KeralaNEWS

നവീന്‍ ബാബുവിന്റെ മരണം; യാത്രയയപ്പ് ചടങ്ങിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ദിവ്യ

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പിപി ദിവ്യയാണെന്ന് കണ്ടെത്തല്‍. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. വീഡിയോ പല മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയതും പിപി ദിവ്യയാണ്. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.

കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിനുള്ള എന്‍ഒസി അനുവദിക്കുന്നതില്‍ നവീന്‍ ബാബു ബോധപൂര്‍വ്വം ഫയല്‍ വൈകിപ്പിച്ചെന്ന് ആരോപണത്തില്‍ ഒരു തെളിവും മൊഴികളും ലാനഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീന്‍ ബാബു കോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. കൈക്കൂലി ആരോപണം ഉന്നയിച്ച പിപി ദിവ്യ സംഭവത്തില്‍ ഇതുവരെ മൊഴി കൊടുത്തിട്ടില്ല.

Signature-ad

അതേസമയം, ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. ആത്മഹത്യ പ്രേരണകുറ്റത്തിന് ദിവ്യ ഒന്നാം പ്രതിയാണ്. അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിണാവിലെ വീട്ടില്‍ ദിവ്യയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്ന് തവണ അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.ദിവ്യ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭര്‍ത്താവ് അജിത്തും പറയുന്നത്.

കണ്ണൂരിലെ മലയോര കേന്ദ്രമായ പാലക്കയം റിസോര്‍ട്ടില്‍ ദിവ്യ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്വേഷണം നടത്തിയെന്നും തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. 15ന് രാവിലെയാണ് എ.ഡി.എമ്മിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണുന്നത്. അന്നും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും ദിവ്യ ഇരിണാവിലെ വീട്ടിലുണ്ടായിരുന്നു. 17ന് വൈകിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തത്. തുടര്‍ന്ന് ദിവ്യ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു.

 

Back to top button
error: