NEWSWorld

പന്നുവിനെ വധിക്കാന്‍ ഒരു ലക്ഷം ഡോളര്‍ ക്വട്ടേഷന്‍; ഇന്ത്യക്കാരനെതിരെ യുഎസ് കോടതിയില്‍ കുറ്റപത്രം

വാഷിങ്ടണ്‍: ഖലിസ്ഥാന്‍ നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചുവെന്ന ആരോപണത്തിനു തെളിവായി യുഎസ് കോടതിയിലെ കുറ്റപത്രം പുറത്തുവന്നു. മന്‍ഹാറ്റനിലെ കോടതിയില്‍ നിഖില്‍ ഗുപ്ത എന്ന ഇന്ത്യക്കാരനെതിരെയുള്ള കുറ്റപത്രത്തിലാണു ഗുരുതരമായ ആരോപണങ്ങളുള്ളത്.

യുഎസ് അറിയിച്ച ചില വിവരങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതി നേരത്തേ രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണു കുറ്റപത്രം പുറത്തുവന്നത്. കുറ്റപത്രത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. നിഖില്‍ ഗുപ്ത വഴി ഇന്ത്യയിലെ ഉന്നത ഓഫിസര്‍ നല്‍കിയ ക്വട്ടേഷന്‍ വാടകക്കൊലയാളിയെന്ന വ്യാജേന ഏറ്റെടുത്തത് യുഎസിന്റെ രഹസ്യാന്വേഷണ ഏജന്റുമാരായിരുന്നു.

ഒരു ലക്ഷം യുഎസ് ഡോളറിനു ക്വട്ടേഷന്‍ ഉറപ്പിച്ചു. ഇതില്‍ 15,000 ഡോളര്‍ മുന്‍കൂറായി കൈമാറുകയും ചെയ്തു. പണം കൈമാറുന്നതിന്റെ ചിത്രമടക്കം കുറ്റപത്രത്തിലുണ്ട്. കാനഡയിലെ ഇന്ത്യാവിരുദ്ധന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ ജൂണ്‍ 18നു കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ‘ഓഫിസര്‍’ പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതു പോലെ പന്നുവും ലക്ഷ്യമാണെന്നും ഇതു നടത്തിയാല്‍ കൂടുതല്‍ ‘ജോലി’ തരാമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം, യുഎസ് കുറ്റപത്രം പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ ഇതാണു കാനഡ പറഞ്ഞു കൊണ്ടിരുന്നത് എന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. യുഎസിലെ കുറ്റപത്രം കാനഡ പറഞ്ഞത് അടിവരയിട്ടുറപ്പിക്കുന്നുവെന്നും ഇന്ത്യ ഇത് ഗൗരവമായി എടുക്കണമെന്നും പറഞ്ഞു.

Back to top button
error: