കണമെന്നും ഉത്തരവിലുണ്ട്. ഭിന്നശേഷി സംവരണത്തിന് അര്‍ഹരായവരെ തേടി ആയിരത്തി അഞ്ഞൂറോളം എയിഡഡ് സ്‌കൂളുകള്‍ മാത്രമാണ് ഇത് വരെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചിട്ടുള്ളത്. കേരളത്തിലെ ആകെയുള്ള 14205 സ്‌കൂളുകളില്‍ 8210 എണ്ണവും എയ്ഡഡ് സ്ഥാപനങ്ങളാണ്. 1996 മുതലുള്ള ഭിന്നശേഷി ഒഴിവ് കണക്കാക്കി 2023 ഓഗസ്റ്റിന് മുമ്പ് നിയമനം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 2018 ലാണ് സംസ്ഥാനത്ത് എയിഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് ഇറങ്ങുന്നത്. 2017 ഏപ്രില്‍ 19 മുതലുള്ള മൊത്തം ഒഴിവുകളുടെ നാല് ശതമാനമാണ് ഇത് വഴി ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്നത്. 2016 ലെ ആക്ടിലാണ് എയിഡഡ് വിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കുന്നത് നാല് ശതമാനമാക്കിയത്. ഇതനുസരിച്ച് 1996 ഫെബ്രുവരി ഏഴ് മുതല്‍ 2017 ഏപ്രില്‍ 18 വരെ ഓരോ മാനേജ്മെന്റിനും കീഴിലുള്ള ഒഴിവുകളുടെ മൂന്ന് ശതമാനവും അതിനു ശേഷം വരുന്ന ഒഴിവുകളുടെ നാല് ശതമാനവും ഭിന്നശേഷിക്കാര്‍ക്ക് അവകാശപ്പെട്ടതാണ്.

ഭിന്നശേഷിക്കാരില്ല എന്ന കാരണം പറഞ്ഞ് നിയമം നടപ്പാക്കാതിരിക്കാനാകില്ല എന്ന് സെക്ഷന്‍ 34-ല്‍ കൃത്യമായി പറയുന്നുണ്ട്. മാനദണ്ഡങ്ങളനുസരിച്ച് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ഉദ്യോഗാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ പത്ര പരസ്യം നല്‍കാമെന്നുമുണ്ട്. ആര്‍.പി.ഡബ്ലൂ.ഡി ആക്ടിലെ സെക്ഷന്‍ 34-ലെ വ്യവസ്ഥകള്‍ പാലിച്ച് മാനേജര്‍ക്ക് നിയമനം നടത്താനുമാകും. എന്നാല്‍ എംപ്ലോയ്‌മെന്റ് എക്സേഞ്ചുമായി ബന്ധപ്പെടാനോ ബാക്ക്ലോഗ് അനുസരിച്ച് നിയമനം നടത്താനോ പോലും തയ്യാറാകാതെ കേസിലൂടെ ഭിന്നശേഷി സംവരണത്തെ മറികടക്കാനാണ് മാനേജ്മെന്റുകള്‍ ശ്രമിക്കുന്നത്. ഒപ്പം വിവാദങ്ങളും പടച്ചുവിടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: