KeralaNEWS

പെരിയ കേസിലെ പ്രതിയുടെ മകൻ്റെ വിവാഹത്തിൽ  പങ്കെടുത്ത സംഭവം: കോൺഗ്രസിൽ വെടി നിർത്തൽ, അന്വേഷണത്തിന് കമ്മീഷനെ വെക്കുന്നു

  കാസർകോട്: പെരിയ കേസിലെ പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തെ തുടർന്നുണ്ടായ പരസ്യമായ വിഴുപ്പലക്കലിൽ കെപിസിസി നേതൃത്വം ഇടപെട്ടു. വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ  രണ്ട് ദിവസത്തിനുള്ളിൽ കമ്മീഷനെ വെക്കും. കെപിസിസി ജനറൽ സെക്രട്ടറിമാരായ വി എ നാരായണൻ, പി എ സലീം എന്നിവരായിക്കും കമ്മീഷൻ അംഗങ്ങൾ.

രാജിഭീഷണി മുഴക്കിയ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കമുള്ള നേതാക്കളോടും രാജ്മോഹൻ ഉണ്ണിത്താനോടും പരസ്യ വിമർശനം പാടില്ലെന്ന്  കെപിസിസി അറിയിച്ചു.

Signature-ad

വിഷയം ലോക്‌സഭ തിരഞ്ഞടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിക്കുള്ളിൽ വിശദമായി ചർച്ച ചെയ്യാനാണ് ധാരണ. തൽക്കാലം വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് ബാലകൃഷ്ണൻ പെരിയ. ബുധനാഴ്ച വാർത്താസമ്മേളനം വിളിച്ച് കൂടുതൽ കാര്യങ്ങൾ പറയുമെന്ന് പറഞ്ഞിരുന്ന ബാലകൃഷ്ണൻ  ഇതിൽ നിന്നും പിൻമാറി.

പെരിയ കൊലപാതക കേസിലെ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ കെ മണികണ്ഠനും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടു എന്നതടക്കമുള്ള ഫേസ്ബുക് പോസ്റ്റ് കെപിസിസിയുടെ ഇടപെടലിനെ തുടർന്ന് ബാലകൃഷ്ണൻ പിൻവലിച്ചു. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ അതിരൂക്ഷ വിമർശനമാണ് ബാലകൃഷ്ണൻ പെരിയ ഉന്നയിച്ചത്. ശരത്‌ലാൽ- കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപ പോലും ചിലവാക്കിയില്ലെന്നും  ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം ആരോപിച്ചു.

വിവാഹ സത്കാരത്തിൽ പങ്കെടുത്തത് എത്ര ഉന്നതനായാലും കോൺഗ്രസിൽ ഉണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞദിവസം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരുന്നു. ഇതേ തുടർന്നാണ് ബാലകൃഷ്ണൻ പെരിയയും പോസ്റ്റുമായി രംഗത്ത് വന്നത്:

“കാസര്‍ഗോഡിന്റെ രാഷ്ട്രീയ നിഷ്‌കളങ്കതയ്ക്കു മുകളില്‍ കാര്‍മേഘം പകര്‍ത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല

രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്‌ക്കരിക്കാന്‍ ഞാന്‍ നടത്തിയ സാഹസികത മുതല്‍ ഈ നിമിഷം വരെ ഞാന്‍ നടത്തിയ സാഹസീക പോരാട്ടം എന്റെ ഉള്ളിലുണ്ട്.

എന്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളില്‍ പ്രതിയാണ്. എന്റെ സഹോദരന്റെ വീട് ബോംബിട്ടു. എന്റെമോനെ സി.പി.എം വെട്ടിക്കെല്ലാന്‍ ശ്രമിച്ചു. 1984മുതല്‍ സി.പി.എം ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാര്‍ട്ടിക്കായ് നിലയുറപ്പിച്ചു .32വോട്ടുകള്‍ സ്വന്തം വീട്ടില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തി. ഈ പാര്‍ല്ലമെന്റ് മണ്ഡലം മുഴുവന്‍ തൊണ്ട പൊട്ടി പ്രസംഗിച്ചു. ഒടുവില്‍ ഈ വരുത്തന്‍ ജില്ലയിലെ സകല കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കന്‍ നേതൃത്വം നല്‍കിയവന്‍ പറയുന്നു, പുറത്തുപോകാന്‍. ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു.”

അത്യന്തം വികാരഭരിതമായിരുന്നു ബാലകൃഷ്ണന്‍ പെരിയയുടെ ഇന്നലത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Back to top button
error: