തിരുവനന്തപുരം: വനംവകുപ്പില്‍ യൂണിഫോം പരിഷ്കരണത്തിന് നീക്കം.വിവിധ തസ്തികളിലെ യൂണിഫോം പരിഷ്കരിക്കും. യൂണിഫോമില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്താനും ജീവനക്കാരുടെ മനോവീര്യം ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് വിശദീകരണം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വനംവകുപ്പില്‍ യൂണിഫോം പരിഷ്കരണത്തിന് നീക്കം നടക്കുന്നത്. പുതിയ മാറ്റങ്ങളുടെ കരട് തയ്യാറായി കഴിഞ്ഞിരിക്കുന്നു.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളിലുള്ളവരുടെ യൂണിഫോമിലാണ് മാറ്റങ്ങള്‍ ഉണ്ടാവുക. തസ്തിക തിരിച്ചറിയുന്ന നിലയില്‍ ഷോള്‍ഡര്‍ ബാഡ്ജില് മാറ്റങ്ങള്‍ വരും. തസ്തികയ്ക്ക് അനുസരിച്ച് വിവിധ നിറങ്ങളിലുള്ള ബോര്‍ഡറും വനംവകുപ്പിന്റെ എംബ്ലവും ഷോള്‍ഡര്‍ ബാഡ്ജില് ഉള്‍പ്പെടുത്തും. പുതിയ ആം ബാഡ്ജും നിലവില്‍ വരും.
ഗ്രേഡ് പ്രമോഷന് ലഭിച്ചവരെയും വിവിധ തസ്തികകളിലുള്ളവരെയും തിരിച്ചറിയുന്ന രീതിയില്‍ പരിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട ചര്‍ച്ചയില്‍ സംഘടനകള്‍ എല്ലാം അനുകൂല നിലപാടാണ് സ്വീകരിച്ചത്. പരിഷ്കരണത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ ഡ്രൈവര്‍മാരുടെ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.