
എറണാകുളം: വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് ടുവീലര്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. തൊടുപുഴ കോളപ്ര ചക്കുളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടില്‍ അനന്ദുകൃഷ്ണനെയാണ് (26) അറസ്റ്റുചെയ്തത്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരില്‍ ബ്ലോക്കിനുകീഴില്‍ സൊസൈറ്റിയുണ്ടാക്കിയായിരുന്നു 9 കോടിയോളം രൂപയുടെ ആദ്യതട്ടിപ്പ്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികള്‍ ഉണ്ടാക്കി പണപ്പിരിവ് നടത്തിയിട്ടുണ്ട്.
2022 മുതല്‍ സ്‌കൂട്ടര്‍, ഗൃഹോപകരണങ്ങള്‍, ലാപ്ടോപ്, തയ്യല്‍മെഷീന്‍ തുടങ്ങിയവ 50ശതമാനം ഇളവില്‍ നല്‍കുമെന്ന് പറഞ്ഞ് സന്നദ്ധസംഘടനകളെയും മറ്റ് സൊസൈറ്റികളെയും സ്വാധീനിച്ചായിരുന്നു തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സല്‍ട്ടന്‍സികള്‍ ഉണ്ടാക്കിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്.

ആദ്യഘട്ടത്തില്‍ ബുക്കുചെയ്തവര്‍ക്ക് വാഹനം നല്‍കാനും പിന്നീട് ആര്‍ഭാടജീവിതത്തിനും സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്. പ്രതി അടിമാലി സ്റ്റേഷനിലെ തട്ടിപ്പ്കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്. എറണാകുളം കച്ചേരിപ്പടിയില്‍ മറ്റൊരു തട്ടിപ്പിനായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മൂവാറ്റുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.സി. ജയകുമാര്‍, ബിനോ ഭാര്‍ഗവന്‍, സീനിയര്‍ സി.പി.ഒമാരായ സി.കെ. മീരാന്‍ സി.കെ. ബിബില്‍ മോഹന്‍, കെ.എ. അനസ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.