മക്കള്‍ രാഷ്ട്രീയം സിപിഎമ്മിലേക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസിനെ ഓര്‍മിപ്പിച്ച് ജനപിന്തുണ നേടാന്‍ നീക്കം; ജീവിച്ചിരുന്നപ്പോള്‍ ഉടക്കിലായിരുന്നെങ്കിലും വി.എസിനെ സിപിഎം ഇപ്പോള്‍ പരിഗണിക്കുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; ആലപ്പുഴയിലോ മലമ്പുഴയിലോ നിര്‍ത്താന്‍ സാധ്യത; വി.എസ് ഇപ്പോഴും ജനമനസിലുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തല്‍

തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയം പുതുമയല്ലാത്ത കേരളത്തില്‍ സിപിഎമ്മിലും മക്കള്‍ രാഷ്ട്രീയം സജീവമാകുന്നു. അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താന്‍ സിപിഎം കൂലങ്കുഷമായി ആലോചിക്കുന്നത്.
വി.എസ്.അച്യുതാനന്ദന് ഇപ്പോഴും കേരളത്തിന്റെ ജനമനസുകളില്‍ പ്രമുഖമായ സ്ഥാനമുണ്ടെന്നും അത് ഉപയോഗപ്പെടുത്തി അരുണ്‍കുമാറിനെ വിജയിപ്പിച്ചെടുക്കാമെന്നുമാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
വി.എസിന്റെ സ്വന്തം സ്ഥലമായ ആലപ്പുഴയിലെ കായംകുളത്തോ വി.എസ്.മത്സരിച്ചിരുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴയിലോ വി.എ.അരുണ്‍കുമാറിനെ നിര്‍ത്താനാണ് നീക്കം നടക്കുന്നത്. വി.എസ് ജീവിച്ചിരിപ്പില്ലെങ്കിലും വി.എസ്.ഫാക്്ടര്‍ കേരളത്തില്‍ ക്ലിക്കാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം. വി.എസിന്റെ കുടുംബത്തിലെ ഒരംഗത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കിയാല്‍ ഗുണം കിട്ടുമെന്നാണ് എല്‍ഡിഎഫിലും അഭിപ്രായം വന്നത്.

ജീവിച്ചിരുന്ന കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ചേരികളും വേര്‍തിരിവുകളുമുണ്ടാക്കിയെന്നാരോപിച്ച് സിപിഎം ഏറ്റവുമധികം ആക്രമിച്ചിരുന്ന നേതാക്കളില്‍ പ്രമുഖനായിരുന്നു വി.എസ്.
വി.എസ്. – പിണറായി ഗ്രൂപ്പ് പലപ്പോഴും പരസ്യമായി വിഴുപ്പലക്കി തെരുവിലിറങ്ങിയിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുമായി എത്രയോ തവണ വിഎസും പിണറായിയും ഏറ്റുമുട്ടിയിട്ടുണ്ട്. കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ടത് വി.എസായിരുന്നു.
പലപ്പോഴും ഗ്രൂപ്പുപോരിന്റെ പേരില്‍ ക്രൂശിക്കപ്പെടേണ്ടി വന്നിട്ടുണ്ട് അച്യുതാനന്ദന്. സിപിഎമ്മിനുള്ളിലെ പൊട്ടലും ചീറ്റലും പുറംലോകമറിഞ്ഞത് വി.എസിലൂടെയായിരുന്നു.
എന്നാല്‍ പാര്‍ട്ടിയെ പോലും ഞെട്ടിച്ച ജനകീയപിന്തുണയാണ് വി.എസിനുണ്ടായിരുന്നത്. പാര്‍ട്ടിക്ക് വഴി തെറ്റുന്നുവെന്നും തിരുത്തലുകള്‍ വേണമെന്നും സധൈര്യം ചെങ്കൊടിക്ക് കീഴെ നിന്ന് വിളിച്ചുപറഞ്ഞ വി.എസിനെ പിന്തുണയ്ക്കാന്‍ ഏറെ പേരുണ്ടായിരുന്നതിന്റെ തെളിവാണ് പാര്‍ട്ടി ആദ്യം നല്‍കാതിരുന്ന സ്്ഥാനാര്‍ത്ഥിത്വം ജനം ഇളകിമറിഞ്ഞപ്പോള്‍ ഭയന്ന് പാര്‍ട്ടി തന്നെ തിരിച്ചു നല്‍കിയത്.
എന്നും വി.എസ്.അച്യുതാനന്ദന്‍ സിപിഎമ്മിലെ വേറിട്ട ശബ്ദമായിരുന്നു. മൂന്നാര്‍ കുടിയൊഴിപ്പിക്കലടക്കമുള്ള പല കാര്യങ്ങളും വി.എസിന്റെ ജനപ്രതീ കൂട്ടി. വിവാദങ്ങളുടെ തോഴനായിരുന്നു എന്നും വി.എസ്.
പോളിംഗ് പുരോഗമിക്കുന്നതിനിടെ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ രമയെ വീട്ടില്‍ ചെന്നുകണ്ട് ആശ്വസിപ്പിച്ച വി.എസ്. അന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഇരട്ടച്ചങ്കോടെ തന്നെയാണ് വി.എസ്. നേരിട്ടത്.
അന്നെല്ലാം വി.എസ്. സിപിഎമ്മിലെ പ്രബലരായ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായിരുന്നെങ്കിലും അന്നും ഇന്നും വി.എസിന് കേരളത്തിലെ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നതും ഉള്ളതുമായ ജനപിന്തുണ പാര്‍ട്ടിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ അത്ഭുതം തന്നെയാണ് വി.എസിന്റെ മകന്‍ അരുണ്‍കുമാറിന് വഴി തുറക്കുന്നത്. വി.എസിന്റെ മകനെ കേരളം തോല്‍പ്പിക്കില്ലെന്ന ഉറപ്പാണ് സിപിഎമ്മിനുള്ളത്.
വി.എസ് അച്യുതാനന്ദന് പാര്‍ട്ടിക്കുപരി ഉണ്ടായിരുന്ന ജനപിന്തുണ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയാണ് ലക്ഷ്യം. നിഷ്പക്ഷ വോട്ടുകള്‍ വരെ അരുണിന് കിട്ടാനുള്ള പാതയാണ് സിപിഎം വെട്ടുന്നത്.

കായംകുളത്താണ് അരുണ്‍ കുമാറിന് പ്രാഥമിക പരിഗണന. യു പ്രതിഭ അവിടെ രണ്ട് തവണ എംഎല്‍എ ആയതിനാല്‍ ഇളവ് നല്‍കിയാലേ ഇനി മത്സരിക്കാനാകൂ. 2001 മുതല്‍ 2016 വരെ മലമ്പുഴയില്‍ നിന്നാണ് വി.എസ് നിയമസഭയിലെത്തിയത്.
അരുണ്‍കുമാറുമായി പാര്‍ട്ടി ഇതെക്കുറിച്ച് ചില സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്തിമതീരുമാനമോ ചര്‍ച്ചയോ ആയിട്ടില്ല.
ചര്‍ച്ചയെക്കുറിച്ച് ഒന്നും അറിയില്ലെന്നും പാര്‍ട്ടിയല്ലേ അതൊക്കെ തീരുമാനിക്കേണ്ടതെന്നുമാണ് വി.എ.അരുണ്‍ കുമാര്‍ ചോദിക്കുന്നത്.
സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുളള ചര്‍ച്ച ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും നേതൃതലത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
നിലവില്‍ ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറാണ് അരുണ്‍ കുമാര്‍. ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയുമുണ്ട്. ഉയര്‍ന്ന പദവിയായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അരുണിന് പദവി രാജിവയ്ക്കേണ്ടിവരും. പാര്‍ട്ടി അംഗമല്ലെങ്കിലും അരുണ്‍ കുമാറിനെ മത്സരിപ്പിക്കുന്നതില്‍ തടസമില്ല. അരുണ്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിയിലാര്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്നാണ് സൂചന.

വി.എസ് പക്ഷത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് എതിര്‍ത്തിരുന്നവര്‍ അരുണിന്റെ രാഷ്ട്രീയ വരവിനെ എത്രമാത്രം സ്വാഗതമോതുമെന്ന് സംശയിക്കുന്നവരുണ്ടെങ്കിലും അരുണിന്റെ രാഷ്ട്രീയവും കാഴ്ചപ്പാടും വി.എസിന്റെ പോലെയല്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളില്‍ അഡ്ജസറ്റ് ചെയ്തു പോകാന്‍ അരുണിനും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.






