എന്തുകൊണ്ട് ആക്രമണം? ബസ് ഡ്രൈവറില്‍നിന്ന് ഹ്യൂഗോ ഷാവെസിന്റെ വിശ്വസ്തനായി വെനസ്വേലന്‍ പ്രസിഡന്റ് പദവിവരെ; ട്രെന്‍ ഡി അറാഗ്വ ക്രിമിനല്‍ ഗാങ് മുതല്‍ മയക്കുമരുന്നു കയറ്റുമതിവരെ കുറ്റം; ‘ട്രംപ് കോറലറി’ പ്രഖ്യാപനത്തോടെ ഇടപെടല്‍ ഉറപ്പിച്ചു: മഡൂറോ ട്രംപിന് വില്ലനായത് ഇങ്ങനെ

ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ യുഎസ്് ഡെല്‍റ്റ ഫോഴ്‌സ് പിടികൂടിയതിനു പിന്നാലെ എല്ലാ കാര്യങ്ങളും അമേരിക്കയിലിരുന്ന് ടിവി ഷോ കാണുന്നതുപോലെ കണ്ടെന്നാണ് ട്രംപ് അവകാശപ്പെട്ടത്. മഡുറോയും ഭാര്യയും നിലവില്‍ യു എസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടന്‍ ന്യൂയോര്‍ക്കില്‍ എത്തിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മഡൂറയെ അമേരിക്കന്‍ കമാന്‍ഡോകള്‍ പിടികൂടുന്നത് ഒരു ടി വി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്നും ഫോക്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വെളിപ്പെടുത്തി. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം അമേരിക്കന്‍ യുദ്ധ കപ്പലില്‍ എത്തിച്ചെന്നും ഈ അതീവ സങ്കീര്‍ണ്ണമായ ദൗത്യത്തിനിടെ ചില അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാത്രി അമേരിക്ക വെനസ്വേലയില്‍ വ്യാപകമായ വ്യോമാക്രമണങ്ങള്‍ നടത്തിയാണ് ഓപ്പറേഷന് തുടക്കമിട്ടത്. പുലര്‍ച്ചെയ്ക്കു മുമ്പ് തലസ്ഥാനമായ കാരക്കാസില്‍ സ്‌ഫോടനങ്ങളുണ്ടായി. അല്‍പ സമയത്തിനുശേഷം പ്രസിഡന്റും ഭാര്യ സീലിയ ഫ്‌ളോറസും പിടിയിലാണെന്നു ട്രംപ് പ്രഖ്യാപിച്ചു. 2020ലെ കുറ്റപത്രത്തില്‍ പറയുന്നതുപോലെ നാര്‍ക്കോ- ടെററിസം ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിചാരണ നേരിടേണ്ടിവരുമെന്നു അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു.
സെപ്റ്റംബര്‍ മുതല്‍ അമേരിക്കന്‍ നാവികസേന വെനസ്വേലന്‍ തീരത്ത് വന്‍ നാവിക സന്നാഹം നടത്തിയിരുന്നു. കരീബിയനിലും പസിഫിക്കിലും ആരോപിത ലഹരിക്കടത്ത് ബോട്ടുകള്‍ക്കെതിരെ വ്യോമാക്രമണങ്ങള്‍ നടത്തി. വെനിസ്വേലന്‍ ഓയില്‍ ടാങ്കറുകള്‍ പിടിച്ചെടുത്തു. ബോട്ടുകള്‍ക്കെതിരായ ആക്രമണങ്ങളില്‍ കുറഞ്ഞത് 110 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം ലഭിക്കാനുള്ള നീക്കമാണിതെന്നാണു വെനസ്വേല അധികൃതര്‍ പറയുന്നത്. ഇതു സ്ഥിരീകരിക്കുന്ന രീതിയില്‍ ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമഖത്തില്‍ ‘വെനസ്വേലയുടെ എണ്ണ വ്യവസായത്തില്‍ ഇടപെടുമെന്നും’ ട്രംപ് വ്യക്തമാക്കി.
എങ്ങനെ ഇവിടെ എത്തി?
ട്രംപ് തന്റെ രണ്ടാം ടേമില്‍ അധികാരമേറ്റതു മുതല്‍ മഡൂറോയെ ലക്ഷ്യമിട്ടിരുന്നു. വെനസ്വേലന്‍ ഭരണകൂടത്തിനെതിരേ വന്‍ കാമ്പെയ്‌നുകള്‍ നടത്തി. അമേരിക്കയിലെ അസ്ഥിരതയ്ക്ക് പിന്നില്‍ മഡുറോയാണെന്ന് ആരോപിച്ചു. ലഹരിക്കടത്തും അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും ഉള്‍പ്പെടെ മഡൂറോ ഒത്താശ ചെയ്യുന്നെന്നും ആരോപണം ഉയര്‍ന്നു. ജൂലൈയില്‍ അമേരിക്ക മദുറോയുടെ തലയ്ക്ക് 50 മില്യണ്‍ ഡോളര്‍ (37 മില്യണ്‍ പൗണ്ട്) ഇനാം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു കടത്തുകാരില്‍ ഒരാളാണെന്നും പ്രഖ്യാപിച്ചു.
ട്രംപിന്റെ ഭരണകൂടം വെനിസ്വേലന്‍ ഗ്യാങ്ങുകളായ ട്രെന്‍ ഡി അറാഗ്വയെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചു. കരീബിയന്‍ കടലില്‍ ആരോപിത ലഹരിക്കടത്തുകാര്‍ക്കെതിരെ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചു. ഉടന്‍ തന്നെ വെനിസ്വേലന്‍ ടാങ്കറുകള്‍ പിടിച്ചെടുക്കുകയും ദക്ഷിണ അമേരിക്കന്‍ രാജ്യത്തെ ചുറ്റിയുള്ള ജലാതിര്‍ത്തികളില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തു.
നവംബര്‍ അവസാനം ട്രംപ് മദുറോയ്ക്ക് അന്ത്യശാസനം നല്‍കി: ‘അധികാരം വിട്ടുകൊടുക്കുക, രാജ്യത്ത് നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ അവസരം നല്‍കും’. മദുറോ ആ ഓഫര്‍ നിരസിച്ചു. വെനിസ്വേലന്‍ ആരാധകരോട് പറഞ്ഞു: ‘അടിമയുടെ സമാധാനം’ വേണ്ട. അമേരിക്ക തന്റെ രാജ്യത്തിന്റെ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നെന്നും ഒപ്പം പറഞ്ഞു.
ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം കൂട്ടിയപ്പോള്‍ കാരക്കാസ് ആശയക്കുഴപ്പത്തിലായി. അപ്പോഴും ‘അമേരിക്കയുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെ’ന്നായിരുന്നു മഡൂറോയുടെ നിലപാട്. ഒരിക്കല്‍ വെനിസ്വേലന്‍ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ ‘യുദ്ധം വേണ്ട, സമാധാനം വേണം’ എന്ന ഗാനത്തിന് നൃത്തം ചവിട്ടി. പിടികൂടലിന് രണ്ട് ദിവസം മുമ്പ്, വ്യാഴാഴ്ച, ടെലിവിഷന്‍ അഭിമുഖത്തില്‍ മദുറോ പറഞ്ഞു: ‘രാജ്യത്തിന്റെ എണ്ണ മേഖലയില്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്യും’.

അമേരിക്കയും വെനിസ്വേലയും എന്തുകൊണ്ട് ശത്രുക്കള്‍?
1999-ല്‍ ഹ്യൂഗോ ഷാവേസ് പ്രസിഡന്റായതു മുതലാണു ബന്ധം വഷളായത്. സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റും ആന്റി-ഇംപീരിയലിസ്റ്റുമായ ഷാവേസ് അമേരിക്കയെ പ്രകോപിപ്പിച്ചു. അഫ്ഗാനിസ്താനും ഇറാക്കും ആക്രമിച്ചതിനെ എതിര്‍ത്തു. ക്യൂബയും ഇറാനും പോലുള്ള രാജ്യങ്ങളുമായി സഖ്യം ചേര്‍ന്നു. 2002-ലെ അട്ടിമറി ശ്രമത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഷാവേസ് ആരോപിച്ചതോടെ ബന്ധം കൂടുതല്‍ വഷളായി.
അമേരിക്കയില്‍, പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഹോക്കിഷ് വിഭാഗത്തില്‍, വെനിസ്വേലയുടെ സോഷ്യലിസ്റ്റ് ആശയധാരയും ക്യൂബയുമായുള്ള സഖ്യവും ശത്രുത സൃഷ്ടിച്ചു.
ഷാവേസ് അധികാരം ഏകോപിപ്പിക്കുകയും രാഷ്ട്രീയ എതിരാളികളെ ശിക്ഷിക്കുകയും രാജ്യത്തിന്റെ സ്വകാര്യ മേഖലയുടെ ഭൂരിഭാഗം ദേശസാല്‍ക്കരിക്കുകയും ചെയ്തപ്പോള്‍ അമേരിക്ക മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വെനിസ്വേലയെ അപലപിച്ചു. ഇടയ്ക്ക് ചില അനുരഞ്ജനങ്ങളുണ്ടായെങ്കിലും 2013ല്‍ മഡൂറോ അധികാരമേറ്റതിനുശേഷം വീണ്ടും വഷളായി. മഡൂറോയുടെ നേതൃത്വത്തിലുള്ളത് അനധികൃത സര്‍ക്കാരാണെന്നു ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 2019-ല്‍ പാര്‍ലമെന്റ് സ്പീക്കര്‍ ജുവാന്‍ ഗൈ്വഡോയെ വെനിസ്വേലയുടെ പ്രസിഡന്റായും അമേരിക്ക പ്രഖ്യാപിച്ചു.
2024 ജൂലൈയില്‍ മദുറോ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ബൈഡന്‍ ഭരണകൂടം പ്രതിപക്ഷ സ്ഥാനാര്‍ഥി എഡ്മുണ്ടോ ഗോണ്‍സാലസിനെ വിജയിയായി അംഗീകരിച്ചു. പ്രതിപക്ഷം പുറത്തുവിട്ടതും സ്വതന്ത്ര വിദഗ്ധര്‍ പരിശോധിച്ചതുമായ വിശദമായ വോട്ടിംഗ് ഡാറ്റ ഗോണ്‍സാലസ് തന്നെയാണെന്നാണു പറയുന്നത്. എന്നാല്‍ മഡൂറോ ക്രൂരമായ അടിച്ചമര്‍ത്തല്‍ ആരംഭിച്ച് അധികാരത്തില്‍ തുടര്‍ന്നു. 2024ല്‍ മൂന്നു പതിറ്റാണ്ടിനുശേഷം ട്രംപ് കോറലറി പ്രഖ്യാപിച്ചു. പാശ്ചാത്യ അര്‍ധഗോളത്തില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ഉറപ്പാക്കുന്നതായിരുന്നു ഇത്. ഇവിടങ്ങളില്‍ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും നിയന്ത്രിക്കാന്‍ ഏകപക്ഷീയമായി തീരുമാനിച്ചു. പുതിയ ട്രംപ് സിദ്ധാന്തത്തിന്റെ ഭാഗമായി, മേഖലയിലെ ഊര്‍ജ്ജവും ധാതു വിഭവങ്ങളും ലഭിക്കാന്‍ അമേരിക്കന്‍ സൈന്യത്തെ ഉപയോഗിക്കാമെന്നായി.
മഡൂറോയെ എന്തിനു പിടികൂടി?
2013 മുതല്‍ മഡൂറോ വെനസ്വേലയുടെ പ്രസിഡന്റാണ്. നേരത്തെ ബസ് ഡ്രൈവറായിരുന്ന മഡൂറോ, ഹ്യൂഗോ ഷാവെസിനു കീഴിലാണു പ്രശസ്തി നേടിയത്. അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു. ഷാവെസിന്റെ മരണത്തിനുശേഷം പ്രസിഡന്റുമായി. മഡൂറോയുടെ ഭരണത്തെ ഏകാധിപത്യമായിട്ടാണു കണക്കാക്കുന്നത്. 2019ലെ ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ അനുസരിച്ച് 20,000 വെനസ്വേലക്കാര്‍ നിയമവിരുദ്ധ വധശിക്ഷകളില്‍ കൊല്ലപ്പെട്ടു. കോടതികളും നിയമവാഴ്ചയും ക്ഷയിച്ചു. അമേരിക്കയുമായുള്ള ബന്ധവും വഷളായി. അമേരിക്കയിലേക്ക് ക്രിമിനലുകളെ അയയ്ക്കുന്നെന്നും മഡൂറോയെ പുറത്താക്കണമെന്നും കഴിഞ്ഞ മാസങ്ങളില്‍ ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഡെല്‍റ്റാ വിഭാഗം കടന്നു കയറി വെനസ്വേലന്‍ പ്രതിരോധ വിഭാഗത്തെപ്പോലും അമ്പരപ്പിച്ച് മഡൂറോടെ അറസ്റ്റ് ചെയ്തത്.
ഇനി എന്ത്?
ഭാവി അനിശ്ചിതമാണെങ്കിലും വെനസ്വേലന്‍ പ്രതിരോധ മന്ത്രി പോരാട്ടം തുടരുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. അമേരിക്കയോടുള്ള പ്രതിരോധത്തെ സ്വാതന്ത്ര്യ സമരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മഡൂറോ പിടിയിലായെങ്കിലും വെനസ്വേലയുടെ സ്ഥാപനങ്ങളും സൈന്യവും അവശേഷിക്കുന്നു. ശനിയാഴ്ചത്തെ ആക്രമണം വിശാലമായ നടപടിയുടെ തുടക്കമാണോ അതോ ഒറ്റപ്പെട്ട ആക്രമണമാണോ എന്നു വ്യക്തമാല്ല.
നൊബേല്‍ സമാധാന ജേതാവ് മരിയ കൊറീന മച്ചാഡോ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നടപടിയെ സ്വാഗതം ചെയ്തു. വെനസ്വേലയുടെ കാര്യം ഇനി അമേരിക്ക തീരുമാനിക്കുമെന്നും മച്ചാഡോ അധികാരമേല്‍ക്കുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വെനിസ്വേലന്‍ വൈസ് പ്രസിഡന്റാണ് ചുമതലയുള്ളത്. ദീര്‍ഘകാല അരാജകത്വമാണ് ഇനി രാജ്യം കാത്തിരിക്കുന്നതെന്നു ലാറ്റിനമേരിക്കന്‍ വിദഗ്ധന്‍ ഡഗ്ലസ് ഫറാ പറഞ്ഞു. ഓപ്പറേഷനു മുമ്പ് അമേരിക്ക കാര്യമായ ഗൃഹപാഠവും നടത്തിയിട്ടുണ്ട്. ഭരണാധികാരിയെ പിടികൂടിയാല്‍ വെനസ്വേലയ്ക്ക് എന്തു സംഭവിക്കുമെന്ന് മനസിലാക്കാനായിരുന്നു ഇത്. വെനസ്വേലയില്‍ അരാജകത്വം പടരുമെന്നും വിമത ഗ്രൂപ്പുകള്‍ പോരടിക്കാനും അധികാരം പിടിക്കാനും നീക്കമുണ്ടാകുമെന്നും അമേരിക്ക പ്രവചിച്ചിരുന്നു.






