
കൊല്ലം: ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ചക്കുവള്ളി ഒസ്താമുക്കില്‍ ചായക്കട നടത്തിവന്നിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ട് സുധീറിനെ (44) കുത്തിക്കൊന്ന കേസില്‍ പ്രതിയായ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വര്‍ഗീസിനെ(44)യാണ് ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്.
ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് വിധിച്ചു. 2017 ഡിസംബര്‍ 21-നായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങ് ജോലി ചെയ്യാനായി ഒസ്താമുക്കിനു സമീപമുള്ള അയന്തിവയലില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. സുധീറിന്റെ ചായക്കടയിലെ പറ്റുകാരനായിരുന്നു.

ചായ കുടിച്ച വകയില്‍ 200 രൂപ പ്രതി കൊടുക്കാനുണ്ടായിരുന്നു. വൈകിട്ട് കടയുടെ മുന്നില്‍വെച്ച് സുധീര്‍ പ്രതിയോട് കാശ് ചോദിച്ചെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ പോയി. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ച്ചെന്ന് പണം ചോദിച്ചപ്പോള്‍ ടാപ്പിങ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി രാജന്‍ സംഭവം കണ്ടിരുന്നെങ്കിലും അയാള്‍ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. ‘വര്‍ഗീസ് എന്നെ കുത്തി’ എന്നു നിലവിളിച്ചുകൊണ്ട് ഓടിയതു കണ്ട അയല്‍വാസിയായ സ്ത്രീയുടെ മൊഴി നിര്‍ണായക തെളിവായി.
സംഭവമറിഞ്ഞ് ഓടിയെത്തിയ സുധീറിന്റെ സഹോദരിയോടും അടുത്ത കടയിലെ ആളോടും ആംബുലന്‍സില്‍ കൂടെ പോയയാളോടും ‘വര്‍ഗീസ് എന്നെ കുത്തി’യെന്നു പറഞ്ഞതും നിര്‍ണായകമായ മരണമൊഴിയാണെന്നു കണ്ടെത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
ശൂരനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.സതീഷ്‌കുമാര്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.പ്രശാന്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്ക്കല്‍ ഹാജരായി. എ.എസ്.ഐ. ദീപ്തി പ്രോസിക്യൂഷന്‍ സഹായിയായി.