KeralaNEWS

രസവും അച്ചാറും ഔട്ട്! സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ നിന്ന് രസവും അച്ചാറും ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. ഇവ രണ്ടും കറികളായി കണക്കാക്കാനാകില്ലെന്നാണ് മേല്‍നോട്ട ചുമതലയുള്ള ഓഫിസര്‍മാര്‍ സ്‌കൂളുകള്‍ക്കു നല്‍കുന്ന വിശദീകരണം. എന്നാല്‍ പണമില്ലാതെ കടം പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ ഇത്തരത്തില്‍ ചെലവു കുറഞ്ഞ കറികളെ ആശ്രയിച്ചേ മതിയാകുവെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

ദിവസവും രണ്ടു കറികള്‍ വേണമെന്നും അതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും നിര്‍ബന്ധമാണെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഫണ്ട് ലഭ്യതയനുസരിച്ചു മത്സ്യ, മാംസ വിഭവങ്ങളും ഉള്‍പ്പെടുത്താമെന്ന് പറയുന്നുണ്ടെങ്കിലും തുച്ഛമായ സര്‍ക്കാര്‍ ഫണ്ട് തന്നെ സ്ഥിരമായി കുടിശികയായതിനാല്‍ നിലവിലുള്ള രീതിയില്‍ പദ്ധതി നടത്താന്‍ പോലും ബുദ്ധിമുട്ടുകയാണു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Signature-ad

എല്‍പി സ്‌കൂളില്‍ 6 രൂപയും യുപിയില്‍ 8.17 രൂപയുമാണ് ഒരു കുട്ടിക്കുള്ള പ്രതിദിന ഉച്ചഭക്ഷണ വിഹിതം. സ്‌കൂളിലെ ഏതു ഫണ്ടും ഉപയോഗിച്ച് പദ്ധതി മുടക്കം വരാതെ മുന്നോട്ടു കൊണ്ടുപോകാമെന്നാണു വകുപ്പിന്റെ നിര്‍ദേശം. തദ്ദേശസ്ഥാപന സഹകരണത്തോടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും എല്ലാ പ്രൈമറി സ്‌കൂളുകളിലും പ്രഭാത ഭക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ട അല്ലെങ്കില്‍ നേന്ത്രപ്പഴം നല്‍കുന്ന അധിക പോഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ രക്ഷിതാക്കളില്‍ നിന്നു പ്രത്യേക സമ്മതപത്രം വാങ്ങണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പരാതികളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമര്‍പ്പിക്കാന്‍ പ്രത്യേകം പെട്ടി സ്ഥാപിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: