ഇതിന് മുൻപുള്ള മണിപ്പൂരിലെ ക്രിസ്മസ് രാത്രികൾ കൂട്ടായ്മകളുടേതായിരുന്നു. ഗ്രാമങ്ങളിൽ അവർ സമാധാനപരമായി പ്രാർഥിക്കും, പല വിഭാഗങ്ങളിലുള്ളവർ ഒന്നിച്ചു ചേർന്ന് ഭക്ഷണം കഴിക്കും, ഒരുമിച്ച് ആഘോഷിക്കും.
ഓരോ ഗ്രാമത്തിലും ഒന്നിലധികമുള്ള പള്ളികളിൽ നിന്ന് കരോളുകൾ പുറപ്പെടും. വിപണിയുണരുന്ന ആ ക്രിസ്മസ് കാലത്ത് വരുമാനവും കൂടും. പക്ഷെ ഒമ്പത് മാസം കൊണ്ട് മണിപ്പൂർ മാറി. അവിടുത്തെ ആഘോഷങ്ങളും.
കുകി വിഭാഗത്തിന്റെ കണക്കനുസരിച്ച് രണ്ടായിരത്തിലധികം ഗ്രാമങ്ങൾ അക്രമികൾ പൂർണമായും ഇല്ലാതാക്കി. എണ്ണായിരം വീടുകൾ നശിപ്പിക്കപ്പെട്ടു. ചുരാചന്ദ്പൂരിലടക്കം 18000 ലധികം ആളുകൾ ക്യാമ്പിലാണ് കഴിയുന്നത്. സംഘർഷങ്ങൾക്ക് മുമ്പും മലമുകളിലുള്ളവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതായിരുന്നില്ല. സമ്പാദ്യമെന്നത് ആർക്കും തന്നെയില്ലായിരുന്നു. സംഘർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ അതിദാരിദ്രത്തിലാണ് ഗ്രാമങ്ങൾ.
ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ടാർപോളിൻ വിരിച്ചാണ് തണുപ്പിലും ആളുകൾ കിടക്കുന്നത്. ചുരാചാന്ദ്പൂരിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ താഴെവച്ച് തന്നെ തടയുകയാണ്. ആശുപത്രി സൗകര്യങ്ങളോ, യാത്രാ സൗകര്യങ്ങളോ ലഭിക്കുന്നില്ല.ജീവിക്കാൻ കഷ്ടപ്പെടുന്നവർക്ക് ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ നേരമെവിടെയാണ്.
വളരെ ചെറിയ ആഘോഷങ്ങൾ മാത്രമേ ഈ ക്രിസ്മസിനുള്ളു. സാമ്പത്തികമായി എല്ലാവരും തകർന്നിരിക്കുന്ന സാഹചര്യത്തിൽ എങ്ങിനെ ക്രിസ്മസ് ആഘോഷിക്കാനാണ്. കലാപങ്ങളിൽ പെടാത്ത നാഗാ വിഭാഗക്കാരാണ് കുറച്ചെങ്കിലും ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാനാവാത്ത ആയിരക്കണക്കിനാളുകൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുകയാണ്. തുടക്കത്തിലെ സഹതാപ തരംഗത്തിൽ അവർക്ക് വലിയ സഹായങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ പതുക്കെ എല്ലാം കുറഞ്ഞു. സർക്കാർ കൊടുക്കുന്ന അരിയും പരിപ്പുമൊന്നും മതിയാകുന്നില്ല. പ്രായമാവർക്കും രോഗികൾക്കും മാത്രമാണ് കിടക്കകൾ നൽകിയിട്ടുള്ളത്.
വീട് വിട്ട് പോരേണ്ടി വന്നവരിൽ അഞ്ച് ശതമാനത്തിന് പോലും തിരികെ പോവാനായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള സ്ഥലങ്ങളിൽ ജീവനോപാധി കണ്ടെത്താനുള്ള ശ്രമത്തിലാണ് ആളുകൾ. അപ്പോഴും സമാധാനപരമായ ജീവിതമെന്നത് അവരുടെ പ്രതീക്ഷകളിൽ ദൂരെയാണ്. അക്രമങ്ങൾ പൂർണമായി അടങ്ങിയിട്ടില്ല. ഇടക്കിടെ ക്ഷുഭിതരായ ആൾക്കൂട്ടം തെരുവിൽ ഇറങ്ങും. കടകൾ അടപ്പിക്കും.
ആളുകൾ ഇവിടെ ഇപ്പോഴും കൊല്ലപ്പെടുന്നുണ്ട്. ക്രൂരമായ പീഡനങ്ങൾ നടക്കുന്നുണ്ട്. ദരിദ്രർ കൂടുതൽ ദാരിദ്ര്യത്തിലേക്ക് പോയി. സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങളും കാണുന്നില്ല. സമാധാനം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ പോലും ഉറച്ച് പറയാൻ ഇവിടുത്തെ മനുഷ്യർക്ക് സാധിക്കുന്നില്ല. രാജ്യം ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ മണിപ്പൂരിനെ മറന്നുകൂടാ…..