തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നായ ചിക്കന്റെ വില കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഇന്നത്തെ വില പ്രകാരം ഒരു കിലോ വൃത്തിയാക്കിയ കോഴിയിറച്ചിക്ക് 256 രൂപ നല്‍കണം. ജീവനോടെ വാങ്ങിയാല്‍ 162 രൂപ നല്‍കിയാല്‍ മതി. ഇതോടെ പൊറുതി മുട്ടിയിരിക്കുന്നത് സംസ്ഥാനത്തെ ഹോട്ടലുടമകളാണ്. തിരുവനന്തപുരത്തെ കൂടാതെ മറ്റ് ജില്ലകളിലും കോഴിവില കുതിച്ചുയരുകയാണ്.
2023 നവംബര്‍ മാസത്തില്‍ 90 രൂപ അടുപ്പിച്ചുണ്ടായിരുന്ന കോഴിവിലയാണ് പെട്ടെന്ന് കുതിച്ചുകയറിയത്. ചൂട് കൂടുന്നതാണ് കോഴിവില വര്‍ദ്ധനയ്ക്ക് പ്രധാന കാരണമെന്ന് കടയുടമകള്‍ പറയുന്നു. വേനല്‍കാലത്ത് കോഴിയെ വളര്‍ത്തുന്നവര്‍ക്ക് ഒരുപാട് നഷ്ടമുണ്ടാകാറുണ്ട്. തണുപ്പ് കാലത്തും വേനല്‍ക്കാലത്തും കോഴിക്കുണ്ടാകുന്ന വളര്‍ച്ച വ്യത്യാസമാണെന്ന് ഇറച്ചിക്കട ഉടമ അനാമുദ്ദീന്‍ പറയുന്നു.
ചെറുകിട കര്‍ഷകര്‍ പരമാവധി ചൂട് സമയത്ത് കോഴി വളര്‍ത്തുന്നത് നിര്‍ത്തിവയ്ക്കും. ചൂടു കൂടുന്നതനുസരിച്ച് കോഴികള്‍ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാല്‍ കോഴികള്‍ക്ക് തൂക്കം കുറയുന്നു. കൂടാതെ ഈ സമയത്ത് വളര്‍ത്തിയാല്‍ ചൂട് കാരണം ഒരുപാട് കോഴികള്‍ ചത്തുപോകും. വലിയ നഷ്ടം നേരിടുന്നത് കണക്കിലെടുത്താണ് കൂടുതല്‍ കര്‍ഷകരും കോഴികളെ വളര്‍ത്താന്‍ മടിക്കുന്നത്. ഇതോടെ സ്റ്റോക്ക് കുറയുകയും ആവശ്യത്തിന് സാധനം ലഭിക്കാത്തത് വില വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ഇറച്ചിക്കടക്കാര്‍ പറയുന്നു.
കോഴി വില കൂടിയത് ഏറ്റവും കൂടുതല്‍ വലച്ചത് ഹോട്ടല്‍ ഉടമകളെയാണ്. കോഴിയുടെ വില മാറുന്നത് അനുസരിച്ച് വിഭവങ്ങളുടെ വില മാറ്റാന്‍ ഹോട്ടലുടമകള്‍ക്ക് സാധിക്കില്ല. ഇനി മാറ്റിയാല്‍ കച്ചവടത്തെ ബാധിക്കുമെന്നാണ് അവര്‍ കരുതുന്നത്. വിഭവങ്ങളില്‍ നല്‍കിയിരുന്ന കഷ്ണങ്ങളുടെ എണ്ണം കുറച്ചും വലിപ്പം കുറച്ചുമാണ് പല ഹോട്ടലുടമകളും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുന്നത്.
അതേസമയം, അടുത്ത ആഴ്ചകളില്‍ കോഴി ഇറച്ചി വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് മാര്‍ക്കറ്റില്‍ നിന്നുള്ള സൂചന. സംസ്ഥാനത്ത് ബ്രോയിലര്‍ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കോഴിവില കൂടാന്‍ മറ്റൊരു കാരണമാണ്. ഇതു മുതലെടുത്താണ് തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികള്‍ വില കുത്തനെ ഉയര്‍ത്തുന്നത്.
സംസ്ഥാനത്ത് പ്രതിദിനം 8 -10 ലക്ഷം കോഴികള്‍ വരെയാണ് വില്‍പ്പന നടത്തുന്നത്. മിക്കയിടത്തും പ്രാദേശികാടിസ്ഥാനത്തില്‍ ചെറുകിട കോഴിഫാമുകള്‍ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും മറ്റു പ്രതിസന്ധികളുമെല്ലാം കാരണം ഇത്തരം ഫാമുകള്‍ക്ക് പൂട്ടുവീഴുന്ന സ്ഥിതിയാണ്. 35 -40 രൂപയാണ് കോഴിക്കുഞ്ഞുകളുടെ നിലവിലെ വിലയെങ്കിലും 90-100 രൂപയാണ് സംസ്ഥാനത്ത് ഒരു കിലോ കോഴി ഉത്പാദനത്തിനുള്ള ചെലവു വരുന്നത്.