KeralaNEWS

എസ്ഡിപിഐയുമായി ഒരു സഹകരണവും ഇല്ലെന്ന് സതീശന്‍; ബാധിക്കില്ലെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എസ്ഡിപിഐയുമായി ഒരുതരത്തിലുള്ള സഹകരണവും ഇല്ലെന്നും സതീശന്‍ പറഞ്ഞു. തീവ്രനിലപാടുള്ള ഒരു പാര്‍ട്ടിയുമായും കോണ്‍ഗ്രസിനു ബന്ധമില്ല. ആര്‍എസ്എസുമായും ജമാഅത്ത് ഇസ്ലാമിയുമായും ചര്‍ച്ച നടത്തുന്നത് സിപിഎമ്മാണെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ തീരുമാനം പാലക്കാട്ട് എല്‍ഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് സ്ഥാനാര്‍ഥി എ.വിജയരാഘവന്‍ പറഞ്ഞു. പാലക്കാടിനെ സംബന്ധിച്ചിടത്തോളം അത് ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന പ്രധാന ഘടകമല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Signature-ad

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും യുഡിഎഫിന് പിന്തുണ നല്‍കുമെന്നുമാണ് എസ്ഡിപിഐ അറിയിച്ചത്. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അറിയിച്ചു.

ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യുഡിഎഫിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി പതിനെട്ട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. മറ്റിടങ്ങളില്‍ ബിജെപി വിരുദ്ധ ചേരിയെ സഹായിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Back to top button
error: