IndiaNEWS

മോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ശ്രീരാമന്റെ ആഗ്രഹം; യോഗി ആദിത്യനാഥ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ശ്രീരാമന്റെ ആഗ്രഹമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേന്ദ്രത്തില്‍ ഭരണത്തിലെത്തും. ഭഗവാന്‍ ശ്രീരാമന്‍ പോലും തന്റെ തീവ്ര ഭക്തന്‍ വിജയിക്കണമെന്ന് ആ?ഗ്രഹിക്കുന്നു- ആദിത്യനാഥ് അവകാശപ്പെട്ടു.

‘നാലാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍, മോദി തരംഗം സുനാമിയായി മാറിയിരിക്കുന്നു. മോദിയുടെ നേതൃത്വത്തില്‍ ജാതി, സമുദായ വ്യത്യാസമില്ലാതെ എല്ലാവരും വികസന പദ്ധതികളില്‍ നിന്ന് പ്രയോജനം നേടി. ജനങ്ങള്‍ മാത്രമല്ല, ശ്രീരാമനും തന്റെ ഭക്തന്‍ വീണ്ടും രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നു’- യോഗി ആദിത്യനാഥ് പറഞ്ഞു. ബാരാബങ്കി ബിജെപി സ്ഥാനാര്‍ഥി രാജ്‌റാണി റാവത്തിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.

Signature-ad

‘കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും അഴിമതികളുടെ ചരിത്രമുള്ളവരാണ്. അവര്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ അവരുടെ കാലത്ത് ആളുകള്‍ പട്ടിണി മൂലം മരിക്കുകയും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു’- ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തുണ്ടായ മാറ്റങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളാണ്. കഴിഞ്ഞ് നാല് വര്‍ഷം 80 കോടി പേര്‍ക്ക് സൗജന്യ റേഷന്‍ ലഭിച്ചു. 12 കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന് നിധിയുടെ ആനുകൂല്യം ലഭിച്ചെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. മെയ് 20നാണ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ്.

അതേസമയം, ബിജെപിക്കെതിരെ ആഞ്ഞടിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രം?ഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തോടെ പാര്‍ട്ടിക്കെതിരായ ജനരോഷം അതിന്റെ പാരമ്യത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ രോഷം വര്‍ധിക്കുകയാണ്. ജനങ്ങള്‍ നുണകള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Back to top button
error: